ന്യൂഡൽഹി: നീറ്റ് യുജി കൗൺസിലിങ്ങിന്റെ സ്പെഷ്യൽ സ്ട്രേ വേക്കൻസി റൗണ്ട് പൂർത്തിയായപ്പോൾ രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിലായി 411 എം.ബി.ബി.എസ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായി മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി (എം.സി.സി.).

To advertise here,

സ്പെഷ്യൽ റൗണ്ടിനായുള്ള സീറ്റ് മാട്രിക്സിൽ ഉൾപ്പെടുത്തിയിരുന്ന ആകെ 948 സീറ്റുകളിൽ 537 സീറ്റുകളിലാണ് വിദ്യാർഥികൾക്ക് പ്രവേശനം ലഭിച്ചത്. റൗണ്ട് അവസാനിച്ചപ്പോൾ ബാക്കിയുള്ള 411 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.

കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന നിരക്കിലാണ് ഇത്തവണ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത്. കഴിഞ്ഞ വർഷം നീറ്റ് യുജി കൗൺസിലിങ് നടപടികൾ പൂർത്തിയായപ്പോൾ ഏകദേശം 60 മുതൽ 70 വരെ എം.ബി.ബി.എസ് സീറ്റുകൾ മാത്രമാണ് ഒഴിഞ്ഞുകിടന്നിരുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

നാല് ഘട്ടങ്ങളിലായി കൗൺസിലിങ് നടത്താനായിരുന്നു സുപ്രീം കോടതി കമ്മിറ്റിക്ക് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ, ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ നികത്തുന്നതിനായി എം.സി.സി അഞ്ചാം ഘട്ട കൗൺസിലിങ് കൂടി സംഘടിപ്പിക്കുകയായിരുന്നു.

സാധാരണ റൗണ്ടുകൾക്ക് ശേഷവും ഒഴിഞ്ഞുകിടന്ന സീറ്റുകൾ നികത്തുന്നതിനും ബിരുദ മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന അർഹരായ വിദ്യാർഥികൾക്ക് അവസാന അവസരം നൽകുന്നതിനുമായാണ് എം.സി.സി സ്പെഷ്യൽ സ്ട്രേ വേക്കൻസി റൗണ്ട് നടത്തിയത്.