തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളേജുകളിൽ രണ്ടുവീതം പുതിയ കോഴ്സുകൾ അനുവദിച്ചു. നിർമിതബുദ്ധിയടക്കമുള്ള പുതുതലമുറ കോഴ്സുകൾ ഉൾപ്പെടെ 520 ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളാണ് തുടങ്ങുക. ഇതിനായുള്ള ഉത്തരവും പുറപ്പെടുവിച്ചു.

To advertise here,

സംസ്ഥാനത്തെ 69 സർക്കാർകോളേജുകളിലും 191 എയ്ഡഡ് കോളേജുകളിലും പുതിയ കോഴ്സുകൾ വരും. അധ്യാപകതസ്തികയിൽ ആദ്യ അഞ്ചുവർഷം സ്ഥിരനിയമനം ഉണ്ടാവില്ലെന്നാണ് വ്യവസ്ഥ. നിലവിൽ വിവിധ സർവകലാശാലകൾ പരിശോധന നടത്തി, സർക്കാരിന് ശുപാർശ സമർപ്പിച്ച 35 കോളേജുകളിലായി 60 പുതിയ കോഴ്സുകൾ അടുത്ത അധ്യനയവർഷം തന്നെ ആരംഭിക്കും. ബാക്കിയുള്ള കോളേജുകൾക്ക് സർവകലാശാലയുടെ അനുമതിയോടെ പുതിയ കോഴ്സുകൾ തുടങ്ങാം.

ഉന്നതവിദ്യാഭ്യാസം നാലുവർഷ ബിരുദത്തിലേക്കു മാറിയതിനാൽ, ഇപ്പോൾ അനുവദിച്ച പുതുതലമുറകോഴ്സുകൾവഴി വിദ്യാർഥികൾക്ക് കൂടുതൽ മേജർ-മൈനർ വിഷയങ്ങൾ തിരഞ്ഞെടുക്കാനാവും. എ.ഐ., മെഷീൻ ലേണിങ്, സൈക്കോളജി, കംപ്യൂട്ടർ സയൻസ്, ലോജിസ്റ്റിക്‌സ്, ഫിൻടെക്, ഡേറ്റാ സയൻസ് തുടങ്ങിയ കോഴ്സുകൾ കേരളത്തിൽ പഠിക്കാൻ അവസരമൊരുങ്ങുമെന്നതാണ് മറ്റൊരു പ്രത്യേകത.

തൊഴിലിനും നൈപുണിക്കും പ്രാധാന്യം നൽകി വിഭാവനം ചെയ്തതാണ് ഈ കോഴ്സുകൾ. ഇതോടൊപ്പം, നിലവിലെ പരമ്പരാഗത കോഴ്സുകളെ കൂടുതൽ ആകർഷകമാക്കാൻ മൾട്ടി ഡിസിപ്ലിനറി പ്രോഗ്രാമുകളായി മാറ്റാൻ സർവകലാശാലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.