തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 2025 സെപ്റ്റംബർ ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതോടെ നിലവിലുണ്ടായിരുന്ന പല സുപ്രധാന ഇളവുകളും സർക്കാർ റദ്ദാക്കി.
പ്രധാന മാറ്റങ്ങൾ:
-
ഉയർന്ന യോഗ്യതയുള്ളവർക്കും കെ-ടെറ്റ് നിർബന്ധം: സെറ്റ്, നെറ്റ്, എംഫിൽ, പിഎച്ച്ഡി, എംഎഡ് എന്നീ ഉയർന്ന യോഗ്യതകൾ ഉള്ളവരെ കെ-ടെറ്റ് നേടുന്നതിൽ നിന്നും ഒഴിവാക്കിയിരുന്ന മുൻ ഉത്തരവ് സർക്കാർ റദ്ദാക്കി. ഇതോടെ ഈ യോഗ്യതയുള്ളവരും ഇനി അധ്യാപക തസ്തികകളിലേക്കും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് യോഗ്യത വേണ്ടിവരും.
വിവേചനമെന്ന് ആക്ഷേപം; എയ്ഡഡ് സ്കൂൾ ഭിന്നശേഷി സംവരണത്തിന് കെ-ടെറ്റ് നിർബന്ധം
സ്ഥാനക്കയറ്റത്തിന് നിയന്ത്രണം: ഹൈസ്കൂൾ അധ്യാപകർക്ക് പ്രധാന അധ്യാപകരാകാനോ, ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് (HSST/HSST Junior) ബൈട്രാൻസ്ഫർ നിയമനം ലഭിക്കാനോ ഇനി കെ-ടെറ്റ് കാറ്റഗറി-III നിർബന്ധമായിരിക്കും.
-
എൽ.പി/യു.പി നിയമനം: എൽ.പി, യു.പി അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് കാറ്റഗറി I, II എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ പരിഗണിക്കുന്നത് തുടരും. എന്നാൽ ഹൈസ്കൂൾ നിയമനങ്ങൾക്ക് കാറ്റഗറി III തന്നെ വേണം.
-
സി-ടെറ്റ് ഇളവ്: കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ (CTET) വിജയിച്ചവർക്കുള്ള ഇളവ് തുടരും. സി-ടെറ്റ് പ്രൈമറി സ്റ്റേജ് വിജയിച്ചവരെ എൽ.പി നിയമനത്തിനും എലമെന്ററി സ്റ്റേജ് വിജയിച്ചവരെ യു.പി നിയമനത്തിനും പരിഗണിക്കും.
-
ബൈട്രാൻസ്ഫർ നിയമനങ്ങൾ: എച്ച്.എസ്.ടി/യു.പി.എസ്.ടി/എൽ.പി.എസ്.ടി തസ്തികകളിലേക്കുള്ള ബൈട്രാൻസ്ഫർ നിയമനങ്ങൾക്ക് അതാത് കാറ്റഗറിയിലെ കെ-ടെറ്റ് വിജയിച്ച അധ്യാപകരെയും അനധ്യാപകരെയും മാത്രമേ ഇനി പരിഗണിക്കുകയുള്ളൂ.
സർവീസിലുള്ളവർക്ക് തിരിച്ചടി
പുതിയ ഉത്തരവ് നിലവിൽ സർവീസിലുള്ള ഒട്ടേറെ അധ്യാപകരെ പ്രതിസന്ധിയിലാക്കും.
പ്രതിഷേധവുമായി സംഘടനകൾ
ഇതിനിടെ, അധ്യാപകരെ സർക്കാർ വഞ്ചിച്ചെന്ന വിമർശനവുമായി പ്രതിപക്ഷസംഘടനകൾ രംഗത്തെത്തി. കെ-ടെറ്റിന്റെ പേരിൽ അധ്യാപകരുടെ സ്ഥാനക്കയറ്റം തടയില്ലെന്നു മിനിറ്റ്സ് രേഖപ്പെടുത്തിയ പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലറിലെ മഷി മായുംമുൻപേ അതിനു വിരുദ്ധമായി ഉത്തരവിറക്കി വഞ്ചിച്ചെന്ന് കെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുള്ള ആരോപിച്ചു. കെ-ടെറ്റ് യോഗ്യതയ്ക്ക് രണ്ടു വർഷത്തെ സമയപരിധി സുപ്രീംകോടതിതന്നെ നിശ്ചയിച്ചിരിക്കേയാണ്, വിധിയുടെ പേരിൽ സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും സർക്കാർ തടയുന്നതെന്ന് കെപിഎസ്ടിഎ സംസ്ഥാനപ്രസിഡന്റ് കെ. അബ്ദുൾ മജീദും ജനറൽ സെക്രട്ടറി പി.കെ. അരവിന്ദനും കുറ്റപ്പെടുത്തി.
Content Highlights: Kerala Education Dept makes KTET mandatory for govt/aided school teacher appointments & promotions. Higher qualifications no longer exempt. Read new guidelines.
Published: 02 Jan 2026, 08:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented