ഉന്നതപഠനത്തിനായി ലക്ഷങ്ങൾ വിദ്യാഭ്യാസ വായ്പയെടുക്കുമ്പോൾ വർഷങ്ങളോളം നീളുന്ന തിരിച്ചടവ് പലരുടെയും ഉറക്കം കെടുത്താറുണ്ട്. എന്നാൽ കൃത്യമായ സാമ്പത്തിക അച്ചടക്കമുണ്ടെങ്കിൽ 15 വർഷത്തെ വായ്പാ കാലാവധി വെറും അഞ്ച് വർഷമായി ചുരുക്കാമെന്നും ലക്ഷങ്ങൾ പലിശയിനത്തിൽ ലാഭിക്കാമെന്നും തെളിയിക്കുകയാണ് ഐഐഎം കോഴിക്കോട് പൂർവ്വ വിദ്യാർഥിനി ഡിംപിൾ പോർവാൾ. എംബിഎ പഠനത്തിനായി എടുത്ത 25 ലക്ഷം രൂപയുടെ വായ്പ അതിവേഗം അടച്ചുതീർത്ത് ഏകദേശം 10 ലക്ഷം രൂപ പലിശയിനത്തിൽ ലാഭിച്ച അനുഭവമാണ് ഡിംപിൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
സിംഗിൾ മദറിന്റെ ഏക മകളായ ഡിംപിളിന് എംബിഎ പഠനം വലിയൊരു വെല്ലുവിളിയായിരുന്നു. ഉണ്ടായിരുന്ന സ്ഥിരവരുമാനമുള്ള ജോലി ഉപേക്ഷിച്ച്, രണ്ട് വർഷത്തേക്ക് വരുമാനമില്ലാതെ 25 ലക്ഷം രൂപയുടെ വായ്പയെടുക്കാൻ തീരുമാനിച്ച രാത്രി തനിക്ക് ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ലെന്ന് അവർ ഓർക്കുന്നു. 15 വർഷം നീളുന്ന കടബാധ്യതയിലേക്ക് വീഴാതിരിക്കാൻ, മൈക്രോസോഫ്റ്റിൽ ജോലിയിൽ പ്രവേശിച്ച് ആദ്യ ശമ്പളം കൈപ്പറ്റുന്നതിന് മുൻപ് തന്നെ അവർ തിരിച്ചടവിനുള്ള കൃത്യമായ പദ്ധതി തയ്യാറാക്കിയിരുന്നു.
കടക്കെണി ഒഴിവാക്കാൻ സ്വീകരിച്ച അഞ്ച് മാർഗങ്ങളെ കുറിച്ചും വിശദീകരിക്കുന്നുണ്ട്.
പ്രതിമാസ തിരിച്ചടവായ ഏകദേശം 22,000 രൂപ കൃത്യസമയത്ത് തന്നെ അടച്ചു. ഇത് പിഴ ഒഴിവാക്കാനും മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്താനും സഹായിച്ചു. സാധാരണ 12 മാസത്തെ ഇഎംഐകൾക്ക് പുറമേ, ഓരോ മൂന്ന് മാസത്തിലും ഓരോ അധിക ഗഡു വീതം വർഷത്തിൽ നാല് ഇഎംഐകൾ കൂടുതലായി അടച്ചു. ഇത് വായ്പയുടെ മുതലിൽ വലിയ കുറവുണ്ടാക്കി.
ജോലിയിൽ നിന്ന് ലഭിച്ച വാർഷിക ബോണസും മൈക്രോസോഫ്റ്റിന്റെ സ്റ്റോക്ക് ആനുകൂല്യങ്ങളും മറ്റ് ആഡംബരങ്ങൾക്കായി ചെലവഴിക്കാതെ വായ്പയിലേക്ക് മുൻകൂറായി അടച്ചു.
കരിയറിൽ ശമ്പളം വർദ്ധിക്കുന്നതിനനുസരിച്ച് തിരിച്ചടവ് തുകയും ഉയർത്തി. ശമ്പളത്തിൽ 10 ശതമാനം വർദ്ധനവുണ്ടാകുമ്പോൾ, പ്രതിമാസ ഇഎംഐയിലും 10 ശതമാനം വർദ്ധന വരുത്തി.
ആദായനികുതി നിയമത്തിലെ സെക്ഷൻ 80E പ്രകാരം വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്ക് ലഭിക്കുന്ന നികുതി ഇളവ് കൃത്യമായി വിനിയോഗിച്ചു. നികുതിയിനത്തിൽ ലാഭിച്ച തുകയും വായ്പ അടച്ചുതീർക്കാനായി ഉപയോഗിച്ചു.
10 ലക്ഷം രൂപയുടെ ലാഭം
15 വർഷത്തെ കാലാവധിയിൽ വായ്പ തുടർന്നിരുന്നെങ്കിൽ ഏകദേശം 15 ലക്ഷം രൂപയോളം പലിശയായിമാത്രം നൽകേണ്ടി വരുമായിരുന്നു. അഞ്ച് വർഷം കൊണ്ട് വായ്പ പൂർണ്ണമായി അടച്ചുതീർത്തപ്പോൾ ആകെ പലിശയായി നൽകേണ്ടി വന്നത് 4.6 ലക്ഷം രൂപ മാത്രമാണ്. അതുവഴി 10 ലക്ഷം രൂപയോളം ലാഭിക്കാൻ സാധിച്ചു.
വലിയ സാമ്പത്തിക റിസ്കുകളോ സങ്കീർണ്ണമായ നിക്ഷേപ രീതികളോ ഇല്ലാതെ, ലളിതമായ രീതിയിലൂടെയാണ് കടബാധ്യത തീർത്തതെന്ന് ഡിംപിൾ വ്യക്തമാക്കുന്നു. കരിയറിലെ വളർച്ചയ്ക്കായി വായ്പയെടുക്കാൻ മടിക്കുന്ന യുവാക്കൾക്ക് ‘സ്വയം വിശ്വസിക്കുക, പക്ഷേ കൃത്യമായൊരു പ്ലാൻ കയ്യിൽ കരുതുക’ എന്ന ടിപ്പാണ് അവർ നൽകുന്നത്.
Content Highlights: IIM Kozhikode alumna and Microsoft employee Dimple Porwal repaid her Rs 25 lakh MBA education loan in just five years instead of 15
Published: 19 Nov 2026, 02:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented