പരീക്ഷകളില്‍ മികച്ച നേട്ടം കൈവരിച്ചാലും പലരും പരാജയം നേരിടുന്ന ഒരു ഘട്ടമാണ് അഭിമുഖം. പലപ്പോഴും ചോദ്യങ്ങള്‍ക്കുള്ള ശരിയായ ഉത്തരം അറിയാമെങ്കിലും ഉദ്യോഗാര്‍ത്ഥികള്‍ പല തൊഴില്‍ അഭിമുഖങ്ങളിലും പരാജയപ്പെടുന്നു. എന്നാല്‍  '7-38-55' നിയമത്തെക്കുറിച്ച് അറിയാമെങ്കില്‍ ഏത് അഭിമുഖവും വിജയിക്കാം എന്നാണ് കണ്ടന്റ് ക്രിയേറ്ററായ അങ്കുര്‍ വാരിക്കൂ പറയുന്നത്.

To advertise here,

അങ്കുറിന്റെ അഭിപ്രായത്തില്‍ ഒരഭിമുഖത്തില്‍ നിങ്ങള്‍ എന്തു പറയുന്നു എന്നതിനേക്കാള്‍ നിങ്ങള്‍ എങ്ങനെ പറയുന്നു, ഏത് രീതിയില്‍ പറയുന്നു എന്നതിനെ ആശ്രയിച്ചാണ് വിജയിക്കുന്നത്. ഈ കാര്യത്തെ പിന്തുണയ്ക്കുന്ന ആശയമാണ് 7-38-55 നിയമത്തിലും പറയുന്നത്. ആശയവിനിമയ മനഃശാസ്ത്രവുമായി ബന്ധപ്പെട്ട ഈ നിയമം വാക്കുകള്‍, സംസാരരീതി, ശരീരഭാഷ, എന്നിവ കൂടിച്ചേര്‍ന്ന് ഒരു വ്യക്തിയുടെ കാഴ്ച്ചപ്പാടുകളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിശദീകരിക്കുന്നു.

മനഃശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് മെഹ്‌റാബിയനാണ് ഈ ആശയം ആദ്യമായി മുന്നോട്ട് വെച്ചത്. വാക്കുകളും ശരീരഭാഷയും തമ്മില്‍ വൈരുധ്യം ഉണ്ടാകുന്ന സാഹചര്യങ്ങളില്‍, ഉദാഹരണത്തിന് ഒരാള്‍ 'എനിക്ക് കുഴപ്പമില്ല' എന്ന് പറയുകയും എന്നാല്‍ അസന്തുഷ്ടനായി കാണപ്പെടുകയും ചെയ്യുമ്പോള്‍ ആളുകള്‍ സംസാരരീതിയും ശരീരഭാഷയും ആണ് കൂടുതല്‍ ആശ്രയിക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തി.

7-38-55 നിയമപ്രകാരം ഒരു വ്യക്തി സംസാരിക്കുമ്പോള്‍ ഏഴ് ശതമാനം ആശയം മാത്രമേ വാക്കുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുള്ളു. 38 ശതമാനം സംസാരരീതി, വ്യക്തത, ആത്മവിശ്വാസം, എന്നിവയില്‍ നിന്നുമാണ് വരുന്നത്. ബാക്കിയുള്ള 55 ശതമാനം ശരീരഭാഷ, മുഖഭാവങ്ങള്‍, ആംഗ്യങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഒരു തൊഴില്‍ അഭിമുഖവും ഇത്തരം കാര്യങ്ങളെ ആസ്പദമാക്കിയാണ് നടത്തുക എന്നും അങ്കുര്‍ വ്യക്തമാക്കുന്നു. നിങ്ങളുടെ അഭിമുഖത്തിന്റെ വിജയത്തിന്റെ ഏഴ് ശതമാനം മാത്രമാണ് എന്ത് പറയുന്നു എന്ന് ആശ്രയിച്ചിരിക്കുന്നുള്ളു. ബാക്കിയുള്ള 93 ശതമാനവും വാക്കുകള്‍ക്കപ്പുറത്തുള്ള ചില ഘടകങ്ങളെ ആശ്രയിച്ചിരിക്കും. അങ്കുര്‍ പറഞ്ഞു.

പല ഉദ്യോഗാര്‍ത്ഥികളും അഭിമുഖങ്ങള്‍ക്ക് വേണ്ടി തയ്യാറെടുക്കുമ്പോള്‍ ചോദ്യങ്ങള്‍ മനഃപാഠമാക്കുന്നതില്‍ മാത്രമാണ് ശ്രദ്ധ കൊടുക്കുക. എന്നാല്‍ എങ്ങനെ പറയണം, ആരായി പറയണം എന്നത് അവഗണിക്കുകയും ചെയ്യുന്നു. അഭിമുഖം നടത്തുന്ന ആളിന്റെ മുഖത്ത് നോക്കി സംസാരിക്കാതിരിക്കുക, മോശമായ ശരീര ഘടന, കൈകള്‍ അമിതമായി ചലിപ്പിക്കുന്നത്, സംഭാഷണരീതി എന്നിവയെല്ലാം അഭിമുഖങ്ങളില്‍ സംഭവിക്കുന്ന സാധാരണമായ തെറ്റുകളാണ്. ഇത്തരം തെറ്റുകളെ മറികടക്കാന്‍ വേണ്ടിയാണ് 7-38-55 നിയമം അഭിമുഖങ്ങളില്‍ ശ്രദ്ധിക്കണം എന്ന് അങ്കുര്‍ നിര്‍ദേശിക്കുന്നത്.