
സയൻസ്, എൻജിനിയറിങ് വിഷയങ്ങൾക്കുമാത്രമാണോ വിദേശരാജ്യങ്ങളിൽ ഫെലോഷിപ്പോടെയുള്ള ഗവേഷണംനടത്താൻ കഴിയുക? അല്ലെന്ന് തിരുവനന്തപുരം വെള്ളറട സ്വദേശി ഡി.എസ്. നന്ദ പറയും. സാമൂഹികശാസ്ത്ര ഗവേഷണത്തിനുള്ള യുകെ സർക്കാരിന്റെ ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ് റിസർച്ച് കൗൺസിൽ (എഎച്ച്ആർസി) ഫെലോഷിപ്പ് (ഏകദേശം 1.5 കോടി രൂപ) നന്ദ നേടിയത് ആനിമൽ ഹിസ്റ്ററിയിൽ ഗവേഷണം നടത്താനാണ്. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ലീഡ്‌സിലാണ് ഗവേഷണം. തിരുവനന്തപുരം വെള്ളറട ചന്ദ്രദാരുവിൽ ദീബു പണിക്കരുടെയും വെള്ളറട വിപിഎം എച്ച്എസ്എസ് അധ്യാപിക ആർ. ഷീജയുടെയും മകളാണ്.
ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽനിന്ന് ചരിത്രത്തിൽ സ്വർണമെഡലോടെ ബിരുദാനന്തരബിരുദം നേടിയ ശേഷമാണ് വിദേശ രാജ്യങ്ങളിലെ ഫെലോഷിപ്പുകളെക്കുറിച്ചും അതുവഴി ഗവേഷണം നടത്തുന്നതിനെക്കുറിച്ചും നന്ദ അന്വേഷിച്ച് മനസ്സിലാക്കുന്നത്.
വിഷയം
വീഗൻ ആക്ടിവിസ്റ്റ് രംഗത്ത് സജീവമായ നന്ദ, മൃഗങ്ങളുടെ അവകാശം, സംരക്ഷണം എന്നിങ്ങനെയുള്ള മേഖലകളിൽ കൂടുതൽ പഠിച്ചു. ഇതിനെക്കുറിച്ച് കൂടുതലറിയാൻ ആനിമൽ ഹിസ്റ്ററിയിൽ ഗവേഷണംചെയ്യുന്നത് സഹായകമാകുമെന്ന് മനസ്സിലാക്കി. അങ്ങനെയാണ് ‘കൊളോണിയൽക്കാലത്തെ മൃഗങ്ങളുടെ നിയമങ്ങളുടെയും സംരക്ഷണത്തിന്റെയും ചരിത്രം’ എന്ന വിഷയം തിരഞ്ഞെടുക്കുന്നത്.
ആനിമൽ ഹിസ്റ്ററി എന്ന വിഷയം ഇന്ത്യയിൽ താരതമ്യേന പുതിയ ഒന്നായതിനാൽ ഇവിടെ ഗവേഷണസാധ്യതകൾ കുറവായിരുന്നെന്ന് നന്ദ പറയുന്നു. മാത്രമല്ല പുറത്തുപോയി ഗവേഷണംചെയ്യണമെന്ന ആഗ്രഹവുമായാണ് അപേക്ഷിച്ചത്. വിദേശരാജ്യങ്ങളിൽ ഒട്ടേറെ ഗവേഷണംനടക്കുകയും ചർച്ച ചെയ്യപ്പെടുന്നതുമായ വിഷയമാണ് ആനിമൽ ഹിസ്റ്ററി. അതിനാൽ അവസരങ്ങൾ കൂടുതലായിരുന്നു.
ബ്രിട്ടീഷ് അക്കാദമി ഫണ്ട് ചെയ്യുന്ന ‘പ്ലാനറ്ററി ഹെൽത്ത്’ എന്ന പ്രോജക്ടിൽ ബെംഗളൂരു നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ റിസർച്ച് അസിസ്റ്റന്റായതു പ്രവേശനത്തിന് ഫെലോഷിപ്പിന് സഹായിച്ചു. റെസ്യുമെ കൂടുതൽ മികവുള്ളതാക്കാൻ ഈ പ്രോജക്ടിന് കഴിഞ്ഞതായി നന്ദ പറയുന്നു. ആർക്കൈവൽ സ്റ്റഡീസ്, പ്രോജക്ടിന്റെ പ്രധാനപ്പെട്ട ഘടകമായിരുന്നു. മലബാറിലെ ആദിവാസിവിഭാഗത്തിന്റെ ആരോഗ്യചരിത്രപഠനമാണിത്. ഇതിലൂടെ കാടിനും വന്യജീവികൾക്കുമുണ്ടായ മാറ്റങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.
ഗവേഷണം വിദേശത്ത്
മൊത്തത്തിൽ ഒരു വർഷത്തോളമെടുക്കുന്ന നടപടിക്രമങ്ങളാണ് വിദേശത്തെ പിഎച്ച്ഡി അപേക്ഷ. കൂടാതെ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നന്ദ പറയുന്നു.
1. താത്‌പര്യമുള്ള സർവകലാശാല ഏതൊക്കെയാണെന്ന് കണ്ടെത്തുക. അതിൽ എവിടെയൊക്കെ സ്വന്തം വിഷയം ഗവേഷണം നടത്തുന്നു എന്നത് മനസ്സിലാക്കുക.
2. അതത് ഡിപ്പാർട്ടുമെന്റിലെ പ്രൊഫസർമാരോട് മെയിൽ അയച്ച് ഗവേഷണവിഷയവും അക്കാദമിക് കാര്യങ്ങളും ചർച്ച ചെയ്യുക
3. മികച്ച റിസർച്ച് പ്രൊപ്പോസൽ -ഇതാണ് അപ്ലിക്കേഷന്റെ അടിസ്ഥാനം
4. റെസ്യുമെ തയ്യാറാക്കണം
5. സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് -ഒരു വ്യക്തി എന്നനിലയിൽ നമ്മെ വിലയിരുത്തുന്ന ഭാഗമാണിത്. വളരെ പ്രധാനപ്പെട്ടതാണ്
6. ലെറ്റർ ഓഫ് റെക്കമെന്റേഷൻ -നേരത്തേ പഠിപ്പിച്ചിട്ടുള്ള അധ്യാപകർ അപേക്ഷയ്ക്കുവേണ്ടി നമ്മുടെ അക്കാദമിക് വിവരങ്ങളും മറ്റുകഴിവുകളും വിശദീകരിക്കുന്നത്
7. അക്കാദമിക് മികവ്
ഫെലോഷിപ്പ്
ഫണ്ടിങ്ങിനായി യുകെയിലെ മിക്ക സർവകലാശാലകളിലേക്ക് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പ്രത്യേകം അപേക്ഷ നൽകണം.ഇതിനായി ആദ്യം ഓഫർ ലെറ്റർ ലഭിക്കണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യുകെ ഓഫർ ലെറ്റർ ഹോൾഡേഴ്‌സ് ഇതിനായി മത്സരിക്കും.
ചില സർവകലാശാലകൾ നേരിട്ട് വിദ്യാർഥികളെ നോമിനേറ്റ് ചെയ്യും. ചിലത് വിദ്യാർഥികൾ സ്വയം അപേക്ഷിക്കണം. അപ്ലിക്കേഷൻ ഫോം പൂരിപ്പിക്കൽ, റിസർച്ച് പ്രൊപ്പോസൽ ചേർക്കൽ, ഫണ്ടിങ്ങിന്റെ ആവശ്യകത എന്നിങ്ങനെ പല ചോദ്യങ്ങൾക്ക് ഉത്തരംനൽകേണ്ടതുണ്ട്. ഇതിന് സൂപ്പർവൈസറിന്റെ മേൽനോട്ടം ലഭിക്കാൻ ശ്രദ്ധിക്കണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഫലം വരും. ചില ഡിടിപി (ഡോക്ടറൽ ട്രെയിനിങ് പാർട്ണർഷിപ്പ്)കൾ ഇന്റർവ്യൂ നടത്താറുണ്ട്. പല റൗണ്ടുകളിലായി അപ്ലിക്കേഷൻ വിലയിരുത്തപ്പെടും.
പ്രത്യേകിച്ച് സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് ഫണ്ടിങ് കുറവാണ്. ഇതിനായി പ്രയാസമേറിയ സ്ക്രീനിങ് പ്രോസസിലൂടെ കടന്നുപോയതാണ് നന്ദയുടെ അനുഭവം. ഫണ്ടിങ്ങിൽ 70 ശതമാനത്തോളം മാറ്റിവെച്ചിരിക്കുന്നത് യുകെയിലെ വിദ്യാർഥികൾക്കാണ്. ബാക്കി 30 ശതമാനമാണ് മറ്റുരാജ്യങ്ങളിലെ വിദ്യാർഥികൾക്ക് നൽകുന്നത്. എഎച്ച്ആർസി നൽകുന്ന റോക്ക- ഫെലോഷിപ്പാണ് ലഭിച്ചത്. ഏകദേശം ഒന്നരക്കോടി രൂപയാണ് മൂന്നുവർഷത്തേക്കുള്ള ഫണ്ടിങ്. ട്യൂഷൻ ഫീസും സ്റ്റൈപ്പെൻഡും ലഭിക്കുമെന്ന് നന്ദ പറയുന്നു.
സോഷ്യൽ സയൻസ് ഗവേഷണത്തിന് ഫെലോഷിപ്പ് നൽകുന്ന രണ്ട് പ്രധാന ഏജൻസികളാണ് എഎച്ച്ആർസിയും ഇഎസ്ആർസിയും. ഇതല്ലാതെ ഡിപ്പാർട്ട്മെന്റ്, സർവകലാശാല ഫെലോഷിപ്പുകളുമുണ്ട്.
എഎച്ച്ആർസി: ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ് ഉൾപ്പെടുന്ന വിഷയങ്ങൾക്കായി യുകെ സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണകൗൺസിലാണിത്. കോളേജുകൾക്കും സർവകലാശാലകൾക്കും കലയും സാമൂഹികവിഷയങ്ങളും (ഉദാ: ഭാഷകൾ, ചരിത്രം, തത്ത്വചിന്ത, കലാരൂപങ്ങൾ, സാംസ്കാരികപഠനം) ഉൾപ്പെടുന്ന വിഷയങ്ങളിൽ ഗവേഷണം നടത്താൻ സഹായധനം നൽകുന്നു.
ഐഇഎൽടിഎസ്
അപേക്ഷാനടപടികൾക്കൊപ്പം ഐഇഎൽടിഎസ് (ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം) എന്ന കടമ്പകൂടി കടക്കണമെന്ന് നന്ദയുടെ വാക്കുകൾ. ‘‘ഇംഗ്ലീഷ് പരിജ്ഞാനം ഉറപ്പാക്കാൻ വേണ്ടിയാണിത്. നന്നായി തയ്യാറെടുക്കണം. സ്പീക്കിങ് ടെസ്റ്റാണ് പൊതുവിൽ സ്കോർ ചെയ്യാൻ ബുദ്ധിമുട്ട്.
ഓൺലൈൻ പരിശീലനമാണ് എടുത്തിരുന്നത്. ചില എഐ ആപ്പുകളും സഹായിച്ചിരുന്നു. ഏഴോ അതിൽ കൂടുതലോ സ്കോർ ബാൻഡാണ് മിക്ക സർവകലാശാലകളും ഇതിന് ആവശ്യപ്പെടുന്നത്. ഇത് ഓരോ ഡിപ്പാർട്ട്മെന്റ് അനുസരിച്ചു വ്യത്യാസം വന്നേക്കാം’’ -നന്ദ പറയുന്നു.
Content Highlights: UK Fellowship for Social Science Research
Published: 09 Jun 2025, 09:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented