ആയുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സലിങ് കമ്മിറ്റി (എ.എ.സി.സി.സി); ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ്, ബിഫാം ആയുര്‍വേദ എന്നീ കോഴ്‌സുകളിലേക്ക് ദേശീയതലത്തില്‍ നടത്തുന്ന അലോട്മെന്റിന്റെ മൂന്നാം റൗണ്ടിലേക്ക് ഒക്ടോബര്‍ 13 വരെ aaccc.gov.in വഴി രജിസ്‌ട്രേഷന്‍, കൗണ്‍സലിങ് ഫീ അടയ്ക്കല്‍, ചോയ്സ് ഫില്ലിങ് എന്നിവ നടത്താം.

To advertise here,

ദേശീയസ്ഥാപനങ്ങള്‍, കേന്ദ്രസര്‍വകലാശാലകള്‍, ഗവ. കോളേജുകള്‍, ഗവ. എയ്ഡഡ് കോളേജുകള്‍, കല്പിത സര്‍വകലാശാലകള്‍ തുടങ്ങിയവയിലെ നിശ്ചിത സീറ്റുകളിലേക്കാണ് നീറ്റ് യുജി 2025 റാങ്ക് പരിഗണിച്ച് അലോട്‌മെന്റ് നടത്തുന്നത്.

സമയക്രമം

മൂന്നാം റൗണ്ട് രജിസ്‌ട്രേഷന്‍ (ബാധകമെങ്കില്‍) 18-ന് ഉച്ചയ്ക്ക് രണ്ടുവരെ നടത്താം. കൗണ്‍സലിങ് ഫീ (ബാധകമെങ്കില്‍) അടയ്ക്കാന്‍ 13-ന് വൈകീട്ട് അഞ്ചുവരെ സൗകര്യമുണ്ടാകും. ചോയ്സ് ഫില്ലിങ് 13-ന് രാത്രി 11.55 വരെ നടത്താം. മൂന്നാംറൗണ്ടില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ള എല്ലാവരും പുതിയ ചോയ്സുകള്‍ നല്‍കണം. മുന്‍ റൗണ്ടുകളില്‍ നല്‍കിയ ചോയ്സുകള്‍/അവശേഷിക്കുന്ന ചോയ്സുകള്‍ എന്നിവ പരിഗണിക്കുന്നതല്ല. ചോയ്സ് ലോക്കിങ് സൗകര്യം 13-ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ അന്ന് രാത്രി 11.55 വരെ ഉണ്ടാകും. രണ്ടാം റൗണ്ട് അലോട്‌മെന്റ് ഫലം 16-ന് പ്രഖ്യാപിക്കും.

അലോട് ചെയ്യപ്പെട്ട സ്ഥാപനത്തില്‍ പ്രവേശനം നേടാന്‍ 17 മുതല്‍ 24 വരെ സമയമുണ്ടാകും.

അര്‍ഹത, വ്യവസ്ഥകള്‍

  • ആദ്യ രണ്ടു റൗണ്ടുകളിലും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് മൂന്നാം റൗണ്ടില്‍ രജിസ്‌ട്രേഷന്‍ നടത്തി കൗണ്‍സലിങ് ഫീ അടച്ച് ചോയ്സ് ഫില്ലിങ് നടത്താം
  • രജിസ്റ്റര്‍ ചെയ്‌തെങ്കിലും ആദ്യ രണ്ടു റൗണ്ടുകളിലും സീറ്റ് ലഭിക്കാത്തവര്‍ക്ക് മൂന്നാം റൗണ്ടില്‍ പുതിയ ചോയ്സുകള്‍ നല്‍കി പങ്കെടുക്കാം. പുതിയ രജിസ്‌ട്രേഷന്‍ വേണ്ട.
  • ആദ്യ റൗണ്ടില്‍ അലോട്മെന്റ് ലഭിച്ചെങ്കിലും പ്രവേശനം നേടാതെ ഫ്രീ എക്‌സിറ്റ് എടുത്തവര്‍; ആദ്യറൗണ്ടില്‍ അഡ്മിഷന്‍ എടുത്തശേഷം രണ്ടാം റൗണ്ട് ഫൈനല്‍ റിസല്‍ട്ട് പ്രഖ്യാപിച്ച തീയതിവരെ (ഫൈനല്‍ റിസല്‍ട്ട് പ്രഖ്യാപിച്ച തിയതി ഒഴിവാക്കി) ഫ്രീ എക്‌സിറ്റ് എടുത്തവര്‍; ആദ്യറൗണ്ടില്‍ അഡ്മിഷന്‍ ലഭിച്ച് രണ്ടാം റൗണ്ടില്‍ അപ്ഗ്രഡേഷന്‍ ഓപ്റ്റ് ചെയ്‌തെങ്കിലും രണ്ടാം റൗണ്ടില്‍ പങ്കെടുക്കാത്തവര്‍; രണ്ടാം റൗണ്ടില്‍ പ്രവേശനം/അപ്ഗ്രഡേഷന്‍ നേടി മൂന്നാം റൗണ്ടിലേക്ക് അപ്ഗ്രഡേഷന്‍ ഓപ്റ്റ് ചെയ്തവര്‍ എന്നിവര്‍ക്ക് മൂന്നാം റൗണ്ടില്‍ പങ്കെടുക്കാം
  • ആദ്യ റൗണ്ടില്‍ അഡ്മിഷന്‍ നേടി, രണ്ടാം റൗണ്ടില്‍ അപ്ഗ്രഡേഷന്‍ ലഭിക്കാത്ത, മൂന്നാം റൗണ്ട് നടപടികള്‍ തുടങ്ങുന്നതിന് മൂന്നുദിവസം മുന്‍പുവരെ കൗണ്‍സലിങ് ഫീ നഷ്ടപ്പെടുത്തി സീറ്റ് വേണ്ടെന്നുവെച്ചവര്‍ക്ക് കൗണ്‍സലിങ് ഫീ പൂര്‍ണമായി അടച്ച് പുതിയ ചോയ്സുകള്‍ നല്‍കി മൂന്നാം റൗണ്ടില്‍ പങ്കെടുക്കാം
  • രണ്ടാം റൗണ്ടില്‍ പ്രവേശനം നേടാതെ കൗണ്‍സലിങ് ഫീ നഷ്ടപ്പെടുത്തി സീറ്റ് വേണ്ടെന്നുവെച്ചവര്‍ക്ക് കൗണ്‍സലിങ് ഫീ പൂര്‍ണമായി അടച്ച് പുതിയ ചോയ്സുകള്‍ നല്‍കി മൂന്നാം-റൗണ്ടില്‍ പങ്കെടുക്കാം
  • രണ്ടാം റൗണ്ടില്‍ പ്രവേശനം നേടി മൂന്നാം റൗണ്ട് നടപടികള്‍ തുടങ്ങുന്നതിന് മൂന്നുദിവസം മുന്‍പുവരെ കൗണ്‍സലിങ് ഫീ നഷ്ടപ്പെടുത്തി, സീറ്റ് വേണ്ടെന്നുവെച്ചവര്‍ക്ക് കൗണ്‍സലിങ് ഫീ പൂര്‍ണമായി അടച്ച്, പുതിയ ചോയ്സുകള്‍ നല്‍കി മൂന്നാം റൗണ്ടില്‍ പങ്കെടുക്കാം.

വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എ.എ.സി.സി.സി ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ കാണുക.