കേരളത്തിലെ ബിരുദതല പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന്റെ ഭാഗമായി മെഡിക്കൽ വിഭാഗത്തിലെ നാലും (ആയുഷ് കോഴ്സുകൾ), മെഡിക്കൽ അലൈഡ് വിഭാഗത്തിലെ ഏഴും പ്രോഗ്രാമുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്മെന്റ് നടപടികൾ www.cee.kerala.gov.in ൽ തുടങ്ങി.
കോഴ്സുകൾ
മെഡിക്കൽ (ആയുഷ്): ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്.
മെഡിക്കൽ അനുബന്ധം: ബിഎസ്സി അഗ്രിക്കൾച്ചർ, ബിവിഎസ്സി ആൻഡ് എഎച്ച്, ബിഎസ്സി ഫോറസ്ട്രി, ബാച്ച്ലർ ഓഫ് ഫിഷറീസ് സയൻസ്, ബിഎസ്സി കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ്/അഗ്രി ബിസിനസ് മാനേജ്മെന്റ്, ബിഎസ്സി ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, കാർഷിക സർവകലാശാലയിലെ ബിടെക് ബയോടെക്നോളജി.
ഓപ്ഷൻ കൺഫർമേഷൻ
- മൂന്നാംഘട്ട അലോട്മെന്റിൽ പങ്കെടുക്കുന്ന എല്ലാവരും നിർബന്ധമായും ഓപ്ഷൻ കൺഫർമേഷൻ നടത്തണം. ഇതിനകം ഈ കോഴ്സുകളിൽ പ്രവേശനം നേടിയവർ, ഓപ്ഷൻ നൽകിയിട്ടും ആദ്യ രണ്ടുഘട്ടങ്ങളിലും അലോട്മെന്റ് ഒന്നും ലഭിക്കാത്തവർ എന്നിവരുടെ ഹയർ ഓപ്ഷനുകൾ, പരിഗണിക്കപ്പെടാൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം
- പ്രവേശനം നേടിയവരുടെ കാര്യത്തിൽ അവശേഷിക്കുന്ന ഓപ്ഷനുകളും (ഉണ്ടെങ്കിൽ), ഇതുവരെ അലോട്മെന്റ് ലഭിക്കാത്തവരുടെ കാര്യത്തിൽ ഇവർ രണ്ടാംഘട്ടത്തിൽ നിലനിർത്തിയ എല്ലാ ഓപ്ഷനുകളും ഹയർ ഓപ്ഷനുകളാണ്. അവ ഹോം പേജിൽ കാണും
- കൺഫർമേഷനായി ഹോം പേജിൽ ലോഗിൻ ചെയ്ത് ‘കൺഫേം’ ബട്ടൺ ക്ലിക്ക് ചെയ്യണം. തുടർന്ന് അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ അവസരം ലഭിക്കും
- ഹയർ ഓപ്ഷനുകളിൽ താത്പര്യമില്ലാത്തവ ഒഴിവാക്കാം. അവശേഷിക്കുന്ന ഓപ്ഷനുകളുടെ ക്രമം/മുൻഗണന വേണമെങ്കിൽ മാറ്റാം
- പ്രവേശനം നേടിയവർക്ക് ഹയർ ഓപ്ഷനുകൾ അവശേഷിക്കുന്നുണ്ടെങ്കിൽ, ഇനിയും ഒരുമാറ്റം അവർക്കു വേണ്ടെങ്കിൽ അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ പൂർണമായും റദ്ദാക്കണം
- രണ്ടാംഘട്ടത്തിൽ പ്രവേശനം നേടിയവർക്ക് മാറ്റം വേണ്ടെങ്കിൽ ഓപ്ഷൻ കൺഫർമേഷൻ നടത്താതിരുന്നാലും മതിയാകും. അവരുടെ രണ്ടാംഘട്ട പ്രവേശനം നിലനിൽക്കും
- ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരെ മൂന്നാംഘട്ട അലോട്മെന്റിൽ പരിഗണിക്കില്ല
- പ്രവേശനം നേടിയവർ ഓപ്ഷൻ കൺഫർമേഷൻ നടത്തുകയും മൂന്നാംഘട്ടത്തിൽ ഒരു മാറ്റംവരുകയും ചെയ്താൽ, നിലവിലുള്ള സീറ്റ് അവർക്ക് നഷ്ടമാകും. പുതിയ സീറ്റ് അവർ സ്വീകരിക്കണം. സ്വീകരിക്കാത്ത പക്ഷം പുതിയ സീറ്റ് നഷ്ടപ്പെടും.
അലോട്മെന്റ് 27-ന്
- മൂന്നാംഘട്ട അലോട്മെന്റുമായി ബന്ധപ്പെട്ട ഓപ്ഷൻ കൺഫർമേഷനും തുടർനടപടികളും പൂർത്തിയാക്കാൻ ഒക്ടോബർ 24-ന് രാവിലെ 11 വരെ സൗകര്യം ഉണ്ടാകും. പ്രൊവിഷണൽ അലോട്മെന്റ് 25-നും അന്തിമ അലോട്മെന്റ് 27-നും പ്രസിദ്ധപ്പെടുത്തും.
അലോട്മെന്റ് ലഭിക്കുന്നവർ, അലോട്മെന്റ് മെമ്മോ ഹോം പേജിൽനിന്ന് ഡൗൺലോഡുചെയ്ത് അതിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീ/ബാക്കി ഫീ (ബാധകമെങ്കിൽ) കോളേജിൽ അടച്ച് പ്രവേശനം നേടണം. പ്രവേശനം നേടാൻ 28 മുതൽ 30-ന് വൈകീട്ട് നാലുവരെ സമയമുണ്ടാകും
ഫീസ് അടയ്ക്കൽ
വിവിധ കോഴ്സുകളുടെ ഫീസ് ഘടന വെബ്സൈറ്റിൽ ലഭിക്കും. എസ്സി/എസ്ടി/ഒഇസി വിഭാഗക്കാരും വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റു വിഭാഗക്കാരും ഫീ അടയ്ക്കേണ്ടതില്ല. എന്നാൽ, അവർക്ക് സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ് ക്വാട്ട സീറ്റിലാണ് അലോട്മെന്റ് ലഭിക്കുന്നതെങ്കിൽ അലോട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീ അടയ്ക്കണം. ഇവർക്ക് ഈ സീറ്റുകളിൽ ഫീ ഇളവിന് അർഹത ഉണ്ടാകില്ല.
ചേരുമെന്ന് ഉറപ്പുള്ള ഓപ്ഷനുകൾ നിലനിർത്തുക
അലോട്മെന്റ് ലഭിച്ചാൽ ചേരുമെന്ന് ഉറപ്പുള്ള ഓപ്ഷനുകൾമാത്രം നിലനിർത്തുക. നിശ്ചയിച്ച സമയപരിധിക്കകം കോളേജിൽ പ്രവേശനം നേടാത്തവരുടെ അലോട്മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാകും. മാത്രമല്ല ഇവരെ ഈ സ്ട്രീമിലെ തുടർ അലോട്മെന്റിന് പരിഗണിക്കില്ല.
ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി (എഎസിസിസി) ഒക്ടോബർ 17-ന് പ്രസിദ്ധീകരിച്ച പട്ടികയിൽ (കേന്ദ്ര/സംസ്ഥാന തുടർറൗണ്ടുകളിൽ പങ്കെടുക്കാൻ അർഹത ഇല്ലാത്തവർ) ഉൾപ്പെട്ടവരെ ഈ അലോട്മെന്റിന് പരിഗണിക്കില്ല.
ആദ്യ രണ്ടുഘട്ടങ്ങൾ വഴി പ്രവേശനം നേടിയവർക്ക് ഓപ്ഷൻ രജിസ്ട്രേഷൻ ഫീ നഷ്ടപ്പെടുത്തി 24-ന് വൈകീട്ട് അഞ്ചിനകം പ്രസ്തുത സീറ്റ് വേണ്ടെന്നുെവക്കാം. മൂന്നാംഘട്ടത്തിനുശേഷമുള്ള ഒഴിവുകൾ സ്ട്രേ വേക്കൻസി ഫില്ലിങ് റൗണ്ട് വഴി നികത്തും. വിവരങ്ങൾ പിന്നീട് അറിയിക്കും.
Content Highlights: KEAM 2025: Third Allotment
Published: 21 Oct 2025, 09:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented