കോഴിക്കോട്: സ്‌കൂളുകളിലെ ഉച്ചഭക്ഷണവിതരണം ചെയ്തതിനുള്ള തുക രണ്ടുമാസമായി മുടങ്ങിയതിനുപുറമേ വിതരണം നിയന്ത്രിക്കുന്ന പോർട്ടൽ മൂന്നാഴ്ചയായി പണിമുടക്കിയതോടെ ഇരട്ടിദുരിതത്തിലായി സംസ്ഥാനത്തെ പ്രധാനാധ്യാപകർ. ഏറെ ദിവസത്തെ കാത്തിരിപ്പിനൊടുവിൽ തിങ്കളാഴ്ച വൈകീട്ടോടെ വെബ്‌സൈറ്റിന്റെ പ്രവർത്തനം വീണ്ടും തുടങ്ങിയെങ്കിലും പ്രധാനാധ്യാപകരുടെ ആപ്പ് ഇപ്പോഴും പ്രവർത്തനക്ഷമമായിട്ടില്ല.
ഐടി മിഷന്റെ സെർവറുകളിൽ ചിലതിൽ സൈബർ ആക്രമണത്തിനുള്ള ശ്രമമുണ്ടായതിനെത്തുടർന്ന് സംസ്ഥാനത്തിന്റെ എംഡിഎംഎസ് പോർട്ടൽ ഡിസംബർ മുതൽ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. പോർട്ടലിലെ വിവരങ്ങൾ പുതിയ സെർവറിലേക്ക് മാറ്റുന്ന ജോലി തുടരുകയാണെന്നും ചൊവ്വാഴ്ചയോടെ പൂർത്തിയാക്കുമെന്നും അധികൃതർ പറഞ്ഞു.
പോർട്ടൽ പണിമുടക്കിയതോടെ കുടിശ്ശികയായ തുകയ്ക്കായി എന്തുചെയ്യുമെന്ന ആശങ്കയിലായിരുന്നു പ്രധാനാധ്യാപകർ. കുടിശ്ശികയായി 7.5 ലക്ഷം രൂപവരെ ലഭിക്കാനുള്ള സ്‌കൂളുകളുണ്ട്. 2011-ലാണ് സംസ്ഥാനത്ത് എംഡിഎംഎസ് പോർട്ടൽ പ്രവർത്തനമാരംഭിച്ചത്. ഓരോദിവസവും ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം, മെനു, പാചകത്തൊഴിലാളികളുടെ ഹാജർ, ഭക്ഷ്യവസ്തുക്കളുടെ അളവ് എന്നിവ ഈ പോർട്ടലിലാണ് രേഖപ്പെടുത്തിയിരുന്നത്.
പ്രധാനാധ്യാപകരും ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അധ്യാപകരും ചേർന്ന് ഓരോദിവസവും ഉച്ചയ്ക്ക് 12-ന് മുൻപ് ആപ്പ് ഉപയോഗിച്ചാണ് വിവരങ്ങൾ രേഖപ്പെടുത്തുന്നത്. എന്നാൽ, ദിവസങ്ങളായി ആപ്പ് തുറക്കുമ്പോൾ പ്രവർത്തിക്കാത്ത സ്ഥിതിയാണ്. പ്രധാനാധ്യാപകർക്ക് മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് പോർട്ടലിലെ വിവരങ്ങൾ തത്സമയം നിരീക്ഷിക്കാനാവും. പോർട്ടലിലെ കണക്കുപ്രകാരമാണ് ഓരോമാസവും സ്‌കൂളിലേക്ക് അരിയും സാധനങ്ങളും എത്തിക്കുന്നത്.
ഒക്ടോബർ മുതൽ ഭക്ഷ്യസാധനങ്ങൾ വിതരണംചെയ്തതിന്റെ തുക പ്രധാനാധ്യാപകർക്ക് ലഭിക്കാനുണ്ട്. നിലവിൽ കുടിശ്ശികയായ തുക ലഭിക്കുന്നതിനും പോർട്ടൽ തകരാറിലായത് തടസ്സമാണ്. ഓരോ മാസവും ചെലവായ തുകയുടെ കണക്ക് രണ്ടാം തീയതിക്കകം പ്രധാനാധ്യാപകർ എഇഒ ഓഫീസിൽ നൽകുകയാണ് ചെയ്യുന്നത്. ഈ തുക പാസായാൽ പോർട്ടലിലൂടെ രശീതി ലഭിക്കും. ഇത് ബാങ്കിൽ സമർപ്പിക്കുമ്പോഴാണ് പണം ബാങ്ക് അക്കൗണ്ടിൽ ലഭിക്കുക. അരി സപ്ലൈകോ വഴിയാണ് സ്‌കൂളുകളിലേക്ക് എത്തിക്കുന്നത്. പലവ്യഞ്ജനങ്ങളുടെയും മുട്ടയുടെയും പാലിന്റെയും തുക കച്ചവടക്കാരുടെ അക്കൗണ്ടിലേക്ക് നേരിട്ടയക്കുകയാണ് ചെയ്യുന്നത്.
കുടിശ്ശിക അനുവദിക്കാത്തത് കാരണം സംസ്ഥാനത്തെ പ്രധാനാധ്യാപകർ പ്രതിസന്ധിയിലാണെന്നും മൂന്നാഴ്ചയായിട്ടും പോർട്ടലിലെ തകരാർ പരിഹരിക്കാത്തത് പ്രതിഷേധാർഹമാണെന്നും കേരള ഗവ. പ്രൈമറി സ്‌കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബിജു തോമസും ജനറൽ സെക്രട്ടറി ഇ.ടി.കെ. ഇസ്മായിലും പറഞ്ഞു.
Content Highlights: Kerala school headmasters face double trouble: delayed lunch program payments and a broken portal. Learn about the cyber attack and ongoing issues.
Published: 23 Dec 2025, 07:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented