ന്യൂഡൽഹി: രാജ്യത്തെ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് രംഗം 2026-27 കാലയളവിൽ മികച്ച രീതിയിൽ മുന്നേറാൻ സാധ്യതയെന്ന് വിലയിരുത്തൽ. പഠനം പൂർത്തിയാക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി എന്നിവരെ കൂടുതലായി നിയമിക്കാൻ 56 ശതമാനം കമ്പനികളും ലക്ഷ്യമിടുന്നതായി പ്രമുഖ കൺസൾട്ടിങ് സ്ഥാപനമായ ഇയോൺ ഇന്ത്യ നടത്തിയ 15-ാമത് ക്യാമ്പസ് പഠനം വ്യക്തമാക്കുന്നു.

To advertise here,

10 പ്രൊഫഷണൽ വിഭാഗങ്ങളിലായി 220-ലധികം കമ്പനികളിൽ നടത്തിയ പഠനത്തിൽ, ബിരുദ സർട്ടിഫിക്കറ്റുകൾക്ക് ഉപരി ഉദ്യോഗാർത്ഥികളുടെ പ്രായോഗിക നൈപുണ്യത്തിനും തൊഴിൽപരമായ തയ്യാറെടുപ്പുകൾക്കും കമ്പനികൾ മുൻഗണന നൽകുന്നതായി കാണാം.

വിവിധ മേഖലകളിലെ തൊഴിൽ സാധ്യതകൾ

  • ഇന്റേണുകൾ: 51% സ്ഥാപനങ്ങളും ഇന്റേണുകളുടെ എണ്ണം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നു.

  • ഡിപ്ലോമക്കാർ: 40% കമ്പനികൾ ഡിപ്ലോമ യോഗ്യതയുള്ളവരുടെ നിയമനം ഉയർത്തും.

  • എൻജിനീയറിങ് ബിരുദധാരികൾ: 36% സ്ഥാപനങ്ങൾ എൻജിനീയറിങ് നിയമനങ്ങളിൽ വർധനവ് വരുത്തും.

  • എം.ബി.എ & ലാറ്ററൽ എൻട്രി: എം.ബി.എക്കാരുടെ ഡിമാൻഡ് മാറ്റമില്ലാതെ തുടരുമ്പോൾ, പ്രവൃത്തിപരിചയമുള്ളവരെ നിയമിക്കുന്ന 'ലാറ്ററൽ ഹയറിങ്' വർധിപ്പിക്കാൻ 40% കമ്പനികളും താല്പര്യം കാണിക്കുന്നു.

സമയക്രമവും ശമ്പള വർധനവും 

ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ക്യാമ്പസ് റിക്രൂട്ട്‌മെന്റുകളുടെ 47 ശതമാനവും നടന്നത്. പരമ്പരാഗത പ്ലേസ്‌മെന്റ് സീസണുകളിലേക്ക് റിക്രൂട്ട്‌മെന്റ് മാറുന്നതിന്റെ ഭാഗമായി ജൂൺ, ജൂലൈ മാസങ്ങളിലെ നിയമനം 26 ശതമാനത്തിൽ നിന്ന് 19 ആയി കുറഞ്ഞു.

വാർഷിക വേതനത്തിൽ രണ്ട് മുതൽ ഏഴ് ശതമാനം വരെ വർധനവാണ് രേഖപ്പെടുത്തിയത്:

  • IIT ബി.ടെക് ബിരുദധാരികൾ: ശരാശരി വാർഷിക ശമ്പളം 16.56 ലക്ഷം രൂപ.

  • ടയർ-1 എഞ്ചിനീയറിങ് കോളേജുകൾ: ശരാശരി ശമ്പളം 13.85 ലക്ഷത്തിൽ നിന്ന് 14.75 ലക്ഷമായി ഉയരും.

  • IIM എം.ബി.എ ബിരുദധാരികൾ: ശരാശരി ശമ്പളം 26 ലക്ഷം രൂപയായി തുടരുന്നു.

കഴിവുകൾക്ക് മുൻഗണന; വിലയിരുത്താൻ AI ടൂളുകൾ

മാർക്കുകൾക്ക് പുറമെ ഉദ്യോഗാർഥികളുടെ പ്രായോഗിക ശേഷിയും നൈപുണ്യവും കൃത്യമായി അളക്കാൻ എ.ഐ. അധിഷ്ഠിത ടൂളുകളാണ് കമ്പനികൾ വ്യാപകമായി ഉപയോഗിക്കുന്നതെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.

അതോടൊപ്പം, ജോബ് ഓഫറുകൾ സ്വീകരിച്ച് ജോലിയിൽ പ്രവേശിക്കുന്നവരുടെ അനുപാതം, ആദ്യ വർഷത്തെ പ്രകടനം, തുടക്കത്തിൽ തന്നെ ജോലി ഉപേക്ഷിച്ചു പോകുന്നവരുടെ നിരക്ക് എന്നിവയും കമ്പനികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. 

ഇന്റേൺഷിപ്പുകൾ തന്നെയാണ് ഇപ്പോഴും തൊഴിൽ ലോകത്തേക്കുള്ള പ്രധാന വാതിൽ. 89 മുതൽ 94 ശതമാനം കമ്പനികളും ഇന്റേണുകളെ നിയമിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ഇതിൽ 80 മുതൽ 85 ശതമാനം വരെ സ്ഥാപനങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഇന്റേണുകൾക്ക് പ്രീ-പ്ലേസ്‌മെന്റ് ഓഫറുകൾ വഴി സ്ഥിരനിയമനം നൽകുന്നുണ്ട്.