തിരുവനന്തപുരം: എസ്.എം.എ. (സ്പൈനൽ മസ്‌കുലാർ അട്രോഫി) മരുന്ന് വിവാദത്തിൽ ആറ് ചോദ്യങ്ങളുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ വിഷയത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ കൃത്യമായ മറുപടി നൽകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ക്ലിനിക്കൽ പരിശോധനയ്ക്കുള്ള മരുന്നുകൾ എങ്ങനെ ആശുപത്രികളിൽ എത്തിയെന്നും, കുഴപ്പമില്ലെങ്കിൽ എന്തിനാണ് അവ പിൻവലിച്ചതെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.

To advertise here,

മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വാങ്ങി ആശുപത്രികളിൽ എത്തിച്ച മരുന്നുകളിൽ 'ഫോർ ക്ലിനിക്കൽ ട്രയൽസ് ഒൺലി' എന്ന ലേബൽ എങ്ങനെ വന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇതിന് കുഴപ്പമൊന്നുമില്ലെന്ന് മന്ത്രി വിശദീകരിക്കുമ്പോഴും എന്തുകൊണ്ടാണ് അത് പിൻവലിച്ചത്? കൂടാതെ, മരുന്നിന്റെ ബയോ ഇക്വലൻസ് പരിശോധന പൂർത്തിയായിട്ടില്ലെന്ന് സർക്കാരിന്റെ വിദഗ്ധ സമിതി അറിയിച്ചിട്ടുണ്ടോ? ഇതിന്റെ ക്ലിനിക്കൽ പരിശോധന പൂർത്തിയായിട്ടുണ്ടോ എന്നും മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഗുണപരിശോധന നടത്തിയിട്ടുണ്ടോ എന്നും അദ്ദേഹം വ്യക്തമാക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു

സർക്കാർ തീരുമാനിച്ചതിലും രണ്ടുമാസം വൈകി ടെൻഡർ വിളിക്കാനുണ്ടായ കാരണം വ്യക്തമാക്കണം. കുട്ടികളിൽ ഇത്തരം ഒരു മരുന്ന് പ്രയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങളുണ്ടായാൽ അതിന്റെ ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കുക എന്നും അദ്ദേഹം ചോദിച്ചു.