കേരള കാർഷിക സർവകലാശാല, റിവോൾവിങ് ഫണ്ട് മോഡിൽ ഉയർന്ന ഫീസ് ഘടനയോടെ നേരിട്ട് പ്രവേശനം നൽകുന്ന മൂന്ന് ബിരുദപ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

To advertise here,

പ്രോഗ്രാമുകൾ, കാമ്പസ്, സെമസ്റ്റർ ട്യൂഷൻ ഫീ

(i) ബിഎസ്‌സി (ഓണേഴ്സ്) അഗ്രിക്കൾച്ചർ: റീജണൽ അഗ്രിക്കൾച്ചറൽ റിസർച്ച് സ്റ്റേഷൻ, കുമരകം, കോട്ടയം (സെമസ്റ്റർ ട്യൂഷൻ ഫീ -97,760 രൂപ)

(ii) ബിഎസ്‌സി (ഓണേഴ്സ്) ഹോർട്ടികൾച്ചർ: കോളേജ് ഓഫ് അഗ്രിക്കൾച്ചർ, വെള്ളാനിക്കര, തൃശ്ശൂർ (സെമസ്റ്റർ ട്യൂഷൻ ഫീ -97,760 രൂപ)

(iii) ബിടെക് അഗ്രിക്കൾച്ചറൽ എൻജിനിയറിങ്: കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ എൻജിനിയറിങ് ആൻഡ് ഫുഡ് ടെക്നോളജി, തവനൂർ, മലപ്പുറം (ട്യൂഷൻ ഫീ -47,760 രൂപ)

കോഷൻ ഡിപ്പോസിറ്റായി ബിഎസ്‌സി പ്രോഗ്രാമുകൾക്ക് രണ്ടുലക്ഷംരൂപയും ബിടെക്കിന് ഒരുലക്ഷംരൂപയും നൽകണം. മീറ്റ് ഫീസുകളുമുണ്ട്.

സീറ്റ്, പ്രവേശനം

ബിഎസ്‌സി പ്രോഗ്രാമുകൾക്ക് 40 വീതവും ബിടെക്കിന് 53 സീറ്റുമുണ്ട് [കേരള പ്രവേശനപരീക്ഷാ കമ്മിഷണറുടെ കീം 2025 പ്രോ​െസ്പക്ടസ് പ്രകാരം, കേരള കാർഷിക സർവകലാശാലയിലെ ബിഎസ്‌സി (ഓണേഴ്സ്) അഗ്രിക്കൾച്ചർ, ബിടെക് അഗ്രിക്കൾച്ചറൽ എൻജിനിയറിങ് എന്നീ പ്രോഗ്രാമുകൾക്കുള്ള സീറ്റുകൾക്കുപുറമേ, ഉയർന്ന ഫീസിൽ പ്രവേശനംനൽകുന്ന അധികസീറ്റുകളാണ് സർവകലാശാല നേരിട്ടുനടത്തുന്ന ഈ പ്രക്രിയയിൽ ഉൾപ്പെട്ടിട്ടുള്ളത്]

ബിഎസ്‌സി പ്രോഗ്രാം പ്രവേശനത്തിൽ 80 ശതമാനം സീറ്റുകൾ 2025-ലെ കീം മെഡിക്കൽ റാങ്ക് പരിഗണിച്ചും 20 ശതമാനം സീറ്റുകൾ 2025 സിയുഇടി (ഐസിഎആർ യുജി) അടിസ്ഥാനമാക്കിയും നികത്തും. യഥാക്രമം 32-ഉം എട്ടും വീതം സീറ്റുകൾ.

ബിടെക് പ്രവേശനത്തിൽ 80 ശതമാനം സീറ്റുകൾ 2025 കീം റാങ്ക് പരിഗണിച്ചും 20 ശതമാനം സീറ്റുകൾ 2025 സിയുഇടി (ഐസിഎആർ യുജി) അടിസ്ഥാനമാക്കിയും നികത്തും. യഥാക്രമം 42-ഉം 11-ഉം സീറ്റുകൾ.

അപേക്ഷ

admissions.kau.in ജൂൺ 30 വരെ അപേക്ഷിക്കാം. നിശ്ചിതരേഖകൾ അപ്‌ലോഡ്‌ ചെയ്യണം. അപേക്ഷാഫീസ് 1000 രൂപ. ഭിന്നശേഷിക്കാർ, കേരളത്തിലെ പട്ടികവിഭാഗക്കാർ എന്നിവർക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈനായോ അപേക്ഷനൽകുമ്പോൾ രൂപപ്പെടുത്താവുന്ന ചലാൻ ഉപയോഗിച്ച് എസ്ബിഐ ശാഖയിൽ പണമായോ അടയ്ക്കാം.താത്കാലിക റാങ്ക് പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി സർവകലാശാലാപ്രവേശനം നടത്തും. തീയതികൾ പിന്നീടറിയിക്കും. പ്രോഗ്രാമുകൾ റിവോൾവിങ് ഫണ്ട് രീതിയിൽ നടത്തുന്നതിനാൽ സംവരണവിഭാഗ വിദ്യാർഥികൾക്ക് ഫീസിളവുണ്ടാകുന്നതല്ല. പ്രവേശനം നേടിയശേഷം യോഗ്യരായവർക്ക്, സർവകലാശാലവഴി സർക്കാരിന്റെ ഇ ഗ്രാന്റ്സ് പദ്ധതിയിലേക്ക് അപേക്ഷിക്കാം.

പിജി, പിഎച്ച്ഡി, പിജി ഡിപ്ലോമ

റിവോൾവിങ് ഫണ്ട് (ആർഎഫ്) മോഡിൽ സർവകലാശാലയുടെ വിവിധ കോൺസ്റ്റിറ്റ്യൂവൻറ്് കോളേജുകൾ/സ്ഥാപനങ്ങൾ എന്നിവയിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ്‌, ഗവേഷണ (പിഎച്ച്ഡി), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലെ 2025-’26 അക്കാദമിക് വർഷത്തെ പ്രവേശനത്തിനും അപേക്ഷിക്കാം.

പ്രോഗ്രാമുകൾ

• എംഎസ്‌സി: വൈൽഡ് ലൈഫ് മാനേജ്മെൻറ്്, എൻവയൺമെൻറൽ സയൻസ്, ഓഷ്യൻ ആൻഡ് അറ്റ്മോസ്ഫറിക് സയൻസ്, ക്ലൈമറ്റ് സയൻസ്

• എംടെക്: റിന്യൂവബിൾ എനർജി എൻജിനിയറിങ്

• മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

• പിഎച്ച്ഡി: ആനിമൽ സയൻസ്, അപ്ലൈഡ് മൈക്രോബയോളജി

• പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകൾ: അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെൻറ്്, ബയോ ഇൻഫർമാറ്റിക്സ്, ഫുഡ് ഇൻഡസ്ട്രി മാനേജ്മൻറ്് ആൻഡ് ക്വാളിറ്റി കൺട്രോൾ, ഹൈടെക് ഹോർട്ടികൾച്ചർ, ഇൻറഗ്രേറ്റഡ് ഫാം മാനേജ്മെൻറ്്, ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ്

പ്രവേശനത്തിനുവേണ്ട വിദ്യാഭ്യാസയോഗ്യത, പ്രവേശനരീതി, ഫീസ്ഘടന തുടങ്ങിയവയുൾപ്പെടെയുള്ള വിശദാംശങ്ങൾ

admissions.kau.in ലെ ബന്ധപ്പെട്ട പ്രോഗ്രാം പ്രോസ്പക്ടസ്, പൊതുവിജ്ഞാപനം എന്നിവയിൽ ലഭിക്കും.

ബയോ ഇൻഫർമാറ്റിക്സ് ഒഴികെയുള്ള പിജി ഡിപ്ലോമ പ്രോഗ്രാമുകൾക്ക് വർക്കിങ് പ്രൊഫഷണലുകൾക്കും അപേക്ഷിക്കാം. അപേക്ഷ ജൂൺ 30 വരെ നൽകാം. പിഎച്ച്ഡി അപേക്ഷാ ഫീസ് 1500 രൂപയും മറ്റുള്ളവയ്ക്ക് 1000 രൂപയുമാണ്. ഭിന്നശേഷി, കേരളത്തിലെ പട്ടികവിഭാഗക്കാർ എന്നിവർക്ക് ഇത് യഥാക്രമം 750, 500 രൂപയാണ്. ഓൺലൈനായി അടയ്ക്കാം.