കോത്തിബാഗിലെ ചിനാര്‍ മരത്തണലില്‍ ഒരു കേരള-കശ്മീര്‍ സ്റ്റോറി പിറന്നു. പതക്കങ്ങള്‍കൊണ്ട് അലങ്കരിച്ച പരമ്പരാഗതവേഷമിട്ട കശ്മീരി വിദ്യാര്‍ഥികളും കേരളീയ വേഷപ്പകര്‍ച്ചയില്‍ കോഴിക്കോട് നടക്കാവ് സ്‌കൂളിലെ വിദ്യാര്‍ഥികളും ചേര്‍ന്ന് ഇരുദേശങ്ങളുടെയും സ്‌നേഹഗാഥയായി ആ കഥ പരസ്പരം കൈമാറി. ശ്രീനഗര്‍ കോത്തിബാഗ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എല്ലാ പരിമിതികളും പഴങ്കഥയായി.

To advertise here,

കേരളം മാതൃകയാക്കിയ, നടക്കാവ് മോഡലിലൂടെ അവര്‍ പുതിയസൗകര്യങ്ങളുടെ വിദ്യാലയത്തിലേക്ക് കടന്നു. കശ്മീരിലെ സ്വകാര്യ സ്‌കൂളുകളിലെ കുട്ടികള്‍ അനുഭവിക്കുന്നതെല്ലാം തങ്ങളുടെ സ്‌കൂളുകളിലെത്തിയതിന്റെ സന്തോഷം ഒന്‍പതാം ക്ലാസുകാരി മിസ്ബാഹ് മുസഫ്ഫറും പതിനൊന്നാം ക്ലാസുകാരി ബരീന്‍ റഷീദും പങ്കുവെച്ചു. കേരളത്തോടും ഇതിന് വഴിയൊരുക്കിയ ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷനോടും ഹൃദയംതൊട്ട് അവര്‍ നന്ദിപറഞ്ഞു.

ചുമരുകള്‍ പൊട്ടിപ്പൊളിഞ്ഞ പഴഞ്ചന്‍കെട്ടിടത്തില്‍ നല്ല ബെഞ്ചും ഡെസ്‌കും പോലുമില്ലാത്ത ഇടുങ്ങിയ ക്ലാസ് മുറികളായിരുന്നു അവരുടേത്. ആകെയുണ്ടായിരുന്നത്. നാലോ അഞ്ചോ ക്ലാസ്മുറികള്‍, ടോയ്‌ലറ്റ് സൗകര്യംപോലും ഉണ്ടായിരുന്നില്ല. മനോഹരമായി പണിത് ടൈല്‍ പാകി ഭംഗിയാക്കിയ, നല്ല ബെഞ്ചുകളും എയര്‍കണ്ടീഷനും റോബോട്ടിക്ക് സ്റ്റെംലാബുകളും വരെയുള്ള സ്‌കൂളില്‍ ഇനി അവര്‍ക്ക് പഠിക്കാം. ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷനാണ് നടക്കാവ് മാതൃകയില്‍ കോത്തിബാഗ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് 'ഡ്രീം സ്‌കൂള്‍' പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടവും സൗകര്യങ്ങളും സമ്മാനിച്ചത്.

അഞ്ചിനുപകരം 13 സ്മാര്‍ട്ട് ക്ലാസ് മുറികള്‍. പൊടിപിടിച്ച നിലത്തിരുന്നാണ് സ്‌കൂളില്‍ അവര്‍ ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരുന്നത്. പകരം പുതിയകെട്ടിടത്തില്‍ വിരുന്നു മുറികളിലേതുപോലെ കാര്‍പ്പെറ്റ് വിരിച്ച മനോഹരമായ ഡൈനിങ് ഹാളാണുള്ളത്. കിന്റര്‍ര്‍ഗാര്‍ട്ടന്‍ മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ഈ കെട്ടിടം. ടര്‍ഫ് പണിതുനല്‍കിയിട്ടുണ്ട്. ഇന്‍ഡോര്‍ സ്റ്റേഡിയംകൂടി നിര്‍മിക്കുന്നുണ്ട്. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി കെട്ടിടവും നവീകരിക്കും.

20 കോടി ചെലവഴിച്ചാണ് ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ ഇതെല്ലാം ചെയ്യുന്നത്. 2018-ലാണ് നടക്കാവ് സ്‌കൂളില്‍ പദ്ധതി തുടങ്ങിയത്. അത് അതേ മാതൃകയില്‍ത്തന്നെയാണ് ഇവിടെയും നടപ്പാക്കുന്നതെന്ന് കെഇഎഫ് ഹോള്‍ഡിങ്‌സ് ചെയര്‍മാനും ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ സ്ഥാപകനുമായ ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു. ജമ്മുവിലും ഇതേരീതിയില്‍ സ്‌കൂള്‍ ഏറ്റെടുക്കാന്‍ ജമ്മു-കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണറോട് താത്പര്യമറിയിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ വളരെ അകലെയായിരുന്നു. ഇതൊരു അനുഗ്രഹമായിമാറിയെന്നാണ് പദ്ധതിയുടെ സ്‌കൂള്‍ കോഡിനേറ്ററും അധ്യാപകനുമായ സഹൂര്‍ അഹമ്മദ് പറയുന്നത്. നല്ല അധ്യാപകരുണ്ട്. പക്ഷേ, കുട്ടികള്‍ക്ക് നല്ല ബെഞ്ചും ഡെസക്കും പോലുമില്ലാത്തതാണ് കശ്മീരിലെ സ്‌കൂളുകളുടെ അവസ്ഥ. അതുകൊണ്ട് വിദ്യാര്‍ഥികള്‍ പലരും സ്വകാര്യ സ്‌കൂളുകളെയാണ് ആശ്രയിക്കുന്നത്. പതിനൊന്നും പന്ത്രണ്ടും ക്ലാസുകള്‍ക്ക് മാത്രമേ അവര്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വരുന്നുള്ളൂ. കോത്തിബാഗ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ശ്രീനഗറിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ സ്‌കൂളാണ്. 1700 കുട്ടികള്‍ പഠിക്കുന്നുണ്ട്. എട്ടാംക്ലാസ് വരെ 200 വിദ്യാര്‍ഥികളേയുള്ളൂ. ഗ്രാമിണമേഖലയില്‍ നല്ല സ്‌കൂളില്ലാത്തതിനാല്‍ പലരും ശ്രീനഗറില്‍ വന്നുതാമസിച്ച് പഠിക്കുകയാണ്.

കോത്തിബാഗ് മിഡില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫൈസല്‍ കൊട്ടിക്കോളനും ഷബാന ഫൈസലും ചേര്‍ന്ന് നിര്‍വഹിച്ചു. സ്‌കൂളില്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളുടെ ഉദ്ഘാടനം ജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും നിര്‍വഹിച്ചു. വിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍.എന്‍. ശര്‍മ, വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഡോ. അമന്‍ പുരി, മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് സുധീര്‍, ഷറഫ് ഗ്രൂപ്പിന്റെയും യുഐബിസി-യുസിയുടെയും വൈസ് ചെയര്‍മാനായ മുന്‍ മേജര്‍ ജനറല്‍ ഷറഫുദ്ദീന്‍ ഷറഫ്, കശ്മീര്‍ സ്‌കൂള്‍ എജുക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ജി.എന്‍. ഇട്ടൂ, യുഎഇ ഇന്ത്യ ബിസിനസ് കൗണ്‍സില്‍-യുഎഇ ചാപ്റ്ററിന്റെ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.