ബെംഗളൂരു: കർണാടകത്തിലെ നഴ്‌സിങ് കോളേജുകളിൽ പഠിക്കാൻ വിദ്യാർഥികളില്ല. പ്രവേശന നടപടികൾ ആദ്യഘട്ടം കഴിഞ്ഞപ്പോൾ 165 കോളേജുകളിൽ ഒരുസീറ്റിൽപോലും പ്രവേശനം നടന്നിട്ടില്ല. ആകെ 649 നഴ്‌സിങ് കോളേജുകളാണുള്ളത്. സംസ്ഥാനത്ത് ലഭ്യമായ 31,726 നഴ്‌സിങ് സീറ്റുകളിൽ 15,185 എണ്ണത്തിൽ മാത്രമാണ് വിദ്യാർഥികൾ പ്രവേശനത്തിന് തയ്യാറായിരിക്കുന്നത്. ഇതിൽത്തന്നെ പകുതിയോളംപേർ മാത്രമാണ് ഫീസ് അടച്ച് പ്രവേശം ഉറപ്പിച്ചിരിക്കുന്നത്.
രണ്ടുകോളേജുകളിൽമാത്രമാണ് ഇത്തവണ 100-ൽ കൂടുതൽ പേർ പ്രവേശനം നേടിയത്. മംഗളൂരുവിലുള്ള ഫാ. മുള്ളേഴ്‌സ് കോളേജ് ഓഫ് നഴ്‌സിങ്, കാനച്ചൂർ കോളേജ് ഓഫ് നഴ്‌സിങ് സയൻസസ് എന്നീ കോളേജുകളിലാണ് 100-ൽ കൂടുതൽ സീറ്റുകളിൽ പ്രവേശനം നടന്നത്. ആകെയുള്ള കോളേജുകളിൽ പകുതിയിലേറെയിലും 10 പേരിൽ താഴെയാണ് പ്രവേശനം നേടിയിരിക്കുന്നത്. 358 കോളേജുകളിൽ ഒരാൾ മുതൽ 10 പേർ വരെയാണ് പ്രവേശനം നേടിയത്. 20-30 വിദ്യാർഥികൾ പ്രവേശനംനേടിയ 49 കോളേജുകളുണ്ട്.
കർണാടകത്തിൽ സ്വകാര്യ നഴ്‌സിങ് കോളേജുകളിലെ സീറ്റുകളിൽ 80 ശതമാനത്തിൽ പ്രവേശനം നടത്തുന്നത് സർക്കാരാണ്. കർണാടക എക്സാമിനേഷൻ അതോറിറ്റി മുഖേനയാണ് പ്രവേശന നടപടികൾ. 20 ശതമാനം സീറ്റുകളിൽ പൂർണമായും മാനേജ്‌മെന്റുകളാണ് പ്രവേശനം നടത്തുക. സർക്കാർ പ്രവേശനം നടത്തുന്ന 80 ശതമാനം സീറ്റുകളിൽ 20 ശതമാനം സർക്കാർ ക്വാട്ടയിലുള്ളവയാണ്. ബാക്കിയുള്ള 60 ശതമാനം സ്വകാര്യ ക്വാട്ട സീറ്റുകൾ തന്നെയാണെങ്കിലും പ്രവേശനം സർക്കാരാണ് നടത്തുന്നത്.
മുൻവർഷങ്ങളിൽ ബംഗാളിൽനിന്നുള്ള ഒട്ടേറെ വിദ്യാർഥികൾ കർണാടകത്തിലെ നഴ്‌സിങ് കോളേജുകളിൽ പഠിച്ചിരുന്നു. എന്നാൽ, ഇപ്പോൾ കൊൽക്കത്തയിലടക്കം കൂടുതൽ നഴ്‌സിങ് കോളേജുകൾ വന്നതോടെ കർണാടകത്തിലേക്കുള്ള വിദ്യാർഥികളുടെ എണ്ണം കുറയുകയായിരുന്നു. ഇതാണ് സംസ്ഥാനത്ത് നഴ്‌സിങ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതിനു പ്രധാനകാരണമെന്നാണ് വിലയിരുത്തൽ. നിലവിൽ സംസ്ഥാനത്തുള്ള നഴ്‌സിങ് വിദ്യാർഥികളിൽ ഏറെയും കേരളം, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയിടങ്ങളിൽനിന്നാണ്.
Content Highlights: Karnataka`s nursing colleges face a severe shortage of students.
Published: 19 Aug 2025, 02:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented