
പ്ലസ്ടു പരീക്ഷാഫലം വന്നു കഴിഞ്ഞു. കുട്ടികളുടെ ഉന്നത പഠനത്തെ സംബന്ധിച്ചുള്ള ആശങ്കയിലായിരിക്കും ഭൂരിഭാഗം രക്ഷിതാക്കളും. എന്‍ജിനിയറിങ്, മെഡിസിന്, എന്നിവയ്ക്ക് പുറമേ പ്ലസ്ടു സയന്‍സ് മാത്തമാറ്റിക്സ് കോമ്പിനേഷനില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ബി.എസ്സി സ്റ്റാറ്റിസ്റ്റിക്സ് ഏറെ അവസരങ്ങള്‍ നല്കുന്ന ഡിഗ്രി കോഴ്സാണെന്ന് എത്രപേര്‍ക്കറിയാം? നിലവില്‍ റെഗുലറായി മാത്രമേ ഈ കോഴ്സ് പഠിക്കാന്‍ സാധിക്കുവെന്നതിനാല്‍ ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഏറെക്കുറവാണ്.
ഐ.ടി മേഖലയിലെ വികസനം സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചവര്‍ക്ക് അനന്തസാധ്യതകളാണ് തുറന്നിരിക്കുന്നത്. ഏറെ പ്രാധാന്യമുള്ള ഡാറ്റാ അനലിസ്റ്റെന്ന ജോലി സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചവര്‍ക്ക് നല്കുന്ന സാധ്യകള്‍ ഏറെ വലുതാണ്. ബി.എസ്സി സ്റ്റാറ്റിസ്റ്റിക്സിനു ശേഷം എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് കൂടി പഠിക്കുകയായാണെങ്കില് കേരളത്തിലും പുറത്തും ധാരാളം അവസരങ്ങള്‍ ഇവരെ കാത്തിരിപ്പുണ്ട്. മാസത്തില്‍ രണ്ട് ലക്ഷത്തിലധികം ശമ്പളം ലഭിക്കുന്ന ഡാറ്റ സയന്റിസ്റ്റ് മേഖലയിലും എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് കഴിഞ്ഞവര്‍ക്ക് ശോഭിക്കാന്‍ കഴിയും. സ്റ്റാറ്റിസ്റ്റിക്സ് ബിരുദധാരികളെ കാത്തിരിക്കുന്ന വ്യത്യസ്തതരം അവസരങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...
ഇന്ത്യയിലെ സാധ്യതകള്‍
സിവില്‍ സര്‍വീസിന് സമാനമായി യു.പി.എസ്.സി നടത്തുന്ന ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് (ഐ.എസ്.എസ്), കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഒ.ആര്.ജി.ഐയിലെ അസിസ്റ്റന്റ് ഡയറക്ടര്‍, റിസര്‍വ് ബാങ്കിലെ റിസര്‍ച്ച് ഓഫീസര്‍/മാനേജര്‍, സ്റ്റഫ് സെലക്ഷന് കമ്മീഷന് നടത്തുന്ന കംബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷ, നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസിന് കീഴിലുള്ള ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, ഒ.ആര്.ജി.ഐയിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, ഡല്‍ഹി സര്‍ക്കാറിന് കീഴിലുള്ള വിവിധ വകുപ്പുകളിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, വിവിധ പൊതുമേഖല ബാങ്കുകളിലെ റിസര്‍ച്ച് ഓഫീസര്‍/സ്റ്റാറ്റിസ്റ്റിക്കല്‍ അനലിസ്റ്റ് ജോലികള്‍, എന്നിവയാണ് പ്രധാനമായും ഇന്ത്യയില്‍ സ്റ്റാറ്റിസ്റ്റിക്സ് ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാവുന്ന ജോലികള്‍. ഇതില്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ്, റിസര്‍വ് ബാങ്ക് റിസര്‍ച്ച് ഓഫീസര്‍/മാനേജര്‍, നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസഷനിലെ ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എന്നിവ വര്‍ഷാവര്‍ഷം നടക്കുന്ന നിയമനങ്ങളാണ്.
അവസരങ്ങള്‍ കേരളത്തില്‍
സ്റ്റാറ്റിസ്റ്റിക്സ് വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തിലും മികച്ച അവസരങ്ങള്‍ കാത്തിരിപ്പുണ്ട്. ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍/റിസര്‍ച്ച് ഓഫീസര്‍, സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡിലെ റിസര്‍ച്ച് അസിസ്റ്റന്റ്, കോഴിക്കോട് ആസ്ഥാനമായ കിര്‍ത്താഡ്സ് (KIRTADS)-ലെ റിസര്‍ച്ച് ഓഫീസര്‍, റിസര്‍ച്ച് അസിസ്റ്റന്റ് എന്നിവയാണ് കേരളത്തില്‍ കിട്ടാവുന്ന സര്‍ക്കാര്‍ ജോലികള്‍.
ഇനി അധ്യാപന ജോലി നോക്കുകയാണെങ്കില്‍, കേരളത്തിനകത്തും പുറത്തും നിരവധി അവസരങ്ങളുണ്ട്. പി.ജി ബിരുദത്തോടൊപ്പം സെറ്റും ബി.എഡും പാസായാല്‍ കേരളത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരാകാം. പി.ജി. ബിരുദത്തിനൊപ്പം നെറ്റും നേടിയിട്ടുണ്ടെങ്കില്‍ കോളേജ് തലത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ജോലിക്കും അപേക്ഷിക്കാം. ഡോക്ടറേറ്റ് നേടിയവര്ക്കാവട്ടെ സര്‍വകലാശാലകളിലും മറ്റു ഗവേഷണ സ്ഥാപനങ്ങളിലും അസിസ്റ്റന്റ് പ്രൊഫസറായും സയന്റിസ്റ്റായും ജോലി നോക്കാം.
സ്വകാര്യമേഖലയും വിദേശത്തുമുള്ള തൊഴിലുകള്‍
സ്റ്റാറ്റിസ്റ്റിക്സ് ബിരുദാന്തര ബിരുദത്തോടൊപ്പം എസ്.പി.എസ്.എസ് (SPSS), ആര് (R), പൈത്തണ്‍ (PYTHONE), ഇവ്യൂസ് (EViews), എസ്.എ.എസ് (SAS) പോലുള്ള സ്റ്റാറ്റിസ്റ്റിക്കല്‍-അനലിറ്റിക്സ് സോഫ്റ്റ്വെയറുകള് കൈകാര്യം ചെയ്യുന്നതിലും അറിവുണ്ടെങ്കില്‍ ഡാറ്റ അനലിസ്റ്റ്, ബിസിനസ് അനലിസ്റ്റ് പോലുള്ള ജോലികള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കും. കൂടാതെ സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ് മേഖലയില്‍ നല്ല പ്രവര്‍ത്തിപരിചയമുണ്ടെങ്കില്‍ മികച്ച കമ്പനികളില്‍ ഡാറ്റ സയിന്സ്റ്റിസ്റ്റ് ജോലികളും നേടാം. ബയോസ്റ്റാറ്റിസ്റ്റിക്സ് പഠിച്ചിറങ്ങുന്നവര്‍ക്ക് ഫാര്‍മ കമ്പനികളിലും മറ്റ് മള്‍ട്ടി നാഷണല്‍ കമ്പനികളിലും മെഡിക്കല്‍ ഗവേഷണ സ്ഥാപനങ്ങളിലും ഉയര്‍ന്ന ശമ്പളത്തോടെ ജോലി ലഭിക്കാറുണ്ട്.
ഖത്തര്‍, ഒമാന്‍ പോലുള്ള വിദേശ രാജ്യങ്ങളിലെ ബാങ്കുകളിലും മറ്റ് മള്‍ട്ടി നാഷണല്‍ കമ്പനികളിലും മികച്ച ശമ്പളത്തോടെയുള്ള നിരവധി ജോലികള്‍ സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചിറങ്ങിയവര്‍ക്ക് നേടാം. നാട്ടിലെ സാധാരണ കോളേജുകളില്‍ നിന്നും പോലും സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചിറങ്ങിയ നിരവധി മലയാളികള്‍ ഇന്ന് ലോകത്തിന്റെ പല ഭാഗത്തും മികച്ച ശമ്പളത്തോടെ ജോലി ചെയ്യുന്നുണ്ട്.
എവിടെ പഠിക്കാം ?
ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബി.സ്റ്റാറ്റ്/ എം.സ്റ്റാറ്റ് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നൂറ് ശതമാനം പ്ലേസ്മെന്റ് സാധ്യതകളാണുള്ളത്. കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍, ടെസ്പൂര്‍ എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രങ്ങള്‍.
കേരളത്തില്‍ സ്റ്റാറ്റിസ്റ്റിക്സ് ബിരുദമെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കാലിക്കറ്റ്, കേരള, കണ്ണൂര്‍, കുസാറ്റ് സര്‍വകലാശാലകളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുകയാണെങ്കില്‍ കോളേജിന്റേയും കോഴ്സിന്റേയും വിവരം ലഭിക്കും. ചില സ്വയംഭരണ കോളേജുകളിലും സ്റ്റാറ്റിസ്റ്റിക്സ് ബിരുദ കോഴ്സുകള്‍ ലഭ്യമാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴില്‍ കൊടുവള്ളി ഗവണ്മെന്റ് കോളേജിലും, തൃശ്ശൂര്‍ അച്യുതമേനോന് ഗവണ്മെന്റ് കോളേജിലുമാണ് സര്‍ക്കാര്‍ തലത്തില്‍ ഈ കോഴ്സുള്ളത്. തൃശൂര്‍ ശ്രീ കേരളവര്‍മ കോളേജിലും (എയ്ഡഡ്) ബി.എസ്സി സ്റ്റാറ്റിസ്റ്റിക്സ് കോഴ്സുണ്ട്. സ്വയംഭരണ കോളേജുകളായ ഫാറൂഖ് കോളേജിലും, തൃശ്ശൂര്‍ സെന്റ്തോമസ് കോളേജിലും, വിമല കോളേജിലും ഈ കോഴ്സുണ്ട്. ഈ അക്കാദമിക വര്‍ഷത്തില്‍ പേരാമ്പ്ര സി.കെ.ജി ഗവണ്മെന്റ് കോളേജില്‍ ബി.എസ്സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്കില്‍ ആരംഭിക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴില്‍ അണ് എയ്ഡഡ് മേഖലയില്‍ വടകര ശ്രീ നാരായണ കോളേജിലും, വെള്ളിമാട്കുന്ന് ജെ.ഡി.ടി കോളേജിലും ബി.എസ്സി സ്റ്റാറ്റിസ്റ്റിക്സ് കോഴ്സുണ്ട്.
സ്റ്റാറ്റിസ്റ്റിക്സില്‍ ഇന്ത്യയില്‍ ഉന്നതപഠനം ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള ലോക പ്രശസ്ത സ്ഥാപനങ്ങളോ ഐ.ഐ.ടി /ഐ.ഐ.എസ്.സിയോ സര്‍വകലാശാലകളിലെ പഠന വകുപ്പുകളോ മികച്ച കോളേജുകളോ തിരഞ്ഞെടുക്കാം.
ആര്‍ക്കൊക്കെ പഠിക്കാം ?
10+2 സയന്‍സ് സ്ട്രീം വിത്ത് മാത്സ് പഠിച്ച വിദ്യാര്‍ഥികള്‍ക്കും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളില്‍ മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് പേപ്പറുകള്‍ പഠിച്ച് മറ്റ് പ്ലസ്ടു കോഴ്സ് പാസായവര്‍ക്കും അപേക്ഷിക്കാം. ഈ വര്‍ഷം മുതല്‍ 10+2 സയന്‍സ്-മാത്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഡക്സ് മാര്‍ക്കിന്റെ 10% അധികം മാര്‍ക്ക് ബി.എസ്സി സ്റ്റാറ്റിസ്റ്റിക്സ് പ്രവേശനത്തിന് നല്കാന് കാലിക്കറ്റ് യൂണിവേഴ്സിറ്റി തീരുമാനിച്ചിട്ടുണ്ട്. ബി.എസ്സി സ്റ്റാറ്റിസ്റ്റിക്സിന് പുറമേ ബി.എസ്സി മാത്തമാറ്റിക്സ് കഴിഞ്ഞവര്‍ക്കും എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് കോഴ്സിന് ചേരാം. ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സിനോടൊപ്പം സ്റ്റാറ്റിസ്റ്റിക്സ് ഉപവിഷയമായി പഠിച്ചവര്‍ക്കും ചില യൂണിവേഴ്സിറ്റികള്‍ എം.എസ്സി കോഴ്സുകള്‍ പഠിക്കാന്‍ അവസരം നല്‍കുന്നുണ്ട്.
(ആര്.ബി.ഐയിലെ അസിസ്റ്റന്റ് ജനറൽ മാനേജറും കൊടുവള്ളി ഗവണ്മെന്റ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമാണ് ലേഖകര്‍)
Content Highlights: Statistics education and career opportunities
Published: 11 Aug 2021, 11:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented