പ്രവേശനപരീക്ഷാ കമ്മിഷണർ പ്രൊഫഷണൽ കോഴ്‌സുകളിലേക്കു നടത്തുന്ന അലോട്‌മെന്റിൽ വിവിധ തരത്തിലുള്ള സംവരണങ്ങളുണ്ട്. മാൻഡേറ്ററി, സ്പെഷ്യൽ, ഭിന്നശേഷി സംവരണങ്ങൾ ഇവയിൽപ്പെടും. ഒരു അപേക്ഷാർഥിക്ക് ഇവയിൽ ഒന്നോ, അതിലധികമോ സംവരണം അർഹതയ്ക്കനുസരിച്ച് ലഭിക്കാം. ഉന്നയിക്കുന്ന അവകാശവാദത്തിനു ബാധകമായ രേഖ നൽകണം.

To advertise here,

• സർക്കാർ, എയ്ഡഡ് കോളേജുകളിലും ഗവൺമെന്റ് കോസ്റ്റ് ഷെയറിങ് എൻജിനിയറിങ് കോളേജുകളിലും അലോട് ചെയ്യുന്ന സീറ്റുകളിൽ അഞ്ചുശതമാനം ഭിന്നശേഷിക്കാർക്ക് അനുവദിക്കും.
• സ്പെഷ്യൽ റിസർവേഷൻ സീറ്റുകൾ: ചില വിഭാഗങ്ങളിൽപ്പെടുന്നവർക്കായി ചില കോഴ്‌സുകളിൽ നിശ്ചിത എണ്ണം സീറ്റുകൾ സ്പെഷ്യൽ റിസർവേഷൻ (വിശേഷാൽ സംവരണം) വിഭാഗത്തിൽ സംവരണം ചെയ്തിട്ടുണ്ട്.

ഈ സംവരണ വിഭാഗത്തിൽ, സ്പോർട്‌സ്, എൻസിസി, എക്‌സ് സർവീസ്‌മെൻ/അവരുടെ മക്കൾ, മുന്നേറ്റത്തിൽ മരിച്ച/കാണാതായ/വൈകല്യം സംഭവിച്ച സായുധസേനാ ഉദ്യോഗസ്ഥരുടെ ആശ്രിതർ, സായുധ സേനകളിൽ സേവനമനുഷ്ഠിക്കുന്നവരുടെ മക്കൾ, സെൻട്രൽ ആംഡ് ഫോഴ്‌സസ് പേഴ്‌സണലുകളുടെ മക്കൾ, മുന്നേറ്റത്തിൽ മരിച്ച/കാണാതായ/വൈകല്യം സംഭവിച്ച സെൻട്രൽ ആംഡ് ഫോഴ്‌സസ് ഉദ്യോഗസ്ഥരുടെ ആശ്രിതർ തുടങ്ങിയവർക്ക് വിവിധ കോഴ്‌സുകളിൽ സീറ്റുകൾ നീക്കിവെച്ചിട്ടുണ്ട്.

ജ്യൂവിഷ് ക്വാട്ട (എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകൾക്ക്), എംബിബിഎസ്/ബിഎച്ച്എംഎസ് ബിരുദധാരികൾ (ബിഎഎംഎസിന്), ആയുഷ് ബിരുദധാരികൾ (എംബിബിഎസിന്), ബിഡിഎസ് ബിരുദധാരികൾ (എംബിബിഎസിന്), എംബിബിഎസ്/ബിഎഎംഎസ്/വെറ്ററിനറി/അഗ്രിക്കൾച്ചർ/ഫിഷറീസ്/ഫോറസ്ട്രി ബിരുദധാരികൾ (ബിഎച്ച്എംഎസിന്), നഴ്‌സ് - അലോപ്പതി (എംബിബിഎസിന്), നഴ്‌സ്-ഫാർമസിസ്റ്റ്- ഹോമിയോപ്പതി (ബിഎച്ച്എംഎസിന്), നഴ്‌സ്-ആയുർവേദ (ബിഎഎംഎസിന്), കർഷകരുടെ മക്കൾ (അഗ്രിക്കൾച്ചർ, വെറ്ററിനറി കോഴ്‌സുകൾക്ക്), ഫാം ലേബറേഴ്‌സ്/പെർമനന്റ് ലേബറേഴ്‌സ് (കെഎയു) (അഗ്രിക്കൾച്ചർ, കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്/അഗ്രി ബിസിനസ് മാനേജ്മെന്റ്, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്, ബിടെക് അഗ്രി എൻജിനിയറിങ് കോഴ്‌സുകൾക്ക്), മത്സ്യത്തൊഴിലാളികളുടെ മക്കൾ (ഫിഷറീസ്, ബിടെക് ഫുഡ് ടെക്‌നോളജി കോഴ്‌സുകൾക്ക്), സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ് (ബിടെക്കിന്), അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ്/വിഎച്ച്എസ്ഇ (അഗ്രിക്കൾച്ചർ) യോഗ്യതയുള്ളവർ/അഗ്രിക്കൾച്ചർ സയൻസ് ഡിപ്ലോമക്കാർ/ഓർഗാനിക് അഗ്രിക്കൾച്ചർ ഡിപ്ലോമക്കാർ (അഗ്രിക്കൾച്ചർ കോഴ്‌സിന്), ലൈവ് സ്റ്റോക് ഇൻസ്പെക്ടർ/ഫാർമസിസ്റ്റ്/ഡെയറി ഫാം ഇൻസ്പെക്ടർ(വെറ്ററനറി സർവകലാശാലയിലെ കോഴ്‌സുകൾക്ക്), ലബോറട്ടറി ടെക്‌നിക്സ്, ഫീഡ് ടെക്‌നോളജി, പൗൾട്രി പ്രൊഡക്‌ഷൻ ഡിപ്ലോമക്കാർ, പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് ബിഎസ്‌സിക്കാർ, വിഎച്ച്എസ്ഇ (ലൈവ് സ്റ്റോക് മാനേജ്‌മെന്റ്)/എച്ച്എസ്ഇ (ഡെയറി ഫാർമർ ഓൺട്രപ്രനേർ കോഴ്‌സ്, സ്‌മോൾ പൗൾട്രി ഫാർമർ കോഴ്‌സ്) (വെറ്ററിനറി കോഴ്‌സിന്) തുടങ്ങിയവർക്കും വിേശഷാൽ സംവരണം ലഭ്യമാണ്.

ഇവയിൽ പരിഗണിക്കപ്പെടാൻ താത്‌പര്യമുള്ള അർഹതയുള്ളവർ അപേക്ഷയിൽ അക്കാര്യം വ്യക്തമാക്കണം. ബാധകമായ രേഖകൾ അപ്‌ലോഡും ചെയ്യണം

• മാൻഡേറ്ററി സംവരണം: ഭിന്നശേഷി, വിശേഷാൽ സംവരണ സീറ്റുകൾ മാറ്റിവെച്ചശേഷം, പ്രവേശനപരീക്ഷാ കമ്മിഷണർ നികത്തുന്ന അവശേഷിക്കുന്ന സീറ്റുകൾക്ക് ബാധകമായ സംവരണമാണ്, മാൻഡേറ്ററി (നിർദേശാനുസൃത) സംവരണം. ഇവിടെ, അലോട്‌മെന്റിനു ലഭ്യമായ സീറ്റുകളുടെ നിശ്ചിത ശതമാനം വിവിധ വിഭാഗങ്ങൾക്കായി നീക്കിവെക്കും.

വിഭാഗങ്ങളും സംവരണ ശതമാനവും:

  • സ്റ്റേറ്റ് മെറിറ്റ് -50 (മറ്റ് സംവരണ ആനുകൂല്യങ്ങൾ ഉള്ളവരുൾപ്പെടെ എല്ലാവരെയും ആദ്യം പരിഗണിക്കുക ഈ വിഭാഗത്തിലാണ്)
  • ജനറൽ വിഭാഗത്തിലെ ഇക്കണോമിക്കലി വീക്കർ സെക്ഷൻസ് (ഇഡബ്ല്യുഎസ്)-10
  • സോഷ്യലി ആൻഡ് എജുക്കേഷണലി ബാക്‌വേർഡ് ക്ലാസസ് (എസ്ഇബിസി)-30. ഇതിൽ ഉൾപ്പെടുന്ന വിഭാഗങ്ങളും സംവരണ ശതമാനവും ഇപ്രകാരമാണ്: ഈഴവ -9, മുസ്‌ലിം-8, മറ്റു പിന്നാക്ക ഹിന്ദു -3, ലാറ്റിൻ കത്തോലിക് ആൻഡ് ആംഗ്ലോ ഇന്ത്യൻ-3, ധീവരയും ബന്ധപ്പെട്ട സമുദായങ്ങളും-2, വിശ്വകർമയും ബന്ധപ്പെട്ട സമുദായങ്ങളും-2, കുശവനും ബന്ധപ്പെട്ട സമുദായങ്ങളും-1, മറ്റു പിന്നാക്ക ക്രിസ്ത്യൻ-1, കുടുംബി-1
  • പട്ടികവിഭാഗം-10. ഇതിൽ പട്ടിക ജാതി-8, പട്ടികവർഗം-2.

അർഹതയ്ക്കു വിധേയമായി, താത്‌പര്യമുള്ള സംവരണങ്ങൾ അപേക്ഷയിൽ വ്യക്തമാക്കണം. ബാധകമായതും അപേക്ഷയ്ക്കൊപ്പം നൽകേണ്ടതുമായ രേഖകളുടെ പട്ടിക പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട്.

കോളേജുകൾ
അലോട്‌മെന്റിൽ ഉൾപ്പെടുന്ന കോളേജുകളുടെ താത്‌കാലിക പട്ടിക, അവയിലെ ബ്രാഞ്ചുകൾ/കോഴ്‌സുകൾ, സീറ്റ് ലഭ്യത, അഫിലിയേറ്റ് ചെയ്യപ്പെട്ട സർവകലാശാല, ബന്ധപ്പെടാനുള്ള ഫോൺനമ്പർ, നോമിനേഷൻ/ഓൾ ഇന്ത്യ ക്വാട്ട/മാനേജ്‌മെന്റ് (എയ്ഡഡ്)/സ്പെഷ്യൽ റിസർവേഷൻ സീറ്റുകൾ തുടങ്ങിയ വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട് (പേജ് 105 മുതൽ). അന്തിമ ലിസ്റ്റ് കേന്ദ്രീകൃത അലോട്‌മെന്റ് നടപടികൾ തുടങ്ങുംമുൻപ്‌ ലഭ്യമാക്കും.

കോളേജുകളുടെ എണ്ണം:

1. എൻജിനിയറിങ്/ആർക്കിടെക്ചർ: ഗവൺമെന്റ്-9 (ഇവയിൽ മൂന്നിൽ ആർക്കിടെക്ചറും ഉണ്ട്), എയ്ഡഡ്-2, എയ്ഡഡ് ഓട്ടോണമസ്-1 (ഇവിടെ ആർക്കിടെക്ചറും ഉണ്ട്). കാർഷിക സർവകലാശാല-1, വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല-4, ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല-1.

കോസ്റ്റ് ഷെയറിങ്/സർവകലാശാല സെൽഫ് ഫിനാൻസിങ്-25, സ്വകാര്യ സെൽഫ് ഫിനാൻസിങ് എൻജിനിയറിങ്/ആർക്കിടെക്ചർ-102, സ്വകാര്യ സെൽഫ് ഫിനാൻസിങ് ഓട്ടോണമസ് എൻജിനിയറിങ് കോളേജുകൾ-19. മൊത്തം എൻജിനിയറിങ് ബ്രാഞ്ചുകൾ-55.

മെഡിക്കൽ സ്ട്രീം: മെഡിക്കൽ കോളേജ്; സർക്കാർ-14, സ്വകാര്യ സ്വാശ്രയം-21, ഡെന്റൽ കോളേജ്-6, 19, ഹോമിയോപ്പതി: സർക്കാർ-2, എയ്ഡഡ്-3; ആയുർവേദം: സർക്കാർ-3, എയ്ഡഡ്-2, സ്വകാര്യ സ്വാശ്രയം-12, സിദ്ധ-സ്വകാര്യ സ്വാശ്രയം-1, യുനാനി-സ്വകാര്യ സ്വാശ്രയം-1.

2. മെഡിക്കൽ അലൈഡ്: അഗ്രിക്കൾച്ചർ-4, ഫോറസ്ട്രി-1, കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്-1, ക്ലൈമറ്റ് ചെയ്‌ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്-1, ബിടെക് ബയോടെക്‌നോളജി-1 (എല്ലാം കാർഷിക സർവകലാശാലയിൽ), വെറ്ററിനറി-2, ഫിഷറീസ്-2.

3. ഫാർമസി: സർക്കാർ-5, സ്വാശ്രയം (സിപിഎഎസ്)-2, സ്വകാര്യ സ്വാശ്രയം-56.

അപേക്ഷ ജനുവരി 31-ന് വൈകീട്ട് അഞ്ചുവരെ www.cee.kerala.gov.in വഴി നൽകാം. രജിസ്ട്രേഷൻ, അപേക്ഷ പൂരിപ്പിക്കൽ, അപേക്ഷാ ഫീസ് അടയ്ക്കൽ, ഇമേജുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അപ്‌ലോഡിങ്, അക്‌നോളജ്മെന്റ് പേജ് പ്രിന്റിങ് എന്നിങ്ങനെയുള്ള ഘട്ടങ്ങളിലായി അപേക്ഷ പൂർത്തിയാക്കണം. തുടർന്ന് ഹോം പേജിൽനിന്നു ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്. അവകാശവാദങ്ങൾ തെളിയിക്കാൻ ബാധകമായ രേഖകൾ അപ്‌ലോഡ് ചെയ്യണം. ചില രേഖകൾ നിർബന്ധമായും അപ്‌ലോഡ് ചെയ്തിരിക്കണം. ബാധകമായ മറ്റു രേഖകളും (ചിലത് നിശ്ചിത മാതൃകയിൽത്തന്നെ വേണമെന്ന് പ്രോസ്പെക്ടസിലുണ്ട്) അപ്‌ലോഡ് ചെയ്യണം. ഇവയുടെ പട്ടിക പ്രോസ്പെക്ടസ് ക്ലോസ് 7.6-ൽ (പേജ് 51) നൽകിയിട്ടുണ്ട്. എൻആർഐ അവകാശവാദത്തിന് നൽകേണ്ട രേഖകൾ ഏതൊക്കെയെന്ന് പേജ് 52-ലുണ്ട്.

അപേക്ഷ നൽകുംമുൻപ്‌ തയ്യാറാക്കി വെക്കേണ്ട രേഖകൾ/അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, എങ്ങനെ അപേക്ഷിക്കാം, എങ്ങനെ അപേക്ഷാ ഫീസ് അടയ്ക്കാം, രേഖകൾ എങ്ങനെ അപ്‌ലോഡ് ചെയ്യാം, അപേക്ഷ നിരസിച്ചേക്കാവുന്ന സാഹചര്യങ്ങൾ, പൊതുവായി ഉന്നയിക്കപ്പെട്ടേക്കാവുന്ന ചോദ്യങ്ങൾ (എഫ്എക്യു), അപേക്ഷാ നമ്പർ/പാസ്‌വേഡ്‌ മറന്നുപോയാൽ എങ്ങനെ മുന്നോട്ടുപോകാം തുടങ്ങിയവയെല്ലാം www.cee.kerala.gov.in -ൽ നൽകിയിട്ടുണ്ട്. അപേക്ഷ (രേഖകളുടെ അപ്‌ലോഡിങ് ഉൾപ്പെടെ) പൂർത്തിയാകുമ്പോൾ ലഭിക്കുന്ന അക്‌നോളജ്‌മെന്റ് പേജിന്റെ പ്രിന്റ്‌ഔട്ട് ഭാവി ആവശ്യങ്ങൾക്ക് സൂക്ഷിക്കണം. ഇത് അയക്കേണ്ടതില്ല.

അപേക്ഷയിലോ, അപ്‌ലോഡ് ചെയ്ത രേഖകളിലോ ന്യൂനതകളുണ്ടെങ്കിൽ പരിഹരിക്കുന്നതിലേക്കുള്ള ‘മെമ്മോ’, കാൻഡിഡേറ്റ് പോർട്ടൽ വഴി മാത്രമേ നൽകൂ. അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പുരോഗമിക്കുന്ന മുറയ്ക്ക് മെമ്മോ വിവരങ്ങൾ ഹോംപേജിൽ വന്നേക്കാം. ഇതു സംബന്ധിച്ച വിജ്ഞാപനങ്ങൾ/അറിയിപ്പുകൾ ശ്രദ്ധിക്കുക. ഹോം പേജ് ഇടയ്ക്കിടെ സന്ദർശിക്കുക.

മെമ്മോ പ്രകാരമുള്ള ന്യൂനത അനുവദിച്ച സമയപരിധിക്കകം പരിഹരിക്കാൻ ശ്രദ്ധിക്കണം. അപ്‌ലോഡ് ചെയ്യാൻ അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റുകളിലെ എല്ലാ വരികളും കോളങ്ങളും പൂരിപ്പിച്ചിട്ടുണ്ടെന്നും നൽകുന്ന അധികാരിയുടെ ഒപ്പ്, ഉദ്യോഗപ്പേരുള്ള സീൽ, ഓഫീസ് സീൽ എന്നിവ രേഖയിൽ പതിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കണം.

അപേക്ഷയ്ക്കൊപ്പം നൽകുന്ന സംവരണ ആനുകൂല്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ സൂക്ഷ്മ പരിശോധനയ്ക്കുശേഷമേ അപേക്ഷാർഥി ആവശ്യപ്പെട്ട സംവരണ ആനുകൂല്യം അനുവദിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം എടുക്കൂ. വിവരങ്ങൾക്ക്: www.cee.kerala.gov.in