തൃശ്ശൂർ: സംസ്ഥാനത്തെ കാലാവസ്ഥയ്ക്കനുയോജ്യമായതും അധികവിളവ് തരുന്നതുമായ അഞ്ച് വിളവിനങ്ങൾ പുറത്തിറക്കി കേരള കാർഷിക സർവകലാശാല. വിവിധ കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞരാണ് കർഷകർക്ക് മികച്ച വരുമാനമുറപ്പാക്കുന്ന ഈ വിളകൾ വികസിപ്പിച്ചെടുത്തത്.

To advertise here,

സീഡ് ഉപസമിതിയുടെ അംഗീകാരത്തോടെയാണ് സർവകലാശാല ഇവ പുറത്തിറക്കിയിരിക്കുന്നത്. കെ.എ.യു. തേജസ്വിനി (മുളക്), കെ.എ.യു. മേധ (ബ്രഹ്മി), കെ.എ.യു. സൗഗന്ധിക (രാമച്ചം), കെ.എ.യു. കൊച്ചിൻ പ്രൈഡ് (ഇഞ്ചി), കെ.എ.യു. ഗോൾഡൻഫിംഗർ (മഞ്ഞൾ) എന്നിവയാണ് പുതിയ ഇനങ്ങൾ. ഓരോ ഇനങ്ങളുടെയും സവിശേഷത ചുവടെ:

കെ.എ.യു. തേജസ്വിനി

വെള്ളായണി കാർഷികകോളേജിലെ വെജിറ്റബിൾസയൻസ് ഡിപ്പാർട്ട്മെന്റ് മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. എസ്. ശാരദ വികസിപ്പിച്ചെടുത്ത ഈ ഇനം കുറ്റിച്ചെടിയായി വളരുന്നതും നീളമുള്ള കായ്‌കൾ തരുന്നതും, ഉയർന്ന വിളവു നൽകുന്നതുമാണ്.

കായ്‌കൾക്ക് കൂടുതൽ തൂക്കവും നീളവുമുണ്ട്. ഇടത്തരം എരിവുള്ള ഈ ഇനത്തിന് വൈറസ്‌രോഗങ്ങളെയും വാട്ടരോഗത്തെയും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. ഹെക്ടറിന് ശരാശരി 32.50 ടൺ ആണ് വിളവ്.

കെ.എ.യു. മേധ

ഓടക്കാലി സുഗന്ധവിള ഔഷധസസ്യ ഗവേഷണകേന്ദ്രം മേധാവിയും പ്രൊഫസറുമായ ഡോ. ആൻസി ജോസഫ് പുറത്തിറക്കിയ ഈ ബ്രഹ്മി ഇനം മധ്യകേരളത്തിൽ കൃഷി ചെയ്യാൻ അനുയോജ്യമാണ്.

മികച്ച ഉത്പാദനശേഷിയുള്ള ഇവ നല്ല സൂര്യപ്രകാശമുള്ള തുറസ്സായ സ്ഥലങ്ങളിൽ കൃഷിചെയ്താൽ ഹെക്ടറിന് 34-36 ടൺ വിളവും ഉണക്കിയെടുത്താൽ 5-6 ടൺ വിളവും ലഭിക്കും.

കെ.എ.യു. സൗഗന്ധിക

ഡോ. ആൻസി ജോസഫ് തന്നെ പുറത്തിറക്കിയ രാമച്ചം ഇനമാണ് കെ.എ.യു. സൗഗന്ധിക. ഉയർന്ന അളവിൽ എസൻഷ്യൽ ഓയിൽ അടങ്ങിയ ഇവയ്ക്ക് മികച്ച വളർച്ച, കൂടുതൽ തൈകൾ പൊട്ടാനുള്ള ശേഷി, ഉയർന്ന വേരുത്പാദനം, എണ്ണയുടെ അളവ് കൂടുതൽ എന്നിവയുണ്ട്.

കുറഞ്ഞ അളവിൽ വളരെ വൈകി പൂക്കുന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. ഹെക്ടറിന് 6.1-7.8 ടൺ വരെ ഉണക്കവേര് വിളവായി ലഭിക്കും. മധ്യമേഖലയിലെ തുറസ്സായ സ്ഥലങ്ങളിൽ കൃഷിചെയ്യാൻ അനുയോജ്യമായ ഇനമാണ്.

കെ.എ.യു. കൊച്ചിൻ പ്രൈഡ്

വെള്ളാനിക്കര കാർഷിക കോളേജിലെ പ്ലാന്റേഷൻ ക്രോപ്സ് ആൻഡ് സ്പൈസസ് ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. നായർ സുനിൽ അപ്പുക്കുട്ടൻ വികസിപ്പിച്ച ഇഞ്ചിയിനമാണ് കെ.എ.യു. കൊച്ചിൻപ്രൈഡ്. ഉയർന്ന അളവിൽ സിൻജിബെറിൻ, അന്നജം (starch), മികച്ച വിളവ് എന്നിവയോടൊപ്പം കൊച്ചിൻ ഇഞ്ചിയുടെ തനതായ എരിവും മണവും ഇതിനുണ്ട്.

വിളയുടെ കാലയളവ്‌ 240-245 ദിവസങ്ങളാണ്. ഇഞ്ചിയിലെ റൈസോംറോട്ട് എന്ന രോഗത്തെ പ്രതിരോധിക്കുന്നു. തെങ്ങിൻതോപ്പുകളിൽ തനിവിളയായോ ഇടവിളയായോ വളർത്താം. ശരാശരി വിളവ് ഹെക്ടറിന് 36.3 ടൺ. ചുക്കുത്പാദനത്തിനായി ഇടുക്കി, കോട്ടയം ജില്ലകളിൽ കൃഷിചെയ്യാനാകുന്നതാണ് ഈ ഇനം.

കെ.എ.യു. ഗോൾഡൻ ഫിംഗർ

ഡയറക്ടറേറ്റ് ഓഫ് അരീക്കനട്ട് ആൻഡ് സ്പൈസസ് ഡിവലപ്‌മെന്റ് കോഴിക്കോടിന്റെ സാമ്പത്തികസഹായത്തോടെ, വെള്ളാനിക്കര കാർഷികകോളേജിലെ പ്ലാന്റേഷൻക്രോപ്സ് ആൻഡ് സ്പൈസസ് വകുപ്പിലെ ഡോ. നായർ സുനിൽ അപ്പുക്കുട്ടൻതന്നെയാണ് കെ.എ.യു. ഗോൾഡൻ ഫിംഗർ എന്ന മഞ്ഞൾ ഇനം വികസിപ്പിച്ചെടുത്തത്.

ഉയർന്ന കുർക്കുമിൻ അടങ്ങിയ തനത് മഞ്ഞൾഇനമാണിത്. ഉയർന്ന വിളവ് ലഭിക്കും. ഉള്ളിൽ നല്ല കടും ഓറഞ്ച് നിറമാണ്. കയറ്റുമതിക്കനുയോജ്യമായ രീതിയിൽ നല്ല വണ്ണമുള്ള മഞ്ഞൾകിഴങ്ങുകളാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഹെക്ടറിന് ശരാശരി 39-42 ടൺ പച്ചമഞ്ഞൾ വിളവ് ലഭിക്കും.