ബിരുദാനന്തര ബിരുദത്തിന് (പി.ജി.) പഠിക്കുന്ന വിദ്യാർഥികൾക്കായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു.ജി.സി.) നടപ്പാക്കുന്ന പദ്ധതിയാണ് ‘നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസ്’ (എൻ.എസ്.പി.ജി.). പ്രതിമാസം 15,000 രൂപവീതം വർഷത്തിൽ 10 മാസത്തേക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. അതായത്, രണ്ട് വർഷത്തെ കോഴ്സ് കാലയളവിൽ പ്രതിവർഷം 1.5 ലക്ഷം രൂപ സാമ്പത്തിക സഹായമായി ലഭിക്കും.

To advertise here,

യോഗ്യത

ബിരുദപഠനത്തിന് ആദ്യവർഷത്തിൽ പ്രവേശനം നേടിയവരാകണം. നേരത്തേ ഏതെങ്കിലും പി.ജി. ബിരുദം നേടിയവർക്ക് അർഹതയില്ല. ഇന്റഗ്രേറ്റഡ് കോഴ്സാണെങ്കിൽ പി.ജി. ഭാഗത്തിനു മാത്രമേ സ്കോളർഷിപ്പ് ലഭിക്കൂ.

പ്രവേശനം നേടുമ്പോൾ 30 വയസ്സിൽ താഴെയായിരിക്കണം. റെഗുലർ/ഫുൾടൈം കോഴ്സിന് ചേർന്നവർക്കു മാത്രം; ഓപ്പൺ/ദൂരവിദ്യാഭ്യാസം, പ്രൈവറ്റ്, പാർട്ട്-ടൈം മോഡിലുള്ളവർക്ക് അർഹതയില്ല. യു.ജി.സി.യുടെ 2014-ലെ വിജ്ഞാപനപ്രകാരമുള്ള പ്രോഗ്രാമുകൾക്കുമാത്രം.

സീറ്റ് വിഭജനവും വനിതാ സംവരണവും

സീറ്റുകളിൽ 30% വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.  വനിതാ സംവരണ സീറ്റുകൾ രണ്ട് ഘട്ടങ്ങളായാണ് നികത്തുന്നത്. ഒന്നാം ഘട്ടത്തിൽ, കുടുംബത്തിലെ ഏകമകളോ ഇരട്ടക്കുട്ടികളായി ജനിച്ച പെൺമക്കളോ (‘സിംഗിൾ/ട്വിൻ/ഫ്രറ്റേണൽ ഗേൾ ചൈൽഡ്’) ആയവർക്കാണ് ആദ്യ പരിഗണന. ഇവരെ തിരഞ്ഞെടുക്കുമ്പോൾ ബിരുദ പരീക്ഷയിലെ മാർക്ക് മാനദണ്ഡമാക്കില്ല. ഈ വിഭാഗത്തിൽപ്പെടുന്നവരെ ഉൾപ്പെടുത്തിയശേഷം വനിതാ സംവരണ സീറ്റുകളിൽ എന്തെങ്കിലും ഒഴിവുണ്ടെങ്കിൽ, രണ്ടാം ഘട്ടത്തിൽ അവ മറ്റ് പെൺകുട്ടികൾക്ക് അവരുടെ ബിരുദ മാർക്കിന്റെ അടിസ്ഥാനത്തിൽ (മെറിറ്റ്) നൽകും.

കൂടാതെ, ആർട്സ്/ഹ്യുമാനിറ്റീസ്/സോഷ്യൽ സയൻസ്/നിയമം/മാനേജ്മെന്റ് വിഭാഗത്തിന് 50 ശതമാനവും സയൻസ്/എൻജിനിയറിങ്/മെഡിക്കൽ/ടെക്നിക്കൽ/കാർഷിക വിഭാഗത്തിന് 50 ശതമാനവും സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പുരീതി

ബിരുദപഠനത്തിലെ മാർക്കിന്റെ അഖിലേന്ത്യാ മെറിറ്റ് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് (വനിതാസംവരണ വിഭാഗം ഒഴികെ). തുല്യമാർക്ക് ലഭിച്ചവർ ഉണ്ടെങ്കിൽ പ്ലസ് ടു മാർക്ക് അടിസ്ഥാനമാക്കി ചുരുക്കപ്പട്ടിക തയ്യാറാക്കും. സാധാരണ നവംബർ-ഡിസംബർ മാസങ്ങളിലാണ് ഫലം പ്രഖ്യാപിക്കുന്നത്.

സ്ഥാപനങ്ങളുടെ യോഗ്യത

നാക് അക്രെഡിറ്റേഷനുള്ള അംഗീകൃത സർവകലാശാലകൾ/കോളേജുകൾ, യു.ജി.സി. ആക്ടിന്റെ സെക്‌ഷൻ 3 പ്രകാരമുള്ള ഡീംഡ് ടു ബി യൂണിവേഴ്സിറ്റികൾ, കേന്ദ്ര/സംസ്ഥാന സർക്കാരുകൾ പൂർണമായും സഹായധനം നൽകുന്നതും ബിരുദം നൽകാൻ അധികാരമുള്ളതുമായ സ്ഥാപനങ്ങൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ് പദവിയുള്ള സ്ഥാപനങ്ങൾ എന്നിവയിലെ വിദ്യാർഥികൾക്കാണ് അർഹത. സ്ഥാപനത്തിന് സാധുവായ എ.ഐ.എസ്.എച്ച്.ഇ. കോഡ് വേണം

അപേക്ഷ

scholarships.gov.in വഴി ഒക്ടോബർ 31 വരെ അപേക്ഷിക്കാം. എൻ.എസ്.പി.പോർട്ടലിൽ ആധാർ വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കി, വ്യക്തിഗത-ബാങ്ക് വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക. രേഖകൾ സ്ഥാപനത്തിൽ നൽകി വെരിഫിക്കേഷൻ ഉറപ്പാക്കുക.

പുതുക്കൽ

രണ്ടാം വർഷത്തേക്ക് സ്കോളർഷിപ്പ് തുടരണമെങ്കിൽ ഒന്നാം വർഷം വിജയകരമായി പൂർത്തിയാക്കുകയും ഹാജർ ഉൾപ്പെടെയുള്ള വ്യവസ്ഥകൾ പാലിക്കുകയും വേണം. ഇതിനായി ‘റിന്യൂവൽ’ അപേക്ഷ നൽകണം. കോഴ്സോ സ്ഥാപനമോ മാറിയാൽ സ്കോളർഷിപ്പ് റദ്ദാകും.

പ്രത്യേകം ശ്രദ്ധിക്കുക

•വരുമാനപരിധിയില്ല. പൂർണമായും മെറിറ്റ് അടിസ്ഥാനത്തിൽ. വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.

• സംവരണം പൊതുനയം അനുസരിച്ച്. വനിതകൾക്കുള്ള 30% സംവരണവും വിഷയാധിഷ്ഠിത വിഭജനവും ഒഴികെ, എസ്.സി., എസ്.ടി., ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. സംവരണം കേന്ദ്രസർക്കാരിന്റെ പൊതു സംവരണനയം അനുസരിച്ചാണ് നിശ്ചയിക്കുന്നത്. മാർഗരേഖയിൽ ഇവയ്ക്ക് പ്രത്യേകം ശതമാനം നിർദേശിച്ചിട്ടില്ല.

• ഒറ്റ ആനുകൂല്യംമാത്രം: നിലവിൽ ഒരേസമയം മറ്റൊരു സ്കോളർഷിപ്പോ ഫെലോഷിപ്പോ കൈപ്പറ്റാൻ പാടില്ല.

സ്വന്തം ബാങ്ക് അക്കൗണ്ട്

തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നതിനാൽ ആധാർ ബന്ധിപ്പിച്ച സ്വന്തം ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. പഴയ മൈനർ അക്കൗണ്ട് പരിഗണിക്കില്ല.

പേര്, അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി. കോഡ് എന്നിവയിൽ പൊരുത്തക്കേടുണ്ടെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടാലും തുക ലഭിക്കാതെ പോകാമെന്നതിനാൽ ഇവ കൃത്യമായി രേഖപ്പെടുത്താൻ ശ്രദ്ധിക്കണം.

വിവരങ്ങൾക്ക്: www.ugc.gov.in/Notices | scholarships.gov.in/