
കോഴിക്കോട്: ആയുർവേദ നഴ്‌സിങ്ങിന് ചേരാൻ ആളില്ലാതായതോടെ പ്രവേശന യോഗ്യത ഇളവ് ചെയ്ത് ആയുഷ് വകുപ്പ്. അപേക്ഷിക്കുന്നതിനുള്ള യോഗ്യത പ്ലസ് ടു ആയി വീണ്ടും നിശ്ചയിച്ചു. ഇതനുസരിച്ച് ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നൽകിയ പുതുക്കിയ പ്രോസ്‌പെക്ടസ് സർക്കാർ അംഗീകരിച്ചു. പ്രവേശനത്തീയതി നീട്ടാനും നിർദേശം നൽകിയിട്ടുണ്ട്.
ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കോഴ്‌സ്(ജി.എൻ.എം.) ജയിച്ചവർക്കേ ചേരാനാകൂവെന്ന രീതിയിൽ ഇക്കൊല്ലം ആദ്യം യോഗ്യത ഉയർത്തിയിരുന്നു. എന്നാൽ, സർക്കാർ കോളേജുകളിലടക്കം അപേക്ഷകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പ്രതിസന്ധി ചൂണ്ടിക്കാട്ടി സ്വാശ്രയ മാനേജ്‌മെന്റുകൾ സർക്കാരിൽ സമ്മർദം ചെലുത്തിയതോടെയാണ് യോഗ്യത പഴയപടിയാക്കാൻ തീരുമാനിച്ചത്.
അതേസമയം, ജി.എൻ.എം. കോഴ്‌സ് ജയിച്ചവർക്ക് മുൻഗണന നൽകുമെന്ന പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. നഴ്‌സിങ്, ഫാർമസിസ്റ്റ്, തെറപ്പിസ്റ്റ് എന്നീ കോഴ്‌സുകൾക്ക് അപേക്ഷിക്കാനുള്ള 33 വയസ്സെന്ന ഉയർന്ന പ്രായപരിധിയും ഒഴിവാക്കി. ലക്ഷദ്വീപ് നിവാസികൾക്കായി രണ്ടുസീറ്റുകൾ സംവരണം ചെയ്യും.
വിദേശത്തുംമറ്റും ആയുർവേദ നഴ്‌സിങ്ങിന്റെ തൊഴിൽസാധ്യത മുന്നിൽക്കണ്ടാണ് നേരത്തേ പ്രവേശന യോഗ്യത ഉയർത്തിയത്.
ജി.എൻ.എം. ജയിച്ചവർക്ക് അതിനൊപ്പം ഒരു വർഷ ഡിപ്ലോമ എന്ന നിലയിൽ ആയുർവേദ നഴ്‌സിങ്ങിനെ ഉൾപ്പെടുത്തി ആയുർവേ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് കോഴ്‌സ് ഘടന പരിഷ്കരിക്കുകയായിരുന്നു.
യോഗ്യത ഇളവുചെയ്തെങ്കിലും കോഴ്‌സ് ഘടനയിൽ വരുത്തിയ മാറ്റം പുതിയ പ്രോസ്‌പെക്ടസിലും നിലനിർത്തിയിട്ടുണ്ട്. പത്തുമാസത്തെ അക്കാദമിക് പരിശീലനവും പഠിക്കുന്ന സ്ഥാപനത്തിൽ രണ്ടുമാസത്തെ നിർബന്ധിത ഇന്റേൺഷിപ്പുമാവും നഴ്‌സിങ്ങിനുണ്ടാവുക. നഴ്‌സിങ് പരിശീലനത്തിനൊപ്പം അനാട്ടമി, ഫീസിയോളജി, ഫാർമക്കോളജി, ക്ലിനിക്കൽ കെയർ പഞ്ചകർമ തെറപ്പി, കേരളീയ വിശേഷ ചികിത്സ എന്നിവയുടെ മൊഡ്യൂളുകളും ഡിപ്ലോമയുടെ ഭാഗമാണ്.
മൂന്ന് സർക്കാർ കോളേജുകളിലും രണ്ട് എയ്ഡഡ് കോളേജുകളിലും ഒരു പൊതുമേഖലാ സ്ഥാപന കോളേജിലും 17 സ്വാശ്രയ കോളേജുകളിലുമാണ് കോഴ്‌സിന് അനുമതിയുള്ളത്.
Published: 11 Sept 2026, 09:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented