തിരുവനന്തപുരം: സ്‌കൂളുകളിൽ കലാ-കായികമേള വിജയികൾക്ക് ഗ്രേസ് മാർക്ക് നൽകിവരുന്നതുപോലെ കുട്ടികളിലെ വായനാശീലത്തെ പ്രോത്സാഹിപ്പിക്കാൻ ഗ്രേസ് മാർക്ക് കൊടുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഏഴാം പതിപ്പിന് പതാക ഉയർത്തിയശേഷം ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുസ്തകം, പത്രം എന്നിവയെല്ലാം വായിക്കുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്കായി 10 മാർക്ക് നൽകണമെന്നാണ് നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘സ്‌കൂളുകളിൽ കലാ-കായികമേള വിജയികൾക്ക് ഇപ്പോൾ ഗ്രേസ് മാർക്ക് കൊടുക്കുന്നുണ്ട്. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കാമെന്ന ഉദ്ദേശ്യത്തോടെ വായനക്ക് 10 മാർക്ക് ഗ്രേസ് മാർക്ക് നൽകണമെന്ന് നിശ്ചയിക്കുകയുണ്ടായി. അതിനായി പുസ്തകം, പത്രം എന്നിവ വായിക്കുകയും അതിനൊരു പ്രോജക്ട് തയ്യാറാക്കുകയും വേണം. ഈ മാർക്ക് നൽകുമെന്നതിനാൽ കുട്ടികൾക്ക് വായനയോട് താത്പര്യം വന്നിട്ടുണ്ട്. ഇനി അതെങ്ങനെ വേണമെന്ന് വിദഗ്ധരുമായി ആലോചിക്കും. മാധ്യമരംഗത്തെ പ്രമുഖരുമായി ആലോചന നടചത്തിയിരുന്നു. മാധ്യമം മാത്രമല്ല വിവിധ പുസ്തകങ്ങളും വായിക്കേണ്ടതുണ്ട്. അത് കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഗ്രേസ് മാർക്ക് കൊടുക്കുന്നതിനെക്കുറിച്ച് എല്ലാവരുമായി ആലോചിച്ച് തീരുമാനിക്കും', മന്ത്രി പറഞ്ഞു.
'സ്‌കൂൾ ലൈബ്രറികളിൽ വിദ്യാഭ്യാസ വകുപ്പ് പുസ്തകങ്ങളൊരുക്കിയിട്ടുണ്ടെങ്കിലും അവ കുട്ടികളിലെത്തുന്നില്ല. തിരിച്ചുകിട്ടി വരവുവെച്ചില്ലെങ്കിൽ വർഷാവസാനം ബാധ്യതയാവുമോ എന്നാലോചിച്ച് അധ്യാപകർ കൊടുക്കാൻ മടിക്കുന്നു'- മന്ത്രി കൂട്ടിച്ചേർത്തു.
എഴുത്തുകാർക്കും കലാകാരന്മാർക്കും സാംസ്‌കാരിക പ്രവർത്തകർക്കും മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം പ്രചോദനമാണെന്നും രാജ്യത്തെമ്പാടുമുള്ള അക്ഷരസ്നേഹികളുടെ ശ്രദ്ധയാകർഷിക്കുന്ന ഉത്സവമായി മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം മാറിക്കഴിഞ്ഞെന്നും മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
Content Highlights: Kerala Education Minister V. Sivankutty announces discussions on granting grace marks for students who cultivate reading habits, aiming to boost literacy and engagement with books and newspapers.
Published: 28 Jan 2026, 10:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented