സാമ്പത്തികബുദ്ധിമുട്ടോ ശാരീരിക പരിമിതിയോ ജീവിതത്തിലെ അപ്രതീക്ഷിത ആഘാതങ്ങളോ ഒരു വിദ്യാർഥിയുടെയും സാങ്കേതിക ബിരുദ/ഡിപ്ലോമ പഠനത്തിന് തടസ്സമാകരുതെന്ന ലക്ഷ്യത്തോടെ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ.) മൂന്ന് സുപ്രധാന സ്കോളർഷിപ്പ് പദ്ധതികൾ നടപ്പാക്കുന്നു.
പ്രഗതി -പെൺകുട്ടികൾക്ക്
മെറിറ്റ് അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ്. എ.ഐ.സി.ടി.ഇ. അംഗീകൃത ഡിഗ്രി/ഡിപ്ലോമ കോഴ്‌സിന്റെ ഒന്നാംവർഷത്തിലേക്ക് നേരിട്ടോ രണ്ടാംവർഷത്തിലേക്ക് ലാറ്ററൽ എൻട്രി വഴിയോ പ്രവേശനം നേടിയ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. ഒരു കുടുംബത്തിലെ പരമാവധി രണ്ടു പെൺമക്കൾക്കുവരെയേ ലഭിക്കൂ. ഒന്നാംവർഷത്തിലേക്ക് നേരിട്ട് പ്രവേശനം നേടുന്ന ബിരുദകോഴ്സുകൾക്ക് നാലു വർഷത്തേക്കും ലാറ്ററൽ എൻട്രിക്കാർക്ക് മൂന്നുവർഷത്തേക്കും തുക ലഭിക്കും. ഡിപ്ലോമക്കാർക്ക് ഇത് യഥാക്രമം മൂന്നും രണ്ടും വർഷമാണ്. കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരമുള്ള സംവരണം ബാധകമാണ്. തിരഞ്ഞെടുപ്പ് 10-ാം ക്ലാസ്, പ്ലസ്ടു മാർക്ക് ശതമാനത്തിന്റെ മെറിറ്റ് അടിസ്ഥാനത്തിൽ സംസ്ഥാനതലത്തിൽ.
സക്ഷം -ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക്
40 ശതമാനത്തിൽ കുറയാത്ത ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക്, എ.ഐ.സി.ടി.ഇ. അംഗീകൃത ഡിഗ്രി/ഡിപ്ലോമ കോഴ്‌സിന്റെ ഒന്നാംവർഷത്തിലോ ലാറ്ററൽ എൻട്രി വഴി രണ്ടാംവർഷത്തിലോ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. ഇവിടെ ക്വാട്ട പരിധി ഇല്ല. യോഗ്യതയുള്ള എല്ലാ അപേക്ഷകർക്കും സ്കോളർഷിപ്പ് ലഭിക്കും. അതിനാൽ മത്സരാധിഷ്ഠിത മെറിറ്റ് പട്ടികയോ ടൈ-ബ്രേക്കിങ്ങോ ഇവിടെ ബാധകമല്ല. ഡിഗ്രിക്കാർക്ക് പരമാവധി നാലു വർഷം (ലാറ്ററൽ എൻട്രി മൂന്നു വർഷം), ഡിപ്ലോമക്കാർക്ക് മൂന്നു വർഷം (ലാറ്ററൽ എൻട്രി രണ്ടു വർഷം) വരെ തുക ലഭിക്കും.
ഔദ്യോഗിക മാർഗരേഖയിൽ പ്രത്യേകം സംവരണവ്യവസ്ഥകളൊന്നും പരാമർശിച്ചിട്ടില്ല.
സ്വനാഥ് -അനാഥർക്കും ധീരജവാന്മാരുടെ മക്കൾക്കും
അനാഥർ, കോവിഡ്-19 മൂലം രക്ഷിതാവിനെ നഷ്ടപ്പെട്ടവർ, വീരമൃത്യു വരിച്ച സൈനിക/അർധസൈനിക ഉദ്യോഗസ്ഥരുടെ മക്കൾ, കാൻസർ പോലുള്ള മാരകരോഗം ബാധിച്ചതോ അപകടത്തിൽ 80 ശതമാനത്തിലധികം വൈകല്യം സംഭവിച്ചതോ ആയ രക്ഷിതാവുള്ളവർ എന്നിവർക്കായി എ.ഐ.സി.ടി.ഇ. അംഗീകൃത കോഴ്സുകൾ പഠിക്കാൻ. നിലവിൽ മറ്റൊരു കേന്ദ്ര/സംസ്ഥാന/എ.ഐ.സി.ടി.ഇ. സ്കോളർഷിപ്പും കൈപ്പറ്റാത്തവരായിരിക്കണം. തിരഞ്ഞെടുപ്പ് മെറിറ്റ് അടിസ്ഥാനത്തിൽ. തുല്യമാർക്ക് വന്നാൽ പ്രായം കൂടുതലുള്ളവർക്കും തുടർന്നും തുല്യതയെങ്കിൽ കുടുംബവരുമാനം കുറഞ്ഞവർക്കും മുൻഗണന.
സ്കോളർഷിപ്പ്
സ്കോളർഷിപ്പ് തുക പ്രതിവർഷം 50,000 രൂപ വീതം, കോളേജ് ഫീസ്, കംപ്യൂട്ടർ, പുസ്തകങ്ങൾ, ഉപകരണങ്ങൾ, സോഫ്റ്റ്‌വെയർ എന്നിവയ്ക്കായി ഒറ്റത്തവണയായി. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി.) മുഖേന വർഷംതോറും വിതരണം. അപേക്ഷ ആദ്യഘട്ടത്തിൽ പഠിക്കുന്ന സ്ഥാപനം പരിശോധിച്ച് സ്ഥിരീകരിക്കും. തുടർന്ന് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് രണ്ടാംഘട്ട പരിശോധന നടത്തും. അടുത്ത ക്ലാസിലേക്ക് ജയിക്കാത്തവർക്ക് സ്കോളർഷിപ്പ് നഷ്ടമാകും. സ്കോളർഷിപ്പ് തുടരാൻ പാസ്/പ്രമോഷൻ സർട്ടിഫിക്കറ്റും സ്ഥാപനമേധാവിയുടെ കത്തുംസഹിതം എൻ.എസ്.പി. വഴി പുതുക്കൽ അപേക്ഷ നൽകണം. വിദ്യാർഥിയുടെപേരിലുള്ള ആധാർബന്ധിത സാധാരണ സേവിങ്സ് അക്കൗണ്ട് ഉപയോഗിക്കുക. മൈനർ/ജോയിൻറ് അക്കൗണ്ടുകൾ സ്വീകരിക്കില്ല. അപേക്ഷ സമർപ്പിച്ചശേഷം സ്ഥാപനതല െവരിഫിക്കേഷൻ പൂർത്തിയായോയെന്ന് പരിശോധിക്കുക; തെറ്റുകൾ ഉടൻ സ്ഥാപനത്തിന്റെ നോഡൽ ഓഫീസർ വഴി തിരുത്തുക. അപേക്ഷ scholarships.gov.in ൽ ഒക്ടോബർ 31 വരെ നൽകാം. വിവരങ്ങൾക്ക്: www.aicte-india.org/schemes/students-development-schemes
Content Highlights: Are You Eligible for the New AICTE Technical Scholarships?
Published: 01 Oct 2026, 09:58 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented