ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിൽ (എഎഫ്എംഎസ്) മെഡിക്കൽ ഓഫീസറാകാൻ അവസരമൊക്കുന്ന ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജ് (എഎഫ്എംസി) എംബിബിഎസ് പ്രവേശനത്തിനുള്ള 2025-ലെ ഇൻഫർമേഷൻ ബ്രോഷർ പ്രസിദ്ധീകരിച്ചു. മഹാരാഷ്ട്ര യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് അഫിലിയേഷൻ, സ്ഥാപനത്തിനുണ്ട്.

To advertise here,

യോഗ്യത

പ്രവേശനം തേടുന്നവർ അവിവാഹിതരായിരിക്കണം. കോഴ്‌സ് കാലയളവിൽ വിവാഹംകഴിക്കാൻ അനുവാദമില്ല. 2025 ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. 24 വയസ്സിൽ താഴെയുമായിരിക്കണം (2002 ജനുവരി ഒന്നിനും 2008 ഡിസംബർ 31-നും ഇടയ്ക്ക് ജനിച്ചവരായിരിക്കണം)

പ്ലസ്‌ടുതല യോഗ്യതാപരീക്ഷ/ബ്രോഷർ പ്രകാരമുള്ള പരീക്ഷകളിലൊന്ന്, ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്‌നോളജി എന്നീ വിഷയങ്ങൾ ഒരുമിച്ചെടുത്ത്‌ പഠിച്ച് ആദ്യചാൻസിൽ ജയിച്ചിരിക്കണം. ഇംഗ്ലീഷിനും, ഈ മൂന്ന്‌ സയൻസ് വിഷയങ്ങളിലോരോന്നിനും 50 ശതമാനവും ഈ മൂന്ന്‌ സയൻസ് വിഷയങ്ങൾക്ക് മൊത്തത്തിൽ 60 ശതമാനവും മാർക്ക് നേടിയിരിക്കണം. 10-ാംക്ലാസ് തലത്തിൽ കണക്കിൽ ഒരു പരീക്ഷ ജയിച്ചിരിക്കണം.

അംഗീകൃത യോഗ്യതാപരീക്ഷകളുടെ പട്ടിക www.afmcdg1d.gov.in-ലെ എഎഫ്എംസി എംബിബിഎസ് ഇൻഫർമേഷൻ ബ്രോഷറിലുണ്ട്. നാഷണൽ ടെസ്റ്റിങ്‌ ഏജൻസി നടത്തിയ 2025-ലെ നീറ്റ് യുജിയിൽ യോഗ്യത നേടിയിരിക്കണം.

രജിസ്‌ട്രേഷൻ

മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എംസിസി) യുജി 2025 ആദ്യ റൗണ്ട് രജിസ്‌ട്രേഷൻ തുടങ്ങുമ്പോൾ.mcc.nic.in വഴി രജിസ്റ്റർചെയ്ത് പ്രവേശനതാത്‌പര്യം അറിയിക്കണം (കൗൺസലിങ് സമയക്രമം നീറ്റ് യുജി 2025 ഫലം വന്നശേഷം പ്രസിദ്ധപ്പെടുത്തും).ഇപ്രകാരം രജിസ്റ്റർചെയ്യുന്നവരുടെ പട്ടിക ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്, എഎഫ്എംസിക്ക് കൈമാറും. ഈ പട്ടികയിൽനിന്ന്‌ എഎഫ്എംസി 2000 പേരെ (1600 ആൺകുട്ടികൾ, 400 പെൺകുട്ടികൾ) നീറ്റ് യുജി 2025 സ്‌കോർ അടിസ്ഥാനമാക്കി എഎഫ്എംസി നടത്തുന്ന പ്രവേശനത്തിന്റെ രണ്ടാംറൗണ്ടിലേക്ക് (സ്‌ക്രീനിങ്) ഷോർട് ലിസ്റ്റ് ചെയ്യും (2024-ൽ രണ്ട്‌ റൗണ്ട് ഷോർട്ട് ലിസ്റ്റിങ് നടത്തിയിരുന്നു. ആദ്യ ഷോർട് ലിസ്റ്റ് പ്രകാരമുള്ള കട്ട്-ഓഫ് മാർക്ക്: ആൺകുട്ടികൾ-666, പെൺകുട്ടികൾ-681; രണ്ടാം റൗണ്ട്, യഥാക്രമം 656, 675. ഈ വർഷത്തെത് ഇതുപോലെ ആകണമെന്നില്ല).

സ്‌ക്രീനിങ് ടെസ്റ്റ്

ഇവർക്കായി പുണെ എഎഫ്എംസിയിൽവെച്ച് സ്‌ക്രീനിങ് ടെസ്റ്റ് നടത്തും. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ പട്ടികയും സ്‌ക്രീനിങ് ടെസ്റ്റ് സമയക്രമവും www.afmcdg1d.gov.in, www.afmc.nic.in എന്നീ സൈറ്റുകളിൽ ലഭ്യമാക്കും.ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് റീസണിങ് (ടിഒഇഎൽആർ), സൈക്കോളജിക്കൽ അസസ്‌മെന്റ് ടെസ്റ്റ് (പിഎറ്റി), ഇന്റർവ്യൂ എന്നിവയടങ്ങുന്നതാണ് സ്‌ക്രീനിങ് ടെസ്റ്റ്. മെഡിക്കൽ പരിശോധനയും ഉണ്ടാകും.

ടിഒഇഎൽആർ 30 മിനിറ്റ്‌ ദൈർഘ്യമുള്ള 40 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുള്ള ഒരു കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. ശരിയുത്തരത്തിന്‌ രണ്ടുമാർക്കുവീതം കിട്ടും. ഉത്തരം തെറ്റിയാൽ 0.5 മാർക്കുവീതം നഷ്ടപ്പെടും. ഇന്റർവ്യൂവിന് 50 മാർക്ക് ഉണ്ടാകും.ടിഒഇഎൽആർ, നീറ്റ് യുജി 2025, ഇന്റർവ്യൂ എന്നിവയുടെ മാർക്കുകൾ കൂട്ടി പ്രവേശന മെറിറ്റ് പട്ടിക തയ്യാറാക്കും. പിഎടി ഒരു യോഗ്യതാപരീക്ഷമാത്രമായിരിക്കും. അതിന്റെ മാർക്ക്, റാങ്കിങ്ങിന് പരിഗണിക്കില്ല. അന്തിമ തിരഞ്ഞെടുപ്പ്, മെഡിക്കൽ പരിശോധനയ്ക്കുശേഷമായിരിക്കും. മെറിറ്റ് പട്ടിക എഎഫ്എംസി വെബ്‌സൈറ്റുകളിൽ ലഭ്യമാക്കും.

ബോണ്ട്

എംബിബിഎസ് പ്രവേശനം നേടി ഏഴുദിവസം കഴിഞ്ഞ് കോഴ്‌സ് ഉപേക്ഷിച്ചാൽ നഷ്ടപരിഹാരമായി 69 ലക്ഷം രൂപ നൽകണം. പ്രവേശനസമയത്ത് ഇതിലേക്ക് രക്ഷാകർത്താവ് ബോണ്ട് നൽകണം.

നിയമനം

കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർ ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിൽ കമ്മിഷൻഡ് റാങ്കോടെ (ആർമി/നേവി/എയർ ഫോഴ്‌സ്) ഡോക്ടറായി സേവനത്തിൽ പ്രവേശിക്കാൻ ബാധ്യസ്ഥരാണ്. മെറിറ്റ്, ചോയ്‌സ് എന്നിവയും ഒഴിവുകളും പരിഗണിച്ചായിരിക്കും നിയമനത്തിന്റെ സ്വഭാവം. സാധാരണഗതിയിൽ 50 ശതമാനം ഷോർട് സർവീസ് കമ്മിഷനും ബാക്കി സ്ഥിരം കമ്മിഷനും ആയിരിക്കും.ഷോർട് സർവീസ് കമ്മിഷൻ ലഭിക്കുന്നവർ കുറഞ്ഞത് ഏഴുവർഷം സേവനം അനുഷ്ഠിക്കണം. സ്ഥിരം കമ്മിഷൻ ലഭിച്ചാൽ സൂപ്പറാന്വേഷൻ പ്രായംവരെ സേവനം അനുഷ്ഠിക്കണം.

ആനുകൂല്യങ്ങൾ

പ്രവേശനം ലഭിക്കുന്നവർക്ക് ട്യൂഷൻ ഫീസ് ഇല്ല. മറ്റുചില ഫീസുകളുണ്ട്. അവ ജോയിനിങ് ഇൻസ്ട്രക്‌ഷൻസിൽ നൽകിയിരിക്കും. ലഭിക്കുന്ന ആനുകൂല്യങ്ങളിൽ ഇവയും ഉൾപ്പെടും:

* റേഷൻ, സബ്‌സിഡൈസ്ഡ് മെസ്സിങ് * ഹോസ്റ്റൽ താമസസൗകര്യം * വെക്കേഷൻ കാലത്ത് വീട്ടിലേക്ക്‌ പോകാൻ തേഡ്‌ എസി വാറന്റ്

* പ്രതിവർഷ ബുക്ക് ആൻഡ് എക്വിപ്മെന്റ് അലവൻസ്-6000 രൂപ * സ്റ്റേഷനറി അലവൻസ്-മാസം 210 രൂപ, വർഷത്തിൽ പരമാവധി 1680 രൂപ * ആദ്യവർഷം യൂണിഫോം അലവൻസ്-6000 രൂപ, തുടർന്നുള്ള വർഷങ്ങളിൽ മെയിന്റനൻസ് അലവൻസായി 1250 രൂപ * ഹെയർ കട്ടിങ് അലവൻസ്-മാസം 210 രൂപ * വാഷിങ് അലവൻസ്-മാസം 840 രൂപ, ബ്രേക് കാലയളവിൽ -315 രൂപ * ആർമി ഗ്രൂപ്പ് ഇൻഷുറൻസ് പ്രകാരമുള്ള ഇൻഷുറൻസ്/ഡിസെബിലിറ്റി ആനുകൂല്യം.

തുടർപഠന അവസരം

നിശ്ചിത സേവനം കഴിഞ്ഞാൽ നീറ്റ് പിജി വഴി പിജി/ഡിഎൻബി പഠനത്തിന് അവസരം കിട്ടും. നിർബന്ധിത സേവനം കഴിഞ്ഞ് 2/3 വർഷത്തെ ശമ്പളത്തോടെയുള്ള പഠനാവധിക്കും അവസരമുണ്ട്.