സ്‌കൂൾ കുട്ടികൾക്കുള്ള എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിൽ പേരുമാറ്റത്തിനുപുറമേ, അടിമുടി പരിഷ്‌കാരം. സിഎം-കിഡ്സ് സ്‌കോളർഷിപ്പെന്നാണ് പുതിയ പേര്. മുൻകാലങ്ങളിലേതുപോലെ പരീക്ഷയുടെ താളംതെറ്റാതിരിക്കാൻ നിശ്ചിത കലണ്ടർ നിശ്ചയിച്ചാവും ഇനിയുള്ള പരീക്ഷകൾ. ഇതിനായി ജനുവരി 31 വരെയുള്ള കാലയളവിലെ സ്‌കൂൾ പാഠ്യപദ്ധതി ഉള്ളടക്കം പരീക്ഷകളുടെ ചോദ്യങ്ങളിൽ ഉൾപ്പെടുത്താനും പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

To advertise here,

നിലവിലെ രീതിയിൽ എൽഎസ്എസ് പരീക്ഷയിൽ 60 ശതമാനം മാർക്കും യുഎസ്എസിൽ 70 ശതമാനം മാർക്കും ലഭിച്ചാൽ സ്‌കോളർഷിപ്പ് ലഭിക്കും. ഓരോ വർഷവും സ്‌കോളർഷിപ്പ് ജേതാക്കളിൽ ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കുന്നതിനാൽ ഇത് അശാസ്ത്രീയമാണെന്നാണ് വിലയിരുത്തൽ. അതിനാൽ, ഇനിമുതൽ മുൻകൂട്ടി ശതമാനം പ്രഖ്യാപിക്കില്ല. സ്‌കോളർഷിപ്പ് കിട്ടാൻ പുതിയ പരിഷ്‌കാരത്തിൽ കട്ട് ഓഫ് മാർക്ക് ഏർപ്പെടുത്തി. അതാവട്ടെ, ഓരോ വർഷവും മൂല്യനിർണയത്തിനുശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിലുള്ള പരീക്ഷാബോർഡ് നിശ്ചയിക്കും.

എൽഎസ്എസിൽ സംസ്ഥാനതലത്തിൽ സ്‌കോളർഷിപ്പ് ജേതാക്കളെ നിശ്ചയിക്കുന്നതു ഉപജില്ലാതലത്തിലാക്കി മാറ്റി. യുഎസ്എസിൽ ഒഎംആർ പരീക്ഷാരീതി തുടരും. രണ്ടു സ്‌കോളർഷിപ്പ് പരീക്ഷകളിലും പരിഷ്‌കാരം വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് തിങ്കളാഴ്ച വിജ്ഞാപനവുമിറക്കി. മാതൃകാ ചോദ്യപ്പേപ്പർ ഉൾപ്പെടെയാണ് വിജ്ഞാപനം. ഫെബ്രുവരി 26-നാണ് പരീക്ഷ. ഈ മാസം 30 മുതൽ സ്‌കൂൾ തലത്തിലുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും.