ന്യൂഡൽഹി: ക്യാമ്പസ് പ്ലേസ്‌മെൻ്റ് വഴി വിദ്യാർഥികൾക്ക് നൽകിയ തൊഴിൽ വാഗ്ദാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് 22 കമ്പനികളുമായി അടുത്ത രണ്ട് വർഷത്തേക്ക് സഹകരിക്കേണ്ടതില്ലെന്ന് ഐ.ഐ.ടി.കൾ. 2026-ൽ പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കാണ് കമ്പനികൾ ജോലി നിഷേധിച്ചത്. ഐഐടികളിലെ പ്ലേസ്‌മെൻ്റ് ഏകോപന സമിതിയായ ഓൾ ഐഐടി പ്ലേസ്‌മെൻ്റ് കമ്മിറ്റി ഐഐടി ഗുവഹാത്തിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

To advertise here,

തീരുമാനം സെപ്റ്റംബർ 30-നകം ഇമെയിൽ വഴി കമ്പനികളെ അറിയിക്കും. നടപടിയെ 'ബ്ലാക്ക്‌ലിസ്റ്റിങ്' എന്ന് വിളിക്കാതെ നിസ്സഹകരണം എന്നാണ് പ്ലേസ്‌മെൻ്റ് കമ്മിറ്റി വിശേഷിപ്പിക്കുന്നത്. 23 ഐഐടികളിലായി 150-ലധികം തൊഴിൽ വാഗ്ദാനങ്ങളാണ് കമ്പനികൾ റദ്ദാക്കിയത്. പ്രമുഖ കമ്പനിയായ ഒറാക്കിൾ മാത്രം 40 ഓളം ഓഫറുകൾ പിൻവലിച്ചു. കൂടാതെ നിരവധി സ്റ്റാർട്ടപ്പുകളും പട്ടികയിലുണ്ട്.

തൊഴിൽ വാഗ്ദാനം നിഷേധിക്കപ്പെട്ട വിദ്യാർഥികളുടെ ബയോഡാറ്റ ഐഐടി പ്ലേസ്‌മെൻ്റ് സെല്ലുകൾ മറ്റ് കമ്പനികൾക്ക് കൈമാറുകയും ഇതിനകം 20-30 ശതമാനം വിദ്യാർഥികൾക്ക് മറ്റ് തൊഴിൽ അവസരങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.