കോഴിക്കോട്: ബൗദ്ധികവെല്ലുവിളി നേരിടുന്ന എട്ടു ലക്ഷത്തിലധികം ഭിന്നശേഷിക്കാരുണ്ട് കേരളത്തിൽ. അതിൽതന്നെ 18 വയസ്സ് കഴിഞ്ഞവരുടെ ജീവിതം മുന്നോട്ടുകൊണ്ടുപോവാൻ അവരുടെ കുടുംബങ്ങൾ അതിലേറെ വെല്ലുവിളികൾ നേരിടുന്നവരാണ്. എന്നാൽ, അവർ മാറ്റിനിർത്തപ്പെടേണ്ടവരല്ലെന്നും പഠിപ്പിച്ചും പരിശീലിപ്പിച്ചും ചേർത്തുനിർത്തേണ്ടവരാണെന്നും തെളിയിക്കുകയാണ് ഒരു പാഠ്യപദ്ധതി.

To advertise here,

ഇതുവെറും അവകാശവാദം മാത്രമല്ല. 176 പേരെ പരിശീലിപ്പിച്ച് സമൂഹത്തിലെ മറ്റുള്ളവർക്കൊപ്പം വ്യത്യസ്ത തൊഴിലിടങ്ങളിലെത്തിച്ച് അത് ചരിത്രമെഴുതിക്കഴിഞ്ഞു.

‘ലീപ് എഹെഡ്’ എന്ന പേരിൽ ഇപ്പോൾ ഇംഗ്ലീഷിലും പുസ്തകമായി പുറത്തിറങ്ങിയിരിക്കുന്ന ആ പാഠ്യപദ്ധതി, ഭിന്നശേഷിക്കാർക്കായി പുറത്തിറങ്ങുന്ന രാജ്യത്തെ ആദ്യ പാഠ്യപദ്ധതിയാണ്. യു.എൽ.സി.സി.എസ്. ഫൗണ്ടേഷനും നബാർഡും സംയുക്തമായി നടപ്പാക്കുന്ന ‘സർഗശേഷി’ പദ്ധതിയുടെ ഭാഗമായാണിത്. ഇന്റലക്ച്വൽ ആൻഡ് ഡിവലപ്‌മെന്റൽ ഡിസെബിലിറ്റി നേരിടുന്ന, 18 വയസ്സിന് മുകളിലുള്ളവർക്ക് പരീക്ഷിക്കാൻ സാധിക്കുന്ന 40 വ്യത്യസ്തതൊഴിലുകളാണ് അടിസ്ഥാനം. ആവർത്തന സ്വഭാവമുള്ള അപകടസാധ്യത ഒട്ടുമില്ലാത്ത സങ്കീർണതകളില്ലാത്ത തൊഴിലുകളാണിവ.

“ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർ പ്രശ്നക്കാരാവും മാനസിക പ്രശ്നങ്ങളുണ്ടാകും ജോലി ചെയ്യാനുള്ള ശേഷിയുണ്ടാവില്ല തുടങ്ങിയ ഒരുപാട് മുൻവിധികളുണ്ട് സമൂഹത്തിന്. എന്നാൽ പാഠ്യപദ്ധതിയിലൂടെ ജോലി നേടിയ കുട്ടികളിൽ പെരുമാറ്റരീതി, വേഷം, സമീപന രീതി എന്നിവ മാറി ആത്മാഭിമാനം ഉയരുന്നതായി കണ്ടു. രക്ഷിതാക്കൾക്ക് ബാധ്യതയാകുമെന്ന് കരുതിയിരുന്ന കുട്ടി കുടുംബത്തിലേക്ക് വരുമാനം നൽകുന്ന ഒരാളായി മാറുന്ന സുന്ദരകാഴ്ചയും കാണാനായി”- ഫൗണ്ടേഷൻ ഡയറക്ടർ ഡോ.എം.കെ. ജയരാജ് പറഞ്ഞു.

പാഠ്യപദ്ധതിയുടെ ആദ്യ ഭാഗം ജനറിക് സ്കിൽസിൽ തൊഴിലിനെ സഹായിക്കുന്നതിനാവശ്യമായ നൈപുണ്യം വർധിപ്പിക്കുന്നതിനുള്ള പരിശീലനത്തെക്കുറിച്ചുള്ളതാണ്. ഒരു കാര്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവ് കൂട്ടുന്നതിനുള്ള പരിശീലനം, കൃത്യനിഷ്ഠ, സാമൂഹികമായ ഇടപെടൽ, സാമ്പത്തിക സാക്ഷരത, സമയബോധം തുടങ്ങിയ കാര്യങ്ങളാണ് ഈ ഭാഗത്തിൽ പരിശീലിപ്പിക്കുക.

തൊഴിൽ പരിശീലനമാണ് രണ്ടാം ഘട്ടം. ഇത്തരം കുട്ടികൾക്കായി കണ്ടെത്തിയ തൊഴിലിടങ്ങളിൽ ട്രെയിനർമാർ കുട്ടികളെ നേരിട്ട് കൊണ്ടുപോയി ആ ജോലിയിൽ പരിശീലനം നൽകും. ജോലിയിൽ പ്രവേശിച്ചശേഷം കുട്ടിക്കോ, സഹപ്രവർത്തകർക്കോ, തൊഴിൽദാതാവിനോ, രക്ഷിതാക്കൾക്കോ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കുകയും ചെയ്യും.