വിദേശത്തുനിന്ന്‌ എം.ബി.ബി.എസ്. ബിരുദമെടുത്ത ഇന്ത്യക്കാർക്കായി നടത്തുന്ന, ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ (എഫ്.എം.ജി.ഇ.) 2026 ജൂൺ സെഷൻ സ്ക്രീനിങ് ടെസ്റ്റിന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്.) അപേക്ഷ ക്ഷണിച്ചു.

To advertise here,

2002-ലെ സ്‌ക്രീനിങ് ടെസ്റ്റ് റെഗുലേഷൻസ് പ്രകാരം, ഇന്ത്യയ്ക്കു പുറത്തുള്ള മെഡിക്കൽ സ്ഥാപനത്തിൽനിന്നും എം.ബി.ബി.എസ്. ബിരുദം നേടിയ ഇന്ത്യക്കാർ/ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ.) വിഭാഗക്കാർക്ക് 2002 മാർച്ച് 15-നോ ശേഷമോ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെയോ (ഇപ്പോൾ നാഷണൽ മെഡിക്കൽ കമ്മിഷൻ) ഏതെങ്കിലും സംസ്ഥാന മെഡിക്കൽ കൗൺസിലിന്റെയോ താത്‌കാലിക/സ്ഥിരം രജിസ്ട്രേഷൻ ലഭിക്കാൻ എൻ.ബി.ഇ.എം.എസ്. നടത്തുന്ന സ്ക്രീനിങ് ടെസ്റ്റിൽ യോഗ്യത നേടേണ്ടതുണ്ട്.

എന്നാൽ, ഓസ്ട്രലിയ, കാനഡ, ന്യൂസീലൻഡ്, യു.കെ., യു.എസ്.എ. എന്നിവിടങ്ങളിൽനിന്നും അണ്ടർ ഗ്രാേജ്വറ്റ് മെഡിക്കൽ ബിരുദവും പോസ്റ്റ് ഗ്രാേജ്വറ്റ് മെഡിക്കൽ ബിരുദവും നേടിയ, ആ രാജ്യത്ത്, ഒരു മെഡിക്കൽ പ്രാക്ടീഷണറാകാൻ അർഹതയുള്ളവർ എഫ്.എം.ജി.ഇ. യോഗ്യത നേടേണ്ടതില്ല.

പാകിസ്താനിൽനിന്ന് പ്രാഥമിക മെഡിക്കൽ യോഗ്യത നേടിയവരുടെ അർഹത, കേന്ദ്ര സർക്കാരിന്റെ ആഭ്യന്തരമന്ത്രാലയത്തിന്റെ സെക്യൂരിറ്റി ക്ലിയറൻസിനും മറ്റ് വ്യവസ്ഥകൾക്കും വിധേയമായിരിക്കും.

 

യോഗ്യത

ഇന്ത്യക്കാരോ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ.) വിഭാഗക്കാരോ ആയിരിക്കണം. വിദേശസ്ഥാപനത്തിൽനിന്ന്‌ ലഭിച്ച എം.ബി.ബി.എസ്. ബിരുദം വേണം. സ്ഥാപനം സ്ഥിതിചെയ്യുന്ന രാജ്യത്ത്, ഒരു മെഡിക്കൽ പ്രാക്ടീഷണറാകാൻ അർഹതയുള്ളതാണു പ്രസ്തുത യോഗ്യതയെന്ന് ആ രാജ്യത്തെ ഇന്ത്യൻ എംബസി സാക്ഷ്യപ്പെടുത്തിയിരിക്കണം.

എം.ബി.ബി.എസ്. പ്രോഗ്രാമിന്റെ അന്തിമ പരീക്ഷയുടെ ഫലം 2026 ഏപ്രിൽ 30-നകം പ്രഖ്യാപിച്ചിരിക്കണം.

2002-ലെ െറഗുലേഷൻ അനുസരിച്ച്, 2002 മാർച്ച് 15-നു മുൻപ്‌, വിദേശത്ത് ഒരു മെഡിക്കൽ കോഴ്‌സിൽ പ്രവേശനം നേടിയ/മെഡിക്കൽ ബിരുദം നേടിയ ഇന്ത്യക്കാർ/ഒ.സി.ഐ. വിഭാഗക്കാർ 2013 മേയ് 15-നും 2014 ജനുവരി മൂന്നിനും ഇടയ്ക്ക് (രണ്ടു ദിവസങ്ങളും ഉൾപ്പെടെ) വിദേശ മെഡിക്കൽ സ്ഥാപനങ്ങളിൽ എം.ബി.ബി.എസ്. പ്രവേശനം നേടിയ ഇന്ത്യക്കാർ/ഒ.സി.ഐ. വിഭാഗക്കാർ എന്നിവർ ഒഴികെയുള്ളവർക്ക്, എഫ്.എം.ജി.ഇ. അഭിമുഖീകരിക്കാൻ നാഷണൽ മെഡിക്കൽകമ്മിഷൻ (പഴയ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ) നൽകിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

 

2018 മേയിലോ അതിനുശേഷമോ വിദേശത്ത് മെഡിക്കൽ പഠനം നടത്തുന്ന ഇന്ത്യക്കാർ/ഒ.സി.ഐ. വിഭാഗക്കാർ, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാേജ്വറ്റി (നീറ്റ് - യു.ജി.) ൽ യോഗ്യത നേടിയിരിക്കണം. അവരുടെ കാര്യത്തിൽ നീറ്റ് - യു.ജി. ഫലം എലിജിബിലിറ്റി സർട്ടിഫിക്കറ്റായി പരിഗണിക്കും. 2019 മാർച്ച് 14-ലെ ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം നീറ്റ് യു.ജി. ഫലത്തിന് റിസൽട്ട് പ്രഖ്യാപനത്തീയതി മുതൽ മൂന്നുവർഷത്തെ സാധുതയുണ്ട്.

 

എഫ്.എം.ജി.ഇ. അഭിമുഖീകരിക്കാൻ: എലിജിബിലിറ്റി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), എം.ബി.ബി.എസ്. ബിരുദം നേടിയതിന്റെ രേഖകൾ, ബന്ധപ്പെട്ട ഇന്ത്യൻ എംബസിയുടെ അറ്റസ്റ്റേഷനോടെയുള്ള എം.ബി.ബി.എസ്. ബിരുദ പ്രൊവിഷണൽ പാസ് സർട്ടിഫിക്കറ്റ്/ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാണ്.

യോഗ്യത നേടുന്നതിനായി, അർഹതയ്ക്കു വിധേയമായി ഒരാൾക്ക് എത്രതവണ വേണമെങ്കിലും എഫ്.എം.ജി.ഇ. അഭിമുഖീകരിക്കാം. ഒരിക്കൽ യോഗ്യത നേടിയാൽ വീണ്ടും എഫ്.എം.ജി.ഇ. അഭിമുഖീകരിക്കാൻ കഴിയില്ല.

 

പരീക്ഷാഘടന

 

ജൂൺ 28-നു നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക്, രണ്ടുഭാഗങ്ങളിലായി മൊത്തം 300 മൾട്ടിപ്പിൾ ചോയ്സ് ചോദ്യമുള്ള ഒരു പേപ്പറാണുള്ളത് (150 ചോദ്യങ്ങൾ വീതം). രണ്ടര മണിക്കൂർ വീതം ദൈർഘ്യമുള്ള രണ്ടു സെഷനുകളിലായി പരീക്ഷ നടത്തും. രാവിലെ ഒൻപത് മുതൽ 11.30 വരെയും ഉച്ചയ്ക്ക് രണ്ടുമുതൽ 4.30 വരെയും.

 

ഓരോ പാർട്ടിലെയും ചോദ്യങ്ങൾ, സമയാധിഷ്ഠിതമായ ഭാഗങ്ങളിലായി തിരിച്ചിരിക്കും. ഉദാ: ഓരോ പാർട്ടിലും മൂന്ന് സമയാധിഷ്ഠിത ഭാഗങ്ങൾ ഉണ്ടെങ്കിൽ (എ, ബി, സി) 50 മിനിറ്റിൽ ഉത്തരം നൽകേണ്ട 50 ചോദ്യം വീതം ഓരോ ഭാഗത്തും ഉണ്ടാകും.

 

ഒരു ഭാഗത്തെ ചോദ്യങ്ങൾക്ക് അനുവദിച്ച മൊത്തം സമയപരിധി കഴിഞ്ഞേ അടുത്ത ഭാഗത്തേക്ക് കടക്കാൻ കഴിയൂ. ആദ്യഭാഗത്തിന് അനുവദിച്ച മൊത്തം സമയപരിധി പൂർത്തിയാകുന്ന മുറയ്ക്ക്, രണ്ടാംഭാഗത്തെ ചോദ്യങ്ങൾ സ്വയമേവ ലഭ്യമാകും.

 

ഒരു ഭാഗത്തെ ചോദ്യങ്ങൾ റിവ്യൂ ചെയ്യാനും പ്രതികരണങ്ങൾ ഭേദഗതി ചെയ്യാനും ആ ഭാഗത്തിന് അനുവദിച്ച സമയപരിധിയിൽ സൗകര്യമുണ്ടാകും. എന്നാൽ, ഒരു ഭാഗത്തിന് അനുവദിച്ച സമയപരിധി കഴിഞ്ഞ് ആ ഭാഗത്തെ ചോദ്യങ്ങൾ പുനഃപരിശോധിക്കാനോ അവയുടെ പ്രതികരണങ്ങൾ ഭേദഗതി ചെയ്യാനോ അനുവാദം ഉണ്ടായിരിക്കുന്നതല്ല.

ചോദ്യങ്ങൾ ഇംഗ്ലിഷിലായിരിക്കും. ഉത്തരം തെറ്റിയാൽ നെഗറ്റീവ് മാർക്ക് ഇല്ല. പരീക്ഷയുടെ സിലബസ്,

natboard.edu.in ൽ ‘എക്സാമിനേഷൻസ്’ ലിങ്കിൽ ഉള്ള ഇൻഫർമേഷൻ ബുള്ളറ്റിനിൽ ഉണ്ട്. പരീക്ഷാരീതി മനസ്സിലാക്കാൻ

ഡെമോ ടെസ്റ്റ് ജൂൺ 15-ന് വെബ് സൈറ്റിൽ ലഭ്യമാക്കും.

പരീക്ഷയിൽ യോഗ്യതനേടാൻ 300-ൽ 150 മാർക്ക് നേടണം.

കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. അപേക്ഷ നൽകുമ്പോൾ നാലു പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം.

അപേക്ഷ

natboard.edu.in വഴി മേയ് 11-ന് രാത്രി 11.55 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീ 6195 രൂപ. ഓൺലൈൻ ആയി അടയ്ക്കാം.

വിജയകരമായി ഫീ അടച്ചവർക്ക് മേയ് 16 മുതൽ 18 വരെ എഡിറ്റ് വിൻഡോ തുറന്നു നൽകും. പേര്, നാഷണാലിറ്റി, ഇ-മെയിൽ, ആധാർ, മൊബൈൽ നമ്പർ, ടെസ്റ്റ് സിറ്റി എന്നിവ ഒഴികെയുള്ള വിവരങ്ങൾ/രേഖകൾ ഈ സമയത്ത് എഡിറ്റ് ചെയ്യാം.

ഇമേജിലെ (ഫോട്ടോ, ഒപ്പ്, തംബ് ഇംപ്രഷൻ) തിരുത്തലുകൾക്ക് 21 മുതൽ ജൂൺ 10 വരെ അവസരമുണ്ടാകും.

അപേക്ഷയ്ക്കൊപ്പം അപ്‌ലോഡ് ചെയ്ത നിശ്ചിത രേഖകളിലെ ന്യൂനതകൾ ഓൺലൈനായി പരിഹരിക്കാൻ 16-ന് രാത്രി 11.55 വരെ അവസരം ലഭിക്കും.

അനുവദിച്ച ടെസ്റ്റ് സിറ്റി സംബന്ധിച്ച അറിയിപ്പ് 17-ന് അറിയാൻ കഴിയും. അഡ്മിറ്റ് കാർഡ് 24 മുതൽ ലഭ്യമാക്കും. ഫലപ്രഖ്യാപനം ജൂലായ് 28-നകം പ്രതീക്ഷിക്കാം.