ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. 2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി (പോസ്റ്റ് ഗ്രാജുവേറ്റ്) സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകിയതായാണ് കണക്കുകൾ. രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചതായും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു.

To advertise here,

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേലാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ നൽകിയ വിവരങ്ങൾ രാജ്യസഭയിൽ പങ്കുവെച്ചത്. എയിംസ്  ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ സീറ്റുകൾ കൂടി ഇതിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ പത്തുവർഷത്തെ വളർച്ച ഇങ്ങനെ:

മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം:

വിഭാഗം2014-ലെ കണക്ക്നിലവിലെ കണക്ക്
മെഡിക്കൽ കോളേജുകൾ387818
എം.ബി.ബി.എസ് (UG) സീറ്റുകൾ51,3481,28,976
പി.ജി സീറ്റുകൾ31,18585,020

അനുമതി നൽകുന്നത് ഇങ്ങനെ:

മെഡിക്കൽ കോളേജുകളുടെ അപേക്ഷകൾ എൻ.എം.സിയുടെ കീഴിലുള്ള മെഡിക്കൽ അസസ്‌മെന്റ് ആൻഡ് റേറ്റിങ് ബോർഡ് ആണ് പരിശോധിക്കുന്നത്. ഡിജിറ്റൽ രേഖകൾ, ആധാർ അധിഷ്ഠിത ഹാജർ, ആശുപത്രി മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം ഡാറ്റ, നേരിട്ടുള്ള പരിശോധനകൾ എന്നിവയിലൂടെയാണ് അർഹത നിശ്ചയിക്കുന്നത്. പരിശോധനയ്ക്ക് ശേഷമാണ് തീരുമാനമെടുക്കുക.

കുറവ് മെഡിക്കൽ കോളേജുകളുളള മേഖലകളിൽ പ്രത്യേക ശ്രദ്ധ

രാജ്യത്തെ മെഡിക്കൽ കോളേജുകൾ കുറവുള്ള മേഖലകളിൽ കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിനായി കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതി പ്രകാരം 157 മെഡിക്കൽ കോളേജുകൾക്ക് ഇതിനകം അനുമതി നൽകിയിട്ടുണ്ട്. ഇതിനായി 41,332.41 കോടി രൂപയാണ് ആകെ ചെലവ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 90:10 എന്ന അനുപാതത്തിലും മറ്റ് സംസ്ഥാനങ്ങളിൽ 60:40 എന്ന അനുപാതത്തിലുമാണ് കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ ഫണ്ട് അനുവദിക്കുന്നത്.