ന്യൂഡൽഹി: മുൻവർഷത്തെപ്പോലെ ഇത്തവണയും സി.ഐ.എസ്.സി.ഇ. ബോർഡ് പരീക്ഷയിൽ തിളക്കമുള്ള പ്രകടനവുമായി കേരളം. 10-ാം ക്ലാസിൽ 99.99 ശതമാനംപേരും 12-ാം ക്ലാസിൽ 99.93 ശതമാനം പേരും വിജയിച്ചു.

To advertise here,

160 സ്കൂളുകളിലെ 7186 (3512 ആൺകുട്ടികൾ, 3674 പെൺകുട്ടികൾ) വിദ്യാർഥികൾ പത്താംക്ലാസ് പരീക്ഷയെഴുതിയതിൽ 7185 പേരും വിജയിച്ചു. 72 സ്കൂളുകളിലെ 2822 (1371 ആൺകുട്ടികൾ, 1451 പെൺകുട്ടികൾ) പേരാണ് 12-ാം ക്ലാസ് പരീക്ഷയെഴുതിയത്.

ഇതിൽ 2820 പേരും വിജയിച്ചു. ഇരുക്ലാസുകളിലും പെൺകുട്ടികൾ നൂറുശതമാനം വിജയം നേടിയപ്പോൾ ആൺകുട്ടികൾ 10, 12 ക്ലാസുകളിൽ യഥാക്രമം 99.97 ശതമാനവും 99.85 ശതമാനവും വിജയിച്ചു.

രാജ്യവ്യാപകമായി പത്താംക്ലാസ് പരീക്ഷയിൽ 1,30,506 ആൺകുട്ടികളും 1,13,111 പെൺകുട്ടികളും പങ്കെടുത്തു. 1,29,612 ആൺകുട്ടികളും 1,12,716 പെൺകുട്ടികളും വിജയിച്ചു. പന്ത്രണ്ടാംക്ലാസ് പരീക്ഷയിൽ 47,136 പെൺകുട്ടികളും 52,765 ആൺകുട്ടികളും പരീക്ഷയെഴുതിയതിൽ 46,626 പെൺകുട്ടികളും 51,462 ആൺകുട്ടികളും വിജയിച്ചു.

ദക്ഷിണമേഖലയ്ക്കും നേട്ടം

ഉയർന്ന വിജയശതമാനം നേടിയത് രാജ്യത്തിന്റെ പശ്ചിമമേഖലയും ദക്ഷിണമേഖലയുമാണ് . ഏറ്റവുമധികം പെൺകുട്ടികൾ 10-ാം ക്ലാസിൽ ദക്ഷിണമേഖലയിൽനിന്നും (49.52) പന്ത്രണ്ടാംക്ലാസിൽ പശ്ചിമ മേഖലയിൽ (50.55 ശതമാനം) നിന്നുമാണ് പരീക്ഷയെഴുതിയത്.

ഇന്ത്യക്കു പുറത്ത്, ഇൻഡൊനീഷ്യ, സിങ്കപ്പൂർ, ദുബായ് (യു.എ.ഇ.) എന്നിവിടങ്ങളിലെ സ്കൂളുകൾ പത്താംക്ലാസിൽ 100 ശതമാനം വിജയം നേടിയപ്പോൾ, സിങ്കപ്പൂരിലെയും ദുബായിലെയും (യു.എ.ഇ.) സ്‌കൂളുകൾ 12-ാം ക്ലാസിൽ 100 ശതമാനം വിജയം നേടി. മറ്റു വിശദാംശങ്ങൾക്ക് https://www.cisce.org സന്ദര്‍ശിക്കാം.

വിജയശതമാനം കൂടുതല്‍

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിജയശതമാനം കൂടുതലാണ്. അനാരോഗ്യകരമായ മത്സരം തടയുന്നതിനായാണ് പരീക്ഷകളുടെ മെറിറ്റ് ലിസ്റ്റുകള്‍ പുറത്തിറഖ്കുന്നത് കഴിഞ്ഞവര്‍ഷത്തെപ്പോലെ ഇത്തവണയും ഒഴിവാക്കിയത്. 2023 മുതല്‍ ബോര്‍ഡ് പരീക്ഷകളുടെ മെരിറ്റ് ലിസ്റ്റ് പുറത്തുവിടുന്നത് സി.ബി.എസ്.ഇ.യും അവസാനിപ്പിച്ചിരുന്നു. 

ജോസഫ് ഇമ്മാനുവല്‍, ചീഫ് എക്‌സിക്യൂട്ടീവ് സെക്രട്ടറി, സി.ഐ.എസ്.സി.ഇ