തിരുവനന്തപുരം: രണ്ടുവർഷത്തിനുള്ളിൽ കെ-ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ പുറത്താക്കണമെന്ന സുപ്രീംകോടതി ഉത്തരവിലെ പുനഃപരിശോധനാ ഹർജിയിൽ സംസ്ഥാന സർക്കാരിന് അലംഭാവം. ചൊവാഴ്ച കേസ് പരിഗണിക്കാനിരിക്കേ, സർക്കാർ ഹർജിയിലെ സാങ്കേതികപ്പിഴവ് തിരുത്തിയിട്ടില്ല. ഗുരുതമായ പിഴവുകളുള്ള ഡിഫക്ട് പട്ടികയിൽത്തന്നെയാണ് ഹർജി.

To advertise here,

തിങ്കളാഴ്ചക്കുള്ളിൽ പിഴവ് പരിഹരിച്ചില്ലെങ്കിൽ ചൊവ്വാഴ്ച കേസെടുക്കുമ്പോൾ ഈ ഹർജി പരിഗണിക്കില്ല. സർക്കാരിന്റെ നിസ്സംഗതയിൽ ആശങ്കയിലാണ് ആയിരക്കണക്കിന് സ്‌കൂൾ അധ്യാപകർ.

സർക്കാരിന്റെ ഹർജിയിലെ സത്യവാങ്മൂലത്തിൽ ഒപ്പിട്ടിട്ടില്ല എന്നതടക്കമുള്ള പിഴവുകൾ കോടതി രജിസ്ട്രി ചൂണ്ടിക്കാട്ടിയിരുന്നു. പിഴവുകൾ പരിഹരിക്കാൻ അനുവദിച്ച്‌ 90 ദിവസം കഴിഞ്ഞിട്ടും സർക്കാരതു ചെയ്തിട്ടില്ല.

കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർക്ക് രണ്ടുവർഷത്തെ കാലാവധിയിൽ താത്‌കാലിക പ്രൊമോഷനുകളും തസ്തികമാറ്റങ്ങളും അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. അവ സുപ്രീംകോടതിയിലെ പുനഃപരിശോധനാ ഹർജിയുടെ വിധിക്ക് വിധേയമായിരിക്കുമെന്നും വ്യക്തമാക്കി.

ഈ സാഹചര്യത്തിൽ, കേസ്‌ നടത്തിപ്പിൽ സർക്കാർ വരുത്തുന്ന ഗുരുതരമായ വീഴ്ച അധ്യാപകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും പ്രൊമോഷനുകളും നഷ്ടപ്പെടാൻ വഴിയൊരുക്കുമെന്നാണ് ആശങ്ക. ആകെ 45 പുനഃപരിശോധനാ ഹർജികൾ കോടതിക്കുമുന്നിലുണ്ട്. ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ സമർപ്പിച്ചതാണ് കേസിൽ കേരളത്തിൽനിന്ന് സർക്കാരിനു പുറമേയുള്ള ഹർജി.