ചെന്നൈ: സംസ്ഥാനത്തെ സർവകലാശാലകളിലെയും സർക്കാർ കോളേജുകളിലെയും ക്യാമ്പസ് പ്ലേസ്മെന്റുകൾ മെച്ചപ്പെടുത്താനൊരുങ്ങി തമിഴ്നാട് സർക്കാർ. 150 പ്രൊഫസർമാർക്കും വകുപ്പ് മേധാവികൾക്കും പരിശീലനം നൽകാൻ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. വ്യവസായ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം വർധിപ്പിക്കുക, തൊഴിൽ ദാതാക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതി പരിഷ്കരിക്കുക, വിദ്യാർഥികളെ റിക്രൂട്ട്മെന്റിനായി സജ്ജരാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
രണ്ട് ദിവസത്തെ പരിശീലന പരിപാടിയുടെ ആദ്യഘട്ടം നവംബർ 24, 25 തീയതികളിൽ നടക്കും. 13 സംസ്ഥാന സർവകലാശാലകൾ, സർക്കാർ എൻജിനീയറിങ് കോളേജുകൾ, സർക്കാർ സ്വയംഭരണ ആർട്സ് ആൻഡ് സയൻസ് കോളേജുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഓരോ സ്ഥാപനത്തിൽ നിന്നും അഞ്ച് അധ്യാപകർക്ക് വീതം വ്യവസായ മേഖലയിലെ വിദഗ്ധർ നേരിട്ട് പരിശീലനം നൽകും.
തമിഴ്നാട്ടിലെ പ്രമുഖ കോളേജുകളിൽ പോലും ക്യാമ്പസ് പ്ലേസ്മെന്റ് നിരക്ക് 60% മുതൽ 70%വരെ മാത്രമായി തുടരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. അവസാന വർഷ വിദ്യാർഥികൾക്കുള്ള പരിശീലനത്തിനൊപ്പം ദീർഘകാല നൈപുണ്യ വികസനത്തിനും വകുപ്പ് ഊന്നൽ നൽകുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ധീരജ് കുമാർ പറഞ്ഞു. ബയോഡാറ്റ തയ്യാറാക്കൽ, മോക്ക് ഇന്റർവ്യൂകൾ, അഭിരുചി പരീക്ഷകൾ, തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം എന്നിവ ഇതിന്റെ ഭാഗമായി നടപ്പിലാക്കും.
വ്യവസായ സ്ഥാപനങ്ങളുമായി നേരിട്ട് പങ്കാളിത്തം
പദ്ധതിയുടെ ഭാഗമായി, അതത് ബിരുദ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട മൂന്നോ നാലോ വ്യവസായ സ്ഥാപനങ്ങളുമായി നേരിട്ട് പങ്കാളിത്തം സ്ഥാപിക്കാൻ വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആദ്യ ബാച്ചിൽ നിന്നുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ തുടർന്നുള്ള ഘട്ടങ്ങളിൽ പരിശീലന പരിപാടി പരിഷ്കരിക്കുമെന്ന് തമിഴ്നാട് സ്റ്റേറ്റ് കൗൺസിൽ ഫോർ ഹയർ എഡ്യൂക്കേഷൻ വൈസ് ചെയർമാൻ എം.പി. വിജയകുമാർ അറിയിച്ചു.
Content Highlights: Tamil Nadu higher education department is training 150 professors and HoDs to improve campus placements
Published: 12 Nov 2026, 12:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented