കടമ്പകള് എത്രവലുതാണെങ്കിലും പ്രയത്നിച്ചാല് സ്വപ്നസാക്ഷാത്കാരം ഒട്ടും ബുദ്ധിമുട്ടേറിയ കാര്യമല്ലെന്ന് തെളിയിക്കുകയാണ് ഗുജറാത്തിലെ അല്പേഷ് റാത്തോഡ്. വടക്കന് ഗുജറാത്തിലെ പിന്നാക്കപട്ടണമായ മേഘ്രാജിലെ പാനിപൂരി കച്ചവടക്കാരന്റെ മകനായ അല്പേഷ് ഇന്ന് എം.ബി.ബി.എസ്. വിദ്യാര്ഥിയാണ്. കടമ്പകള് ഏറെ കടന്നാണ് അല്പേഷ് ഇവിടെ എത്തിയത്.
രണ്ട് വര്ഷം മുമ്പ് സംവരണ സീറ്റില് അല്പേഷിന് എം.ബി.ബി.എസ്. പ്രവേശനം ലഭിച്ചിരുന്നു. എന്നാല്, ജാതി സര്ട്ടിഫിക്കറ്റിനെ സംബന്ധിച്ചുള്ള വിവാദത്തെത്തുടര്ന്ന് അത് നഷ്ടമായി. സുപ്രീംകോടതി വരെ എത്തിയ നിയമപോരാട്ടത്തില് അല്പേഷിന് ആശ്വാസം ലഭിച്ചു
എന്നാല്, വീണ്ടും നീറ്റ് പരീക്ഷ എഴുതാന് അല്പേഷ് തീരുമാനിച്ചു. ഇതില് മികച്ച മാര്ക്കോടെ പാസായ അല്പേഷ് ജനറല് കാറ്റഗറിയില് തന്നെ അഡ്മിഷന് നേടിയെടുത്തു. ഗാന്ധി നഗറിലെ ജി.എം.ഇ.ആര്.എസ്. മെഡിക്കല് കോളേജിലാണ് പ്രവേശനം ലഭിച്ചത്.
2022-ലെ നീറ്റ് യു.ജി. പരീക്ഷയില് 613 മാര്ക്ക് നേടിയ അല്പേഷിന് വഡോദരയിലെ സര്ക്കാര് മെഡിക്കല് കോളേജില് എസ്.ഇ.ബി.സി (സോഷ്യലി ആന്ഡ് എജ്യുക്കേഷണലി ബാക്വേഡ് ക്ലാസ്) കാറ്റഗറിയില് അഡ്മിഷന് ലഭിച്ചു. എന്നാല്, പഠനം ആരംഭിച്ച് ഒന്നരവര്ഷം കഴിഞ്ഞപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. അല്പേഷിന്റെ ജാതി സര്ട്ടിഫിക്കറ്റ് സര്ക്കാര് റദ്ദാക്കി. ഇതോടെ രണ്ടാംവര്ഷം പൂര്ത്തിയാവുംമുമ്പ് അഡ്മിഷന് റദ്ദായി.
നിയമപരമായി മുന്നോട്ടുപോകാനായിരുന്നു അല്പേഷിന്റെ തീരുമാനം. ഗുജറാത്ത് ഹൈക്കോടതിയുടെ വിധി എതിരായി. സുപ്രീംകോടതി സര്ക്കാരിന്റേയും മെഡിക്കല് കോളേജിന്റെയും നടപടി സ്റ്റേ ചെയ്തു. എങ്കിലും തന്റെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വം നിലനിന്നതോടെയാണ് അല്പേഷ് വീണ്ടും നീറ്റ് പരീക്ഷ എഴുതാന് തീരുമാനിച്ചത്.
പരീക്ഷയോട് അടുത്തപ്പോള് വ്യക്തിപരമായി പലപ്രതിസന്ധികളും തേടിയെത്തി. ആഴ്ചകള്ക്ക് മുമ്പ് സഹോദരന് അപകടത്തില്പ്പെട്ട് കിടപ്പിലായി. പരീക്ഷയ്ക്കുമുമ്പ് 40 ദിവസം മാത്രമാണ് തയ്യാറെടുപ്പിന് സമയം ലഭിച്ചത്. എന്നാല്, ഫലം വന്നപ്പോള് 644 മാര്ക്ക് ലഭിക്കുകയും ജനറല് കാറ്റഗറിയില് അഡ്മിഷന് ലഭിക്കുകയും ചെയ്തു.
എന്നാല്, കടമ്പകള് അവസാനിച്ചില്ല. ആരവല്ലി ജില്ലയിലെ പാനിപൂരി കച്ചവടക്കാരനായ പിതാവിന് താങ്ങാന് കഴിയുന്നതിലും അപ്പുറമാണ് മെറിറ്റ് സീറ്റിലാണെങ്കിലും ഫീസുകള്. ആദ്യം അഡ്മിഷന് ലഭിച്ചിടത്ത് വിടുതല് സര്ട്ടിഫിക്കറ്റുകള് കിട്ടാന് അഞ്ചുലക്ഷം രൂപ കെട്ടിവെക്കേണ്ടതുണ്ട്. സര്ക്കാരിന്റെ അനാസ്ഥകൊണ്ട് നഷ്ടമായ സീറ്റാണെങ്കിലും പഠനം പാതി വഴിയില് ഉപേക്ഷിക്കുന്നതിനുള്ള പിഴയാണ് ഈ തുക.
ഉത്തര്പ്രദേശിലെ കെന്ത്വ ഗ്രാമമാണ് അല്പേഷിന്റെ ജന്മസ്ഥലം. ഗ്രാമത്തില് എം.ബി.ബി.എസിന് അഡ്മിഷന് ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് അല്പേഷ്.
Content Highlights: Alpesh Rathod, son of a paanipuri seller, who lost MBBS quota
Published: 07 Oct 2024, 10:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented