കൊല്ലം: എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്ത കാലയളവ് കണക്കിലെടുത്ത് മുൻകാലപ്രാബല്യത്തോടെ നിയമനാംഗീകാരം നൽകണമെന്ന അധ്യാപകരുടെ ആവശ്യം സർക്കാർ നിരസിച്ചു.
ഹൈക്കോടതിയിൽ ഏതാനും അധ്യാപകർ ഫയൽചെയ്ത റിട്ട് ഹർജിയിലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹർജിക്കാരെ നേരിൽക്കേട്ട ശേഷമാണ് നടപടി. ദിവസവേതനത്തിൽ ജോലിയിൽ പ്രവേശിച്ച തീയതി മുതൽ എച്ച്.എസ്.എസ്.ടി./ എച്ച്.എസ്.എസ്.ടി.(ജൂനിയർ) തസ്തികകളിൽ മുൻകാലപ്രാബല്യത്തോടെ അംഗീകാരം നൽകണമെന്നായിരുന്നു ആവശ്യം.
2011-12 അക്കാദമികവർഷത്തിൽ അധിക ബാച്ചുകൾ അനുവദിച്ചപ്പോൾ തസ്തികകൾ സൃഷ്ടിക്കുന്നതുവരെ ഗസ്റ്റ് അധ്യാപകരെ ഉപയോഗിച്ച് ക്ലാസുകൾ നടത്താനായിരുന്നു സർക്കാർനിർദേശം. 2013 ജൂലായ് 15-നാണ് അധ്യാപകതസ്തികകൾ സൃഷ്ടിച്ച് ഉത്തരവായത്.
പിന്നീട് മാനേജർമാർ നിയമാനുസൃതനടപടികൾ പൂർത്തിയാക്കിയാണ് റെഗുലർ നിയമനം നടത്തിയത്. തസ്തിക സൃഷ്ടിക്കാത്ത കാലയളവിൽ നിയമനത്തീയതി മുൻകാലപ്രാബല്യത്തോടെ പുനഃക്രമീകരിച്ചു നൽകണമെന്ന ആവശ്യവും ജൂനിയർ തസ്തികയിൽ തുടരുന്ന കാലത്ത് തസ്തിക ഉയർത്തപ്പെടാത്ത കാലയളവിലേക്ക് നിയമനം പുനഃക്രമീകരിച്ചു നൽകണമെന്ന ആവശ്യവും പരിഗണിക്കാൻ കഴിയില്ലെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. സർക്കാർ നോമിനി ഉൾപ്പെടുന്ന പാനൽ തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികളെയാണ് ഹയർ സെക്കൻഡറി അധ്യാപക തസ്തികകളിൽ നിയമിക്കുന്നത്. ഈ കേസിൽ ഹർജിക്കാർ അവകാശപ്പെടുന്ന പ്രാരംഭനിയമനം ഇത്തരത്തിലുള്ളതല്ലാത്തതിനാൽ നിയമാനുസൃതമല്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Published: 07 Oct 2026, 10:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented