ഇന്ത്യയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഭാവി രൂപപ്പെടുത്തുന്നതിനായി യുവമനസ്സുകളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം നടപ്പാക്കുന്ന എഐ ഫ്യൂച്ചര്‍ സ്‌കില്‍സ് പദ്ധതിപ്രകാരമുള്ള 2025-26-ലെ ഇന്ത്യ എഐ ഫെലോഷിപ്പുകള്‍ക്ക് അപേക്ഷിക്കാം.

To advertise here,

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍/ഗവേഷണ പഠനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വൈദഗ്ധ്യമുള്ളവരെ വാര്‍ത്തെടുക്കുന്നതിനുമുള്ള ഇന്ത്യ എഐ മിഷനുകീഴിലുള്ള സംരംഭമാണിത്. അംഗീകൃതസ്ഥാപനങ്ങളില്‍നിന്നുള്ള യുജി, പിജി, പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്ക് ഫെലോഷിപ്പുകള്‍ നല്‍കുന്നു.

വ്യവസ്ഥകള്‍

ഇന്ത്യന്‍ പൗരനാകണം. യുജി, പിജി, ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ക്ക്, ടെക്‌നിക്കല്‍ (എന്‍ജിനിയറിങ് ആന്‍ഡ് സയന്‍സസ്), മെഡിസിന്‍, ലോ, കൊമേഴ്‌സ്, ബിസിനസ്, ലിബറല്‍ ആര്‍ട്‌സ് എന്നിവയുള്‍പ്പെടെ ഏതെങ്കിലും മേഖലയില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.

എഐ/എഐയുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും ഡൊമെയ്‌നുകള്‍ (അല്ലെങ്കില്‍ രണ്ടും) അടിസ്ഥാനമാക്കിയുള്ള പ്രോജക്ടുകള്‍ ഏറ്റെടുക്കണം. പാര്‍ട്ട്ടൈം വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.

യോഗ്യത

1.  യുജി

അപേക്ഷകര്‍ ബിരുദകോഴ്‌സിന്റെ അവസാനവര്‍ഷത്തില്‍ പഠിക്കുന്നവര്‍ ആയിരിക്കണം. മൂന്നുവര്‍ഷ യുജി പ്രോഗ്രാമെങ്കില്‍ നാലാം സെമസ്റ്റര്‍ പൂര്‍ത്തിയാക്കിയിരിക്കണം. അല്ലെങ്കില്‍ രണ്ടാംവര്‍ഷ ഫലങ്ങള്‍ പുറത്തുവന്നിരിക്കണം.

നാലുവര്‍ഷ യുജി പ്രോഗ്രാമില്‍ പഠിക്കുന്നവര്‍ ആറാംസെമസ്റ്റര്‍ പൂര്‍ത്തിയാക്കിയിരിക്കണം. അല്ലെങ്കില്‍ അവരുടെ മൂന്നാംവര്‍ഷ ഫലം വന്നിരിക്കണം. എഐയില്‍ കുറഞ്ഞത് മൂന്നു ഫുള്‍ടൈം കോഴ്‌സുകള്‍ ചെയ്തിരിക്കണം. അവസാനമായി പൂര്‍ത്തിയാക്കിയ സെമസ്റ്ററില്‍ കുറഞ്ഞത് 8.0 സിജിപിഎ അല്ലെങ്കില്‍ 80 ശതമാനം മാര്‍ക്കുണ്ടായിരിക്കണം.

2. പിജി

പഠനം ഒന്നാം/രണ്ടാം/ മൂന്നാം സെമസ്റ്ററില്‍ ആയിരിക്കണം. ബിരുദതലത്തില്‍ കുറഞ്ഞത് 80 ശതമാനം മാര്‍ക്കുവേണം. രണ്ടാംസെമസ്റ്ററിലോ മൂന്നാംസെമസ്റ്ററിലോ അപേക്ഷിക്കുന്നവര്‍, പൂര്‍ത്തിയാക്കിയ സെമസ്റ്റര്‍വരെ പിജി പഠനത്തില്‍ കുറഞ്ഞത് 75 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.

3. ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഡിഗ്രി

 ബിരുദകോഴ്‌സിന്റെ അവസാനവര്‍ഷത്തില്‍ ആയിരിക്കണം. കൂടാതെ, പൂര്‍ത്തിയാക്കിയ സെമസ്റ്റര്‍വരെ കുറഞ്ഞത് 8.0 സിജിപിഎ അല്ലെങ്കില്‍ മൊത്തത്തില്‍ 80 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. എട്ടാം സെമസ്റ്റര്‍ പൂര്‍ത്തിയാക്കിയിരിക്കണം. അല്ലെങ്കില്‍ നാലാംവര്‍ഷ ഫലം ലഭ്യമായവരായിരിക്കണം. അപേക്ഷകര്‍ എഐ മേഖലയില്‍ കുറഞ്ഞത് മൂന്ന് ഫുള്‍ ടൈം കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയിരിക്കണം.

4. പിഎച്ച്ഡി 

പ്രോഗ്രാമിന്റെ ആദ്യവര്‍ഷത്തിലായിരിക്കണം. ഗവേഷണ ഡൊമെയ്ന്‍ എഐ/ അനുബന്ധമേഖല (അല്ലെങ്കില്‍ രണ്ടും) അടിസ്ഥാനമാക്കിയുള്ളതാകണം. ബിരുദപ്രോഗ്രാമില്‍ കുറഞ്ഞത് 8.0 സിജിപിഎ അല്ലെങ്കില്‍ 80 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ പിജി പ്രോഗ്രാമില്‍ കുറഞ്ഞത് 7.5 സിജിപിഎ അല്ലെങ്കില്‍ 75 ശതമാനം മാര്‍ക്കുവേണം.

സഹായധനം

  • യുജി, ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഡിഗ്രി -ഒരു ലക്ഷം രൂപവരെ
  • പിജി -രണ്ടുലക്ഷം രൂപവരെ
  •  പിഎച്ച്ഡി -ഫെലോഷിപ്പ് തുക, ആദ്യ രണ്ടുവര്‍ഷത്തേക്ക് പ്രതിമാസം 70,000 രൂപ. മൂന്നാംവര്‍ഷം പ്രതിമാസം 75, 000 രൂപയും നാല്, അഞ്ച് വര്‍ഷങ്ങളില്‍ പ്രതിമാസം 80,000 രൂപയും.
  • എച്ച്ആര്‍എ പോലുള്ള അലവന്‍സുകളും ഇതില്‍ ഉള്‍പ്പെടും. പ്രതിവര്‍ഷം രണ്ടുലക്ഷം രൂപയുടെ ഗവേഷണ ഗ്രാന്റിനും അര്‍ഹതയുണ്ട്.

അപേക്ഷ

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷയ്ക്കും: fellowship.indiaai.gov.in/login അപേക്ഷിക്കേണ്ട അവസാന തീയതി: നവംബര്‍ 30.