തിരുവനന്തപുരം: മിനിമം മാർക്കുവഴി സ്‌കൂൾ പരീക്ഷയിലെ വാരിക്കോരി മാർക്കിടൽ നിയന്ത്രിച്ചെങ്കിലും ഗ്രേസ് മാർക്കിന് ഒരു കുറവുമില്ല. ഈ വർഷം രണ്ടാമത്തെ ഗ്രേസ് മാർക്കിനും കഴിഞ്ഞദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കെ-ഡിസ്‌കിന്റെ ‘ശാസ്ത്രപഥം’ പരിപാടിയിലെ വിജയികൾക്ക് 10 മാർക്ക് നൽകും. വായനയ്ക്കുള്ള ഗ്രേസ് മാർക്ക് മന്ത്രി വി. ശിവൻകുട്ടി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
കെ-ഡിസ്‌കിന്റെ ശാസ്ത്രപഥം-യുവ നൂതനാശയത്വ പരിപാടി(യങ് ഇനവേറ്റീവ് പ്രോഗ്രാം)യിൽ ജേതാക്കളാവുന്ന ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്കാണ് ഗ്രേസ് മാർക്ക്. സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഗ്രേസ് മാർക്ക് പത്തിലും പ്ലസ്ടുവിലും പരീക്ഷാഫലത്തെ സ്വാധീനിക്കുന്നുണ്ടെന്നും ഉപരിപഠനത്തിന് ഈ മാർക്ക് ഉപകരിക്കുന്നില്ലെന്നുമുള്ള ആക്ഷേപം ഗൗനിക്കാതെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
ഗ്രേസ് മാർക്കിനുപകരം, വിവിധമേഖലകളിൽ മികവുതെളിയിച്ച വിദ്യാർഥികൾക്ക് ഭാവിയിൽ പ്രയോജനപ്പെടുന്നവിധത്തിൽ ഗ്രേഡ് പോയിന്റ് ഏർപ്പെടുത്തണമെന്ന് ആവശ്യമുയർന്നിട്ട് ഏറെക്കാലമായി. ഗ്രേസ് മാർക്ക് ശാസ്ത്രീയമായി പരിഷ്കരിക്കണമെന്ന് എസ്‌സിഇആർടി മുൻഡയറക്ടർ ജെ. പ്രസാദിന്റെ നേതൃത്വത്തിലുള്ള സമിതി ശുപാർശചെയ്തിരുന്നു. ഈ റിപ്പോർട്ട് ഇതുവരെ വെളിച്ചംകണ്ടിട്ടില്ല. ഗ്രേസ് മാർക്കുകൂടി ചേർത്തതാണ് കേരള സിലബസുകാരുടെ പരീക്ഷാഫലമെന്നു വന്നതോടെ, ഡൽഹി സർവകലാശാലപോലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എഴുത്തുപരീക്ഷയിൽ നേടിയ മാർക്ക് വ്യക്തമാക്കുന്ന കോൺഫിഡൻഷ്യൽ സർട്ടിഫിക്കറ്റും ചോദിക്കാൻ തുടങ്ങി.
ഗ്രേസ് മാർക്കുകൂടി ചേർക്കുന്നതിനാൽ പത്തിലും പ്ലസ്ടുവിലും വിജയവും ഫുൾ എ പ്ലസുമൊക്കെ മാറിമറിയുന്നുവെന്നാണ് വിമർശനം. പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിൽ കുട്ടികളുടെ പാഠ്യേതരമികവ് നിരന്തരമൂല്യനിർണയത്തിൽ ഉൾപ്പെടുത്താൻ നിർദേശമുണ്ടെങ്കിലും വാരിക്കോരി ഗ്രേസ് മാർക്ക് നൽകുന്നതിൽനിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പിന്തിരിഞ്ഞിട്ടില്ല. ശാസ്ത്രമേള വിജയികൾക്ക് ഇപ്പോൾ ഗ്രേസ് മാർക്ക് ഉണ്ടെന്നിരിക്കെയാണ്, ശാസ്ത്രപഥത്തിനും പ്രത്യേകം മാർക്ക് നൽകാനുള്ള തീരുമാനം.
ശാസ്ത്രപഥം വിജയികൾക്ക് 10 മാർക്ക്
മൂന്നുമുതൽ 100 വരെയാണ് ഇപ്പോഴുള്ള ഗ്രേസ് മാർക്ക്. കേരള സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിയുടെ ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്ന രണ്ടാംസ്ഥാനക്കാർക്കാണ് മൂന്നു മാർക്കിന്റെ ഗ്രേസ് മാർക്ക്. കായികയിനങ്ങളിൽ അന്താരാഷ്ട്ര മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയാൽ 100 മാർക്ക് ഗ്രേസ് മാർക്കുണ്ട്. രണ്ടാംസ്ഥാനം-90, മൂന്നാംസ്ഥാനം-75 എന്നിങ്ങനെയും. സ്‌കൂൾ കലോത്സവം-20, ശാസ്‌ത്രോത്സവം-15, ശാസ്ത്രസെമിനാർ-10, സ്റ്റുഡന്റ് പോലീസ്-20, ദേശീയ ബാലശാസ്ത്ര കോൺഗ്രസ്-25, സ്‌കൗട്ട്-25, എൻഎസ്എസ്-20, ലിറ്റിൽ കൈറ്റ്‌സ്-15, എൻസിസി-20 മുതൽ 40 വരെ എന്നിങ്ങനെ 16 വിഭാഗങ്ങളിലായാണ് വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക്.
Content Highlights: Despite controlling the grace marks,Kerala syllabus students still get extra grace marks
Published: 07 Aug 2025, 09:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented