കൊച്ചി: സുസ്ഥിര വികസനത്തിലും അന്തർവിഷയ ഗവേഷണത്തിലും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്). ഈ ആഴ്ച പുറത്തുവിട്ട രണ്ട് പ്രമുഖ ആഗോള സർവകലാശാലാ റാങ്കിങ്ങുകളിലാണ് കുസാറ്റ് മികച്ച സ്ഥാനം നേടിയത്.

To advertise here,

നവംബർ 17-ന് പുറത്തിറക്കിയ ക്യു.എസ്. വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്സ്: സസ്റ്റൈനബിലിറ്റി 2027-ൽ ആഗോളതലത്തിൽ 849-ാം സ്ഥാനവും ഇന്ത്യയിൽ 37-ാം സ്ഥാനവും കുസാറ്റ് നേടി. കേരളത്തിലെ സർവകലാശാലകളിൽ ഒന്നാം സ്ഥാനത്താണ് കുസാറ്റ്. ഈ റാങ്കിങ്ങിൽ ലോകത്തിലെ ആദ്യ 1000 സർവകലാശാലകളിൽ ഇടം നേടിയ കേരളത്തിൽ നിന്നുള്ള ഏക ഉന്നതവിദ്യാഭ്യാസ സ്ഥാപനവും കുസാറ്റാണ്.

ലോകത്തെ 107 മേഖലകളിലായി രണ്ടായിരത്തിലധികം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയാണ് ക്യു.എസ്. സസ്റ്റൈനബിലിറ്റി റാങ്കിങ് തയ്യാറാക്കിയത്. പരിസ്ഥിതി സുസ്ഥിരത, സാമൂഹിക ഉത്തരവാദിത്തം, ഭരണനിർവഹണം തുടങ്ങിയ മേഖലകളിലെ സർവകലാശാലകളുടെ സംഭാവനകളാണ് വിലയിരുത്തിയത്. പരിസ്ഥിതി വിദ്യാഭ്യാസവും ഗവേഷണവും, കാലാവസ്ഥാ പ്രവർത്തനങ്ങൾ, തുല്യതയും ഉൾച്ചേർക്കലും, ആരോഗ്യവും ക്ഷേമവും, സാമൂഹിക ഇടപെടലുകളും സ്ഥാപന ഭരണനിർവഹണവും ഇതിന്റെ ഭാഗമായി പരിഗണിച്ചു.

നവംബർ 18-ന് പുറത്തിറക്കിയ ടൈംസ് ഹയർ എജ്യുക്കേഷൻ ഇന്റർഡിസിപ്ലിനറി സയൻസ് റാങ്കിങ്സ് 2027-ൽ ആഗോളതലത്തിൽ 351–400 ബാൻഡിലും കുസാറ്റ് ഇടം നേടി.

ടൈംസ് ഹയർ എജ്യുക്കേഷൻ, ഷ്മിറ്റ് സയൻസ് ഫെല്ലോസുമായി സഹകരിച്ച് തയ്യാറാക്കിയ റാങ്കിങ്, സങ്കീർണമായ ശാസ്ത്ര-സാങ്കേതിക-സാമൂഹിക വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി വിവിധ വിജ്ഞാനശാഖകളെ ഏകോപിപ്പിച്ചുള്ള ഗവേഷണത്തിന് പ്രോത്സാഹനം നൽകുന്ന സർവകലാശാലകളെയാണ് അംഗീകരിക്കുന്നത്. 2027-ലെ റാങ്കിങ്ങിൽ 102 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമായി 1,058 സ്ഥാപനങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.

അന്തർവിഷയ ഗവേഷണത്തിനുള്ള വിഭവവിനിയോഗം, ഗവേഷണാന്തരീക്ഷം, വിവിധ വിജ്ഞാനശാഖകൾ തമ്മിലുള്ള സഹകരണം, ഗവേഷണഫലങ്ങളുടെ ഗുണനിലവാരം എന്നിവയാണ് ഈ റാങ്കിംഗിൽ വിലയിരുത്തുന്നത്. ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളെ ഏകോപിപ്പിച്ചുള്ള ഗവേഷണത്തിന് കുസാറ്റ് നൽകുന്ന പ്രാധാന്യത്തിനുള്ള അംഗീകാരമാണ് ഈ നേട്ടം.

സുസ്ഥിര വികസനം, നവീകരണം, സഹകരണ ഗവേഷണം എന്നീ മേഖലകളിൽ കുസാറ്റ് നടത്തുന്ന പ്രവർത്തനങ്ങളുടെ ആഗോള അംഗീകാരമാണ് ഈ രണ്ട് റാങ്കിംഗുകളിലൂടെയും വ്യക്തമാകുന്നത്. അന്താരാഷ്ട്ര അക്കാദമിക രംഗത്ത് സർവകലാശാലയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഈ നേട്ടങ്ങൾ.