കേരളത്തിലെ 2026- ലെ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (എംബിഎ) കോഴ്‌സ് പ്രവേശനത്തിനായി നടത്തുന്ന കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ-മാറ്റ്) 2026 ആദ്യ സെഷന് പ്രവേശനപരീക്ഷാ കമ്മിഷണർ അപേക്ഷ ക്ഷണിച്ചു. ജനുവരി 15 വരെ അപേക്ഷ സമർപ്പിക്കാം

To advertise here,

വിവിധ സർവകലാശാലകൾ/ഡിപ്പാർട്ട്മെന്റുകൾ, ഓട്ടോണമസ് കോളേജുകൾ ഉൾപ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്‌മെന്റ് കോളേജുകൾ എന്നിവയിലെ എംബിഎ പ്രവേശനത്തിനാണ് കെ-മാറ്റ് നടത്തുന്നത്.

യോഗ്യത

കുറഞ്ഞത് മൂന്നുവർഷം ദൈർഘ്യമുള്ള കോഴ്‌സിലൂടെ ആർട്‌സ്/സയൻസ്/എൻജിനിയറിങ്/കൊമേഴ്‌സ്/മാനേജ്‌മെന്റ് ബാച്ച്ലർ ബിരുദം/തത്തുല്യ യോഗ്യത നേടിയിരിക്കണം. ഏതു സർവകലാശാലയിലെ എംബിഎ കോഴ്‌സിലേക്കാണോ പ്രവേശനം തേടുന്നത്, ആ സർവകലാശാലയ്ക്കു ബാധകമായ യോഗ്യതാപരീക്ഷാ മാർക്ക് വ്യവസ്ഥ തൃപ്തിപ്പെടുത്തിയിരിക്കണം.

വ്യവസ്ഥകൾക്ക് വിധേയമായി യോഗ്യതാപ്രോഗ്രാമിന്റെ അന്തിമവർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. കേരളീയർക്കു മാത്രമാണ് ഏതെങ്കിലും സംവരണ ആനുകൂല്യമോ ഫീസ് ഇളവോ ലഭിക്കുക.

പരീക്ഷ

ആദ്യ സെഷൻ ജനുവരി 25-ന് എല്ലാ ജില്ലകളിലും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി നടത്തും. മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് മൊത്തം 180 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടാകും. പ്ലസ് ടു നിലവാരമുള്ള ചോദ്യങ്ങൾ, ഇംഗ്ലീഷ് ലാംഗ്വേജ് യൂസേജ് ആൻഡ് റീഡിങ് കോംപ്രിഹൻഷൻ (50 ചോദ്യങ്ങൾ), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (50), ഡേറ്റാ സഫിഷ്യൻസി ആൻഡ് ലോജിക്കൽ റീസണിങ് (40), ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്‌സ് (40) എന്നീ മേഖലകളിൽ നിന്നുമായിരിക്കും. ശരിയുത്തരത്തിന് നാല് മാർക്ക്. ഉത്തരം തെറ്റിച്ചാൽ ഒരുമാർക്കുവീതം നഷ്ടപ്പെടും. പരീക്ഷയുടെ സമയക്രമം പിന്നീട് പ്രസിദ്ധപ്പെടുത്തും.

ഉത്തരസൂചിക ചലഞ്ച്

പരീക്ഷയ്ക്കുശേഷം, താത്കാലിക ഉത്തരസൂചിക പ്രസിദ്ധപ്പെടുത്തും. സൂചികയിൽ പരാതിയുണ്ടെങ്കിൽ ഫീസ് അടച്ച് ബന്ധപ്പെട്ട രേഖകൾസഹിതം ഉത്തരസൂചിക ചലഞ്ച് ചെയ്യാൻ മൂന്നുദിവസം ലഭിക്കും. ഒരു സൂചിക ചലഞ്ച് ചെയ്യാൻ 200 രൂപ ഫീസ് ഓൺലൈൻ ആയി അടയ്ക്കണം. ചലഞ്ച് ശരിയെന്നുകണ്ടാൽ അടച്ച തുക തിരികെലഭിക്കും.

യോഗ്യത നേടാൻ

കെ-മാറ്റ് യോഗ്യത നേടാൻ പരമാവധി മാർക്കായ 720-ൽ (180 x 4) കുറഞ്ഞത് 10 ശതമാനം (72) മാർക്ക് നേടണം. പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക്, കുറഞ്ഞത് 7.5 ശതമാനം (54) മാർക്ക് വേണം. യോഗ്യത നേടുന്നവരെ മാത്രമേ സർവകലാശാലകൾ/വകുപ്പുകൾ, ഓട്ടോണമസ് കോളേജുകൾ ഉൾപ്പെടെ, അഫിലിയേഷനുള്ള മാനേജ്‌മെന്റ് കോളേജുകൾ തുടങ്ങിയവയിൽ പ്രവേശനത്തിനായി പരിഗണിക്കൂ.

റാങ്ക് പട്ടിക

എംബിഎ പ്രവേശന റാങ്ക് പട്ടിക തയ്യാറാക്കാൻ കെ-മാറ്റ് സ്‌കോറിന് 80-ഉം ഗ്രൂപ്പ് ഡിസ്‌കഷന് 10-ഉം പേഴ്‌സണൽ ഇന്റർവ്യൂവിനു 10-ഉം ശതമാനം വെയ്‌റ്റേജ് നൽകും.

അപേക്ഷ

ww.cee.kerala.gov.in വഴി ജനുവരി 15-ന് വൈകീട്ട് നാലുവരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1000 രൂപ. പട്ടികജാതിവിഭാഗക്കാർക്ക് 500 രൂപ. പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷാ ഫീസില്ല. തുക ഓൺലൈൻ ആയി അടയ്ക്കാം. ആപ്ലിക്കേഷൻ അക്‌നോളജ്‌മെന്റ് പേജ് ഡൗൺലോഡുചെയ്ത് സൂക്ഷിക്കണം.

യോഗ്യത തെളിയിക്കുന്ന രേഖകൾ ഒന്നുംതന്നെ അപേക്ഷയുടെ ഭാഗമായി അപ്‌ലോഡ് ചെയ്യേണ്ടതില്ല. പ്രവേശനസമയത്ത് അവ സ്ഥാപനത്തിൽ ഹാജരാക്കിയാൽമതി.