കേരള പ്രവേശനപ്പരീക്ഷാ കമ്മിഷണർ നടത്തുന്ന എംബിബിഎസ്/ബിഡിഎസ് പ്രവേശനത്തിന്റെ ഭാഗമായി www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ച ആദ്യറൗണ്ട് അന്തിമ അലോട്‌മെന്റിൽ രണ്ടുകോഴ്‌സുകൾക്കായി മൊത്തം 57 സർക്കാർ/സ്വകാര്യ സ്വാശ്രയ, മെഡിക്കൽ/ഡെന്റൽ കോളേജിലായി 5946 പേർക്ക് അലോട്‌മെന്റ് ലഭിച്ചു.

To advertise here,

എംബിബിഎസിന് 12 സർക്കാർ മെഡിക്കൽ കോളേജിലും 20 സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജിലായി 4223 പേർക്കും ബിഡിഎസിന് ആറ്്‌ സർക്കാർ ഡെന്റൽ കോളേജിലും 19 സ്വകാര്യ സ്വാശ്രയ ഡെന്റൽ കോളേജിലുമായി 1723 പേർക്കും അലോട്‌മെന്റ് ലഭിച്ചു.

എംബിബിഎസിന് സർക്കാർ മെഡിക്കൽ കോളേജുകളിൽ സ്റ്റേറ്റ് മെറിറ്റിൽ 697 വരെ കേരള മെഡിക്കൽ റാങ്കുള്ളവർക്കും (കഴിഞ്ഞവർഷം ആദ്യറൗണ്ടിൽ 746 വരെ പോയിരുന്നു) സ്വകാര്യ സ്വാശ്രയ വിഭാഗത്തിൽ സ്റ്റേറ്റ് മെറിറ്റിൽ 8745 വരെ കേരള മെഡിക്കൽ റാങ്കുള്ളവർക്കും (2024-ൽ ആദ്യറൗണ്ടിൽ 8287 വരെ) അലോട്‌മെന്റ് ലഭിച്ചു.

ബിഡിഎസിന് അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്കുകൾ: 3473 (ഗവ.-2024-ൽ 4053 വരെ), 25032 (സ്വാശ്രയം-2024-ൽ 27404 വരെ) ആണ്.

ഈ രണ്ടുകോഴ്സിലെയും ഇരുവിഭാഗം കോളേജുകളിലെ വിവിധ മാൻഡേറ്ററി സംവരണവിഭാഗങ്ങളിലെ സംസ്ഥാനതല അവസാനറാങ്കുകൾക്ക് പട്ടിക 1 കാണുക.

സർക്കാർവിഭാഗം എംബിബിഎസിൽ വിവിധ സ്പെഷ്യൽ റിസർവേഷൻ, ഭിന്നശേഷി സംവരണം എന്നിവയിലെ സംസ്ഥാനതല അവസാനറാങ്കുകൾക്ക് പട്ടിക 2 കാണുക.

സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ അഖിലേന്ത്യാ, മൈനോറിറ്റി, എൻആർഐ സീറ്റുകളിലെ സംസ്ഥാനതല അവസാനറാങ്കുകൾക്ക് പട്ടിക 3 കാണുക.

പ്രവേശനം

അലോട്‌മെന്റ് ലഭിച്ചവർ, അവരുടെ ഹോംപേജിൽനിന്ന്‌ അലോട്‌മെന്റ് മെമ്മോ ഡൗൺലോഡുചെയ്ത് അതിന്റെ പ്രിന്റൗട്ട് എടുക്കണം. പര്, റോൾ നമ്പർ, അലോട്ട്‌ ചെയ്യപ്പെട്ട കോഴ്‌സ്, കോളേജ്, കാറ്റഗറി, ഫീ വിവരങ്ങൾ തുടങ്ങിയവ അതിലുണ്ടാകും. അപേക്ഷാർഥിയുടെ അടിസ്ഥാനവിവരങ്ങൾ ഉൾപ്പെടുന്ന ഡേറ്റാഷീറ്റും ഹോം പേജിൽനിന്ന്‌ ഡൗൺലോഡുചെയ്തെടുക്കണം.

അലോട്‌മെന്റ് മെമ്മോ, ഡേറ്റാഷീറ്റ്, കീം 2025 പ്രോസ്‌പെ ക്ടസ് ക്ലോസ് 11.7.1-ൽ (പേജ് 93) നൽകിയിട്ടുള്ള ലിസ്റ്റുപ്രകാരമുള്ള രേഖകൾ എന്നിവസഹിതമാണ് അലോട്‌മെന്റ് ലഭിച്ച കോളേജിൽ ഹാജരായി പ്രവേശനംനേടേണ്ടത്.

ഗവ. മെഡിക്കൽ/ഡെന്റൽ കോളേജുകളിൽ അലോട്‌മെന്റ് ലഭിച്ചവർ അലോട്മെന്റ് മെമ്മോ പ്രകാരം പ്രവേശനപ്പരീക്ഷാ കമ്മിഷണർക്ക് അടയ്ക്കേണ്ട തുക ഓൺലൈനായി അടയ്ക്കണം. സ്വകാര്യ സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളേജുകളിൽ അലോട്‌മെന്റ് ലഭിച്ചവർ അലോട്മെന്റ് മെമ്മോ പ്രകാരമുള്ള തുക പ്രവേശനംനേടുന്ന വേളയിൽ കോളേജിൽ അടയ്ക്കണം.

എസ്‌സി/എസ്ടി/ഒഇസി വിഭാഗക്കാരും വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റുചില വിഭാഗക്കാരും പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെപേരിൽ തുകയൊന്നും അടയ്ക്കേണ്ടതില്ല. എന്നാൽ, അവർക്ക് സ്വാശ്രയകോളേജിലെ മൈനോറിറ്റി/ എൻആർഐ ക്വാട്ടയിലാണ് അലോട്‌മെന്റ് ലഭിച്ചതെങ്കിൽ അലോട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള തുക കോളേജിൽ അടയ്ക്കണം. ഇവർക്ക് ഈ സീറ്റുകളിൽ ഫീസിളവിന് അർഹതയുണ്ടാകില്ല. അലോട്‌മെന്റ് ലഭിച്ചവർ ഓഗസ്റ്റ് 24-ന് വൈകീട്ട് നാലിനകം അലോട്മെന്റ്‌ ലഭിച്ച കോളേജിൽ ഹാജരായി പ്രവേശനംനേടണം.

ഈ സമയപരിധിക്കകം കോളേജിൽ പ്രവേശനംനേടാത്തവരുടെ അലോട്‌മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാകും. പ്രവേശനംനേടാത്തവരുടെയും പ്രവേശനംനേടിയശേഷം സീറ്റ് ഉപേക്ഷിക്കുന്നവരുടെയും ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീ പിഴയായി പരിഗണിച്ച് തിരികെനൽകുന്നതല്ല. സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളേജുകളിലെ 2025-26-ലെ ഫീസ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. അതിനാൽ ഈ വിഭാഗം കോളേജുകളിൽ അലോട്‌മെന്റ് ലഭിച്ചവർ 2024-25-ലെ ഫീസാണ് താത്‌കാലികമായി അടയ്ക്കേണ്ടത്. പിന്നീട് ബന്ധപ്പെട്ട അധികാരികൾ നിശ്ചയിക്കുന്ന ഫീസനുസരിച്ച് അധികതുക അടയ്ക്കേണ്ടിവന്നാൽ ആ തുക പിന്നീട് അടയ്ക്കണം.

സ്പോൺസർ നൽകിയ ‘സ്‌വോൺ അഫിഡവിറ്റ്’ അപ്‌ലോഡ് ചെയ്ത എൻആർഐ വിഭാഗക്കാർക്ക് ഈഘട്ടത്തിൽ എൻആർഐ വിഭാഗത്തിൽ അലോട്‌മെന്റ് ലഭിച്ചിട്ടുണ്ടെങ്കിൽ അത് താത്‌കാലിക അലോട്‌മെന്റായി കണക്കാക്കും. ഇവർ പ്രവേശനപ്പരീക്ഷാ കമ്മിഷണർ നിശ്ചയിക്കുന്ന അവസാനതീയതിക്കുമുൻപായി സാധുവായ രേഖകൾ അപ്‌ലോഡുചെയ്ത് അപേക്ഷയിലെ ന്യൂനത പരിഹരിക്കണം. സാധുവായ രേഖകൾ സമർപ്പിക്കാത്തപക്ഷം ലഭിച്ച താത്‌കാലിക എൻആർഐ അലോട്‌മെന്റ് നഷ്ടപ്പെടുന്നതാണ്. താത്‌കാലികമായി അനുവദിച്ച എൻആർഐ കാറ്റഗറിയും റദ്ദാക്കും.

കോടതിയുടെ ഇടക്കാല ഉത്തരവുകളുടെ അടിസ്ഥാനത്തിലോ കിർത്താഡ്‌സ് പരിശോധന പൂർത്തിയാക്കാത്തതിനാലോ താത്‌കാലികമായി കാറ്റഗറി ക്ലെയിമുകൾ അനുവദിക്കപ്പെട്ടവരുടെ അലോട്‌മെന്റ് കോടതിയുടെ അന്തിമ ഉത്തരവുകൾക്ക്/കിർത്താഡ്‌സ് തീരുമാനത്തിന് വിധേയമായിരിക്കും. എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്‌മെന്റ് സംബന്ധിച്ച വിജ്ഞാപനം പിന്നിട് പ്രസിദ്ധീകരിക്കും.

വിജ്ഞാപനംവന്നശേഷം, രണ്ടാംഘട്ട അലോട്‌മെന്റിൽ പങ്കെടുക്കാൻ അർഹതയുള്ളവർ അപ്പോൾ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. തുടർന്ന് നിലവിലുള്ള ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും താത്‌പര്യമില്ലാത്ത ഓപ്ഷനുകൾ റദ്ദുചെയ്യാനും ആ ഘട്ടത്തിൽ സൗകര്യംലഭിക്കും. ഈ അലോട്മെന്റിന്റെ വിശദമായ വിജ്ഞാപനം, അലോട്‌മെന്റ് ലിസ്റ്റ്, ലാസ്റ്റ് റാങ്ക് പട്ടിക എന്നിവ വെബ്സൈറ്റിലുണ്ട്.