തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അക്ഷരോത്സവമായ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഏഴാം പതിപ്പിന് കനകക്കുന്നിൽ കൊടിയേറി. വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി പതാക ഉയർത്തി.

To advertise here,

മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ, മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, കെ.എസ്. ശബരിനാഥൻ, എഴുത്തുകാരി റോസ്‌മേരി, ഡോ.കെ. ഓമനക്കുട്ടി, പ്രഭാവർമ, ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വി. വേണു, മാതൃഭൂമി എഡിറ്റർ മനോജ് കെ. ദാസ്, മാതൃഭൂമി ന്യൂസ് ചാനൽ എഡിറ്റർ രാജീവ് ദേവരാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്തെമ്പാടുമുള്ള അക്ഷരസ്‌നേഹികളുടെ ശ്രദ്ധയാകർഷിക്കുന്ന ഉത്സവമായി മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം മാറിക്കഴിഞ്ഞെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.

“എഴുത്തുകാർക്കും കലാകാരന്മാർക്കും സാംസ്‌കാരിക പ്രവർത്തകർക്കും 'ക' പ്രചോദനമാണ്. സ്‌കൂൾ ലൈബ്രറികളിൽ വിദ്യാഭ്യാസ വകുപ്പ് പുസ്തകങ്ങളൊരുക്കിയിട്ടുണ്ടെങ്കിലും അവ കുട്ടികളിലെത്തുന്നില്ല. തിരിച്ചുകിട്ടി വരവുവെച്ചില്ലെങ്കിൽ വർഷാവസാനം ബാധ്യതയാവുമോ എന്നാലോചിച്ച് അധ്യാപകർ കൊടുക്കാൻ മടിക്കുന്നു. കലാ, കായിക മേളാ വിജയികൾക്ക് ഇപ്പോൾ ഗ്രേസ് മാർക്ക് കൊടുക്കുന്നുണ്ട്. വായനക്കും ഗ്രേസ് മാർക്ക് കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. എല്ലാവരുമായി ആലോചിച്ച് തീരുമാനിക്കും"- മന്ത്രി പറഞ്ഞു.

നാലു നാൾ നീണ്ടുനിൽക്കുന്ന അക്ഷരോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 29-ന് രാവിലെ നടൻ മോഹൻലാൽ നിർവഹിക്കും.