കേരളത്തിലെ വിവിധ പ്രൊഫഷണൽ കോഴ്സുകളിലെ 2025-26-ലെ പ്രവേശനത്തിനായി പ്രവേശനപ്പരീക്ഷാ കമ്മിഷണർ (സി.ഇ.ഇ.) അപേക്ഷ ക്ഷണിച്ചു.
കോഴ്‌സുകൾ:
• മെഡിക്കൽ: എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്. (ആയുർവേദ), ബി.എച്ച്.എം.എസ്., (ഹോമിയോ), ബി.എസ്.എം.എസ്. (സിദ്ധ), ബി.യു.എം.എസ്. (യുനാനി)
• മെഡിക്കൽ അനുബന്ധം: ബി.എസ്‌സി. (ഓണേഴ്‌സ്) അഗ്രിക്കൾച്ചർ, ബി.എസ്‌സി. (ഓണേഴ്‌സ്) ഫോറസ്ട്രി, ബി.എസ്‌സി. (ഓണേഴ്സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്/ബി.എസ്‌സി. (ഓണേഴ്സ്) അഗ്രി ബിസിനസ് മാനേജ്മെൻറ്, ബി.എസ്‌സി. (ഓണേഴ്സ്) ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെൻറൽ സയൻസ്, ബി.ടെക്. ബയോടെക്നോളജി (കേരള കാർഷികസർവകലാശാലയിൽ), ബി.വി.എസ്‌സി. ആൻഡ് എ.എച്ച്. (വെറ്ററിനറി), ബി.എഫ്.എസ്‌സി. (ഫിഷറീസ്)
• കേരള കാർഷികസർവകലാശാലയുടെ ബി.എസ്‌സി. (ഓണേഴ്സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ് പ്രവേശനം ലഭിക്കുന്നവർക്ക്, ആവശ്യമായ ഓപ്‌ഷണൽ കോഴ്സുകൾ വിജയകരമായി പൂർത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, ബി. എസ്‌സി. (ഓണേഴ്സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ് ബിരുദം അല്ലെങ്കിൽ ബി.എസ്‌സി. (ഓണേഴ്സ്) അഗ്രി ബിസിനസ് മാനേജ്മെൻറ് ബിരുദം നൽകും
• എൻജിനിയറിങ്: ബി.ടെക്. (കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കേരള കാർഷിക, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ്, കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാലകളിലെ, ബി.ടെക്. പ്രോഗ്രാമുകൾ)
•ബി.ഫാം. (ഫാർമസി)
•ബി.ആർക്ക്. (ആർക്കിടെക്ചർ)
സി.ഇ.ഇ. പ്രവേശനപ്പരീക്ഷകൾ നടത്തുന്ന/നടത്താത്ത കോഴ്സുകൾ
• കേരളത്തിൽ പ്രവേശനപ്പരീക്ഷാ കമ്മിഷണർ, എൻജിനിയറിങ്, ഫാർമസി പ്രവേശനങ്ങളുടെ ഭാഗമായി മാത്രമേ പ്രവേശനപ്പരീക്ഷകൾ നടത്തുന്നുള്ളൂ.
• എൻജിനിയറിങ്ങിനും ഫാർമസിക്കും ഇത്തവണ പ്രത്യേകം പ്രവേശനപ്പരീക്ഷകൾ ഉണ്ടാകും. ഫിസിക്സ്, കെമിസ്ട്രി ചോദ്യങ്ങളുടെ അനുപാതം രണ്ടിലും വിഭിന്നമായിരിക്കും. എൻജിനിയറിങ്, ഫാർമസി പ്രവേശനപ്പരീക്ഷകളുടെ ഘടന, ഇവയുടെ റാങ്ക് പട്ടികകൾ തയ്യാറാക്കുന്നരീതി, പരിഗണിക്കുന്ന ഘടകങ്ങൾ തുടങ്ങിയവ പ്രോെസ്പക്ടസിൽ വിശദീകരിച്ചിട്ടുണ്ട്
• മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനം നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ്-യു.ജി.) 2025 അടിസ്ഥാനമാക്കിയാണ്
• ആർക്കിടെക്ചർ പ്രവേശനം തേടുന്നവർ നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) അഭിമുഖീകരിച്ച് 2025 ജൂൺ 30-നകം യോഗ്യതനേടണം. നാറ്റാ സ്കോർ, യോഗ്യതാപരീക്ഷാ മാർക്ക്/ഗ്രേഡ് എന്നിവ പരിഗണിച്ചാണ് റാങ്ക് പട്ടിക തയ്യാറാക്കുക
• മെഡിക്കൽ, മെഡിക്കൽ അലൈഡ്, ആർക്കിടെക്ചർ കോഴ്സുകൾക്ക് കേരളത്തിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഇപ്പോൾത്തന്നെ അപേക്ഷിക്കണം. അതോടൊപ്പം നീറ്റ് യു.ജി. 2025, നാറ്റ 2025 എന്നിവയിൽ ബാധകമായതിന് നേരിട്ടപേക്ഷിച്ച് യോഗ്യതനേടുകയും വേണം
പ്രവേശനപ്പരീക്ഷ, തീയതികൾ
•എൻജിനിയറിങ്/ഫാർമസി പ്രവേശനപ്പരീക്ഷകൾ കംപ്യൂട്ടറധിഷ്ഠിത രീതിയിൽ ഏപ്രിൽ 22 മുതൽ 30 വരെ നടത്തും. ഇതിൽ ഏപ്രിൽ 22, 23, 29, 30 എന്നിവ ബഫർ ദിവസങ്ങളാണ്. മറ്റുദിവസങ്ങളിൽ (ഏപ്രിൽ 24, 25, 26, 27, 28), ദിവസേന ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെ (ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം) ഉള്ള ഒരു സെഷനിൽ മാത്രമായിരിക്കും പരീക്ഷ.
•കേരളത്തിലെ എല്ലാജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാകും. കൂടാതെ ന്യൂഡൽഹി, മുംബൈ, ദുബായ് (യു.എ.ഇ.) എന്നിവയും പരീക്ഷാകേന്ദ്രങ്ങളാണ്. ചെന്നൈ, ഹൈദരാബാദ്, െബംഗളൂരു, ബഹ്‌റൈൻ എന്നിവയും പരീക്ഷാർഥികളുടെ ലഭ്യതയ്ക്കുവിധേയമായി പരീക്ഷാകേന്ദ്രങ്ങളാക്കുന്ന കാര്യം പരിഗണനയിലാണ്.
ചോദ്യഘടന
എൻജിനിയറിങ് പ്രവേശനപ്പരീക്ഷയ്ക്ക്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീവിഷയങ്ങളിൽനിന്ന് യഥാക്രമം 75, 45, 30 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള ഒരു പേപ്പർ ഉണ്ടായിരിക്കും (മൊത്തം 150 ചോദ്യം). പരീക്ഷാസമയം 180 മിനിറ്റ്.
ഫാർമസി കോഴ്സ് പ്രവേശത്തിന്, കെമിസ്ട്രി, ഫിസിക്സ് എന്നീവിഷയങ്ങളിൽനിന്ന് യഥാക്രമം 45-ഉം 30-ഉം ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ഫാർമസി പ്രവേശനപ്പരീക്ഷയുടെ സമയം 90 മിനിറ്റാണ്.
രണ്ടുപരീക്ഷയിലും ഓരോചോദ്യത്തിനുനേരേയും അഞ്ച് ചോയ്സുകൾ നൽകിയിരിക്കും. ഏറ്റവും അനുയോജ്യമായ ഉത്തരം തിരഞ്ഞെടുത്ത് നിർദേശിച്ചരീതിയിൽ രേഖപ്പെടുത്തണം. ഓരോ ശരിയുത്തരത്തിനും നാലുമാർക്ക്, ഓരോ തെറ്റുത്തരത്തിനും ഒരുമാർക്കുവീതം കുറയ്ക്കും.
കീം യോഗ്യതനേടാൻ
•എൻജിനിയറിങ് പ്രവേശനപ്പരീക്ഷയിലെ 150 ചോദ്യങ്ങളിൽ ഒന്നിനുപോലും ഉത്തരംനൽകാത്തവരെ എൻജിനിയറിങ് പ്രവേശനപ്പരീക്ഷയിലും ഫാർമസി പ്രവേശനപ്പരീക്ഷയിലെ 75 ചോദ്യങ്ങളിൽ ഒന്നിനുപോലും ഉത്തരംനൽകാത്തവരെ ഫാർമസി പ്രവേശനപ്പരീക്ഷയിലും അയോഗ്യരായി പ്രഖ്യാപിക്കും
• എൻജിനിയറിങ്/ഫാർമസി പരീക്ഷകൾ ഒന്നിൽക്കൂടുതൽ സെഷനുകളിൽ വ്യത്യസ്തമായ ചോദ്യക്കടലാസുകൾ ഉപയോഗിച്ചായിരിക്കും നടത്തുന്നത്. അതിനാൽ ഏതെങ്കിലും ഒരു സെഷനിൽ പരീക്ഷ അഭിമുഖീകരിക്കുന്നവർക്ക് നേട്ടമോ കോട്ടമോ ഉണ്ടാകാതിരിക്കാൻ മാർക്ക് നോർമലൈസേഷൻ തത്ത്വം ബാധകമാക്കിയാണ് മാർക്ക് കണക്കാക്കുന്നത്. നോർമലൈസേഷനുശേഷമുള്ള ഇൻഡക്സ് മാർക്ക് 300 ആയിരിക്കും. വിവരങ്ങൾ www.cee.kerala.gov.in -ലെ പ്രോെസ്പക്ടസ് ക്ലോസ് 9.4.4 (i)-ൽ നൽകിയിട്ടുണ്ട് (പേജ് 65). പരീക്ഷാ സിലബസ് പ്രോെസ്പക്ടസിൽ ലഭിക്കും.
റാങ്കിങ്
• എൻജിനിയറിങ്: യോഗ്യതാകോഴ്സ് രണ്ടാംവർഷ പരീക്ഷയിൽ ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി എന്നിവയുടെ മാർക്ക് നൂറിൽ കണക്കാക്കി പ്രോെസ്പക്ടസ് വ്യവസ്ഥപ്രകാരം ഓരോന്നും സ്റ്റാൻഡേഡൈസ് ചെയ്ത് മൊത്തത്തിൽ 300-ൽ കണക്കാക്കിയ മാർക്കും എൻജിനിയറിങ് എൻട്രൻസിലെ 300-ൽ കണക്കാക്കിയ നോർമലൈസ്ചെയ്ത മാർക്കും (രണ്ടുസ്കോറും നാല് ദശാംശസ്ഥാനങ്ങളിലേക്ക് ക്രമീകരിക്കും) കൂട്ടി 600-ൽ കിട്ടുന്ന മാർക്ക് പരിഗണിച്ച്
കെമിസ്ട്രി പഠിക്കാത്തവരുടെ കാര്യത്തിൽ കംപ്യൂട്ടർ സയൻസിന്റെയും ഇവരണ്ടും പഠിച്ചിട്ടില്ലെങ്കിൽ ബയോടെക്നോളജിയുടെയും ഇവ മൂന്നും പഠിച്ചിട്ടില്ലെങ്കിൽ ബയോളജിയുടെയും യോഗ്യതാപരീക്ഷയിലെ മാർക്ക് പരിഗണിക്കും.
എൻജിനിയറിങ് റാങ്ക് പട്ടികയിൽ സ്ഥാനംനേടാൻ എൻജിനിയറിങ് പ്രവേശനപ്പരീക്ഷയിലെ നോർമലൈസ്ഡ് മാർക്കായി കുറഞ്ഞത് 10 എങ്കിലും നേടണം. പട്ടികവിഭാഗക്കാർക്ക് എൻജിനിയറിങ് പ്രവേശനപ്പരീക്ഷയിൽ ലഭിക്കേണ്ട മിനിമം സ്കോർ സംബന്ധിച്ച വ്യവസ്ഥയില്ല. പക്ഷേ, അവർ പ്രവേശനപ്പരീക്ഷയിൽ ഒരുചോദ്യത്തിനെങ്കിലും ഉത്തരംനൽകിയിരിക്കണം.
• ആർക്കിടെക്ചർ: പ്ലസ്ടു മൊത്തം മർക്ക് 200-ൽ കണക്കാക്കിയതും 200-ൽ ലഭിച്ച നാറ്റ സ്കോറും കൂട്ടി 400-ൽ ലഭിക്കുന്ന മാർക്ക് പരിഗണിച്ച്. നാറ്റ വ്യവസ്ഥപ്രകാരം യോഗ്യതയ്ക്കുലഭിക്കേണ്ട സ്കോർ നേടുന്നവരെമാത്രമേ ആർക്കിടെക്ചർ റാങ്കിങ്ങിന് പരിഗണിക്കുകയുള്ളൂ
• ഫാർമസി: ഫാർമസി പ്രവേശനപ്പരീക്ഷയിൽ ലഭിച്ച സ്കോർ, പ്രോെസ്പക്ടസ് വ്യവസ്ഥപ്രകാരം [ക്ലോസ് 9.4.4 (i)] നോർമലൈസ് ചെയ്ത് (ഒന്നിൽക്കൂടുതൽ സെഷനുകളിലായി പരീക്ഷനടത്തുന്നെങ്കിൽ) ലഭിക്കുന്ന സ്കോർ പരിഗണിച്ച്. പരമാവധി സ്കോർ 300 ആയിരിക്കും. റാങ്ക് പട്ടികയിൽ സ്ഥാനംനേടാൻ 300-ൽ നോർമലൈസ്ഡ് സ്കോർ 10 എങ്കിലും നേടണം. പട്ടികവിഭാഗക്കാർക്ക് ഈ വ്യവസ്ഥയില്ല. പക്ഷേ, ഫാർമസി പ്രവേശനപ്പരീക്ഷയിൽ ഒരുചോദ്യത്തിനെങ്കിലും അവർ ഉത്തരംനൽകിയിരിക്കണം
• മെഡിക്കൽ (ബി.എ.എം.എസ്. ഒഴികെ): സി.ഇ.ഇ.ക്ക് അപേക്ഷിച്ചവരുടെ നീറ്റ് യു.ജി. 2025 റാങ്ക്/സ്കോർ പരിഗണിച്ച് (നേറ്റിവിറ്റി വ്യവസ്ഥയ്ക്കുവിധേയം) തയ്യാറാക്കുന്ന കേരള മെഡിക്കൽ റാങ്ക് പട്ടിക പ്രകാരം. നീറ്റ് വ്യവസ്ഥപ്രകാരം യോഗ്യതനേടണം (എൻ.എം.സി. ചട്ടങ്ങൾ പ്രകാരം, യോഗ്യതയ്ക്ക് പെർസന്റൈൽ തത്ത്വം -കാറ്റഗറി അനുസരിച്ച് 50-ാം/45-ാം/40-ാം പെർസന്റൈൽ സ്കോർ)
• ബി.എ.എം.എസ്.: പ്ലസ്ടുതലത്തിൽ രണ്ടാംഭാഷയായി സംസ്കൃതം പഠിച്ചവർക്ക് വെയ്റ്റേജായി എട്ടുമാർക്ക്, അവരുടെ നീറ്റ് യു.ജി. 2025 സ്കോറിനൊപ്പം (നീറ്റ് യു.ജി. 2025 യോഗ്യത നേടിയിരിക്കണം) ചേർത്തും സംസ്കൃതം പഠിക്കാത്തവർക്ക് നീറ്റ് യു.ജി. 2025 സ്കോർ പരിഗണിച്ചും തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരം
• മെഡിക്കൽ അലൈഡ്: പ്രവേശനപ്പരീക്ഷാ കമ്മിഷണർക്ക് അപേക്ഷിച്ചവരുടെ നീറ്റ് യു.ജി. 2025 റാങ്ക്/സ്കോർ പരിഗണിച്ച്. നീറ്റിൽ 720-ൽ 20 മാർക്കെങ്കിലും ലഭിക്കുന്നവരെ പരിഗണിക്കും. പട്ടികവിഭാഗക്കാർക്ക്, മെഡിക്കൽ അലൈഡ് കോഴ്സുകൾക്ക്, നീറ്റ്-യു.ജി.യിൽ 720-ൽ 20 മാർക്കുവേണമെന്ന വ്യവസ്ഥയില്ല
• മെഡിക്കൽ, മെഡിക്കൽ അലൈഡ്, ആയുർവേദ റാങ്ക് പട്ടികകൾ തയ്യാറാക്കുന്നതിലേക്ക് അപേക്ഷകർ പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ വിജ്ഞാപനപ്രകാരം അതിൽ പ്രഖ്യാപിക്കുന്ന തീയതിക്കുള്ളിൽ അവരുടെ നീറ്റ് യു.ജി. 2025 സ്കോർ, സി.ഇ.ഇ. വെബ്സൈറ്റുവഴി വെരിഫൈ/സബ്മിറ്റ് ചെയ്യണം
പ്രവേശന അർഹത
പ്രൊഫഷണൽ കോഴ്‌സ് പ്രവേശനത്തിന് പൗരത്വം, നേറ്റിവിറ്റി, വിദ്യാഭ്യാസം, പ്രായം എന്നിവ സംബന്ധിച്ച യോഗ്യതാവ്യവസ്ഥകൾ തൃപ്തിപ്പെടുത്തണം. അപേക്ഷകർ ഇന്ത്യക്കാരായിരിക്കണം.
ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ.), പേഴ്‌സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ (പി.ഐ.ഒ.) വിഭാഗക്കാരെയും പ്രവേശനകാര്യത്തിൽ ഭാരതീയരായി കണക്കാക്കും (3-2-2023-ലെ സുപ്രീംകോടതി വിധി, 1-11-2023-ലെ കേരള ഉന്നതവിദ്യാഭ്യാസവകുപ്പ് ഉത്തരവ് എന്നിവയനുസരിച്ച്). എന്നാൽ, അവർക്ക് സംവരണ അർഹതയുണ്ടായിരിക്കുന്നതല്ല. അപേക്ഷകരെ, നേറ്റിവിറ്റി യോഗ്യതയുടെ അടിസ്ഥാനത്തിൽ കേരളീയർ, കേരളീയേതരൻ-I, കേരളീയേതരർ-II എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായി പരിഗണിക്കും.
കേരളീയൻ ആര്?
കേരള ഒറിജിനുള്ള അപേക്ഷകരെ കേരളീയരായി കണക്കാക്കും. അപേക്ഷാർഥിയോ, അപേക്ഷാർഥിയുടെ അച്ഛനോ, അമ്മയോ കേരളത്തിലാണ് ജനിച്ചതെങ്കിൽ ‘കേരളീയൻ’ ആയി പരിഗണിക്കും. കേരളീയർക്കേ സാമുദായിക/വിശേഷാൽ/ഭിന്നശേഷി സംവരണങ്ങൾ, ഏതെങ്കിലും ഫീസിളവുകൾ, എന്നിവ കിട്ടുകയുള്ളൂ. കേരള കേഡറിലുള്ള കേരളീയരല്ലാത്ത, അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരുടെ മക്കളെ കേരളീയരായി പരിഗണിക്കും. പക്ഷേ, സംവരണ ആനുകൂല്യങ്ങൾ, ഫീസിളവ് എന്നിവയ്ക്ക് ഇവർക്ക് അർഹതയില്ല.
എന്ത് രേഖ നൽകണം: കേരളീയൻ അർഹതയ്ക്ക് ഒട്ടേറെരേഖകൾ അംഗീകരിച്ചിട്ടുണ്ട്. അവയിൽ ഒന്ന് നൽകണം. കേരളത്തിലെ ജനനസ്ഥലം അതിൽ വേണം. രേഖകൾ ഇവയിലൊന്നാകാം.
അപേക്ഷാർഥിയുടെ രേഖവെച്ച് കേരളീയൻ ക്ലെയിം വെച്ചാൽ:
• അപേക്ഷാർഥിയുടെ എസ്.എസ്.എൽ.സി./ജനനസർട്ടിഫിക്കറ്റ് (അപേക്ഷാർഥിയുടെ പേരുവേണം)/പാസ്‌പോർട്ട് എന്നിവയിലൊന്നിന്റെ/ബന്ധപ്പെട്ട പേജിന്റെ പകർപ്പ്
• അപേക്ഷാർഥി കേരളത്തിൽ ജനിച്ചു എന്ന് വ്യക്തമാക്കുന്ന കേരളത്തിലെ വില്ലേജ് ഓഫീസർ/തഹസിൽദാരുടെ സർട്ടിഫിക്കറ്റ് (നിശ്ചിതഫോർമാറ്റിൽ വാങ്ങി നൽകണം) അച്ഛന്റെ/അമ്മയുടെ കേരളത്തിലെ ജനനസ്ഥലത്തിന്റെ അടിസ്ഥാനത്തിൽ ക്ലെയിം വെച്ചാൽ:
• അച്ഛന്റെ/അമ്മയുടെ കേരളത്തിലെ ജനനസ്ഥലം രേഖപ്പെടുത്തിയ എസ്.എസ്.എൽ.സി./ജനനസർട്ടിഫിക്കറ്റ്/പാസ്‌പോർട്ട് എന്നിവയിലൊന്നിന്റെ/ബന്ധപ്പെട്ടപേജിന്റെ പകർപ്പും അതോടൊപ്പം അപേക്ഷാർഥിയും അച്ഛനും/അമ്മയും (ആരുടെ രേഖയാണോ നൽകുന്നത് ആ വ്യക്തിയുമായി) തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഔദ്യോഗിക, അനുബന്ധ രേഖയും
• അപേക്ഷാർഥിയുടെ അച്ഛൻ/അമ്മ കേരളത്തിൽ ജനിച്ചു എന്ന് വ്യക്തമാക്കുന്ന കേരളത്തിലെ വില്ലേജ് ഓഫീസർ/തഹസിൽദാരുടെ സർട്ടിഫിക്കറ്റ് (നിശ്ചിത ഫോർമാറ്റിൽ-അപേക്ഷാർഥിയുടെ പേരുൾപ്പെടുന്ന സർട്ടിഫിക്കറ്റ്)
ഓൾ ഇന്ത്യാ സർവീസസ് ഓഫീസറുടെ മകൻ/മകൾ എങ്കിൽ നിശ്ചിതഫോർമാറ്റിലുള്ള സർട്ടിഫിക്കറ്റ് നൽകണം. (മാതൃക പ്രോസ്പക്ടസിൽ ഉണ്ട്)
കേരളീയേതരൻ-l/II: അപേക്ഷാർഥി/അച്ഛൻ/അമ്മ കേരളത്തിൽ ജനിച്ചവരല്ലെങ്കിൽ അപേക്ഷാർഥി കേരളീയേതരൻ-I/II വിഭാഗത്തിൽപ്പെടും.
കേരളീയേതരൻ-I: എട്ടുമുതൽ 12 വരെ ക്ലാസുകളിൽ കേരളത്തിൽ പഠിച്ചവർ, കഴിഞ്ഞ 12 വർഷത്തെ തന്റെ പഠനകാലയളവിൽ, കുറഞ്ഞത് അഞ്ചുവർഷം കേരളത്തിൽ താമസിച്ചവർ എന്നിവരെ കേരളീയേതരൻ-I ആയി പരിഗണിക്കും. അപേക്ഷാർഥി, യോഗ്യതാകോഴ്‌സിന് കേരളത്തിൽ പഠിക്കുകയും കേരളീയനല്ലാത്ത രക്ഷകർത്താവ്, കേരളത്തിൽ ജോലിചെയ്യുന്ന സായുധസേന/കേന്ദ്രസർക്കാർ ജീവനക്കാരൻ ആവുകയോ, കേരളസർക്കാരിനുവേണ്ടി രണ്ടുവർഷം ജോലിചെയ്ത/രണ്ടുവർഷമായി ജോലിചെയ്തുവരുന്ന ജീവനക്കാരൻ ആയിരിക്കുകയോ ചെയ്താലും കേരളീയേതരൻ-I വിഭാഗത്തിൽ പരിഗണിക്കും. ഓരോരുത്തരും ഹാജരാക്കേണ്ട രേഖ പ്രോസ്പക്ടസിൽ വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷയുടെ ഭാഗമായി, അത് അപലോഡ് ചെയ്യണം.
കേരളീയേതരൻ-I വിഭാഗക്കാരെ, എല്ലാകോഴ്‌സുകളിലും സ്റ്റേറ്റ് മെറിറ്റ് സീറ്റിലേക്കേ പരിഗണിക്കുകയുള്ളൂ. സംവരണാനുകൂല്യം, എന്തെങ്കിലും ഫീസിളവ് എന്നിവ കിട്ടില്ല. അപ്‌ലോഡ് ചെയ്യേണ്ട രേഖ ഏതെന്ന് പ്രോസ്പക്ടസിൽ നൽകിയിട്ടുണ്ട്.
കേരളീയൻ, കേരളീയേതരൻ-I എന്നിവയിൽ പെടാത്തവരെ, കേരളീയേതരൻ-II വിഭാഗമായി കണക്കാക്കും. പ്രോസ്പക്ടസ് പ്രകാരമുള്ള രേഖ അപ്‌ലോഡ് ചെയ്യണം. ഇവരുടെ വിവിധകോഴ്സുകളിലെ/സീറ്റുകളിലെ പ്രവേശന അർഹത പ്രോസ്പക്ടസിൽ വിശദീകരിച്ചിട്ടുണ്ട്.
കേരളത്തിലെ മെഡിക്കൽ കോഴ്സുകളിലെ (ആറെണ്ണം) പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീവിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കുനേടി, ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഈ നാലുവിഷയങ്ങൾ ഓരോന്നും പ്രത്യേകം ജയിച്ച്, ഹയർസെക്കൻഡറി/പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം എന്നതാണ് പൊതുവായ വ്യവസ്ഥ. കൂടാതെ, കോഴ്സിനനുസരിച്ച് ചില അധികവ്യവസ്ഥകൾ ഉണ്ടാകാം.
• എം.ബി.ബി.എസ്., ബി.ഡി.എസ്., പ്രവേശനത്തിന് ബയോളജിക്കുപകരം ബയോടെക്നോളജി ആകാം
• ബി.എസ്.എം.എസ്. പ്രവേശനത്തിന് 10/12 ക്ലാസിൽ തമിഴ് ഒരുവിഷയമായി പഠിച്ച് ജയിച്ചിരിക്കണം. ഇല്ലെങ്കിൽ ബി.എസ്.എം.എസ്. പ്രവേശനംനേടിയശേഷം ആദ്യവർഷം തമിഴ് ലാംഗ്വേജ് കോഴ്സ് പഠിക്കണം
• ബി.യു.എം.എസ്. പ്രവേശനം തേടുന്നവർ 10-ൽ/12-ൽ, ഉറുദു/അറബിക്/പേർഷ്യൻ വിഷയമായി പഠിച്ച് ജയിച്ചിരിക്കണം. അല്ലെങ്കിൽ അറബിക്, മാൻടിക് വാ ഫൽസഫ (ലോജിക് ആൻഡ് ഫിലോസഫി) എന്നിവയ്ക്കൊപ്പം ഉറുദു ഒരുവിഷയമായി ഫസ്റ്റ് പ്രൊഫഷണൽ ബി.യു.എം.എസ്. സെഷനിൽ പഠിക്കണം
• മെഡിക്കൽ അലൈഡ് കോഴ്സുകളിലെ (ഏഴെണ്ണം) പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ പഠിച്ച് അവയ്ക്ക് മൊത്തം 50 ശതമാനം മാർക്ക് നേടി, ഹയർസെക്കൻഡറി/പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം എന്നതാണ് പൊതുവായ വ്യവസ്ഥ. കൂടാതെ കോഴ്സിനനുസരിച്ച് ചില അധികവ്യവസ്ഥകൾ ഉണ്ടാകാം
• ബി.വി.എസ്.സി. ആൻഡ് എ.എച്ച്. പ്രവേശനത്തിന് ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ നാലുവിഷയങ്ങൾക്കുംകൂടി, 50 ശതമാനം മാർക്ക് വേണം
• ബി.എസ്‌സി. (ഓണേഴ്സ്) ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെൻറൽ സയൻസ് പ്രവേശനത്തിന് ഹയർസെക്കൻഡറി തലത്തിൽ മാത്തമാറ്റിക്സ് ഒരുവിഷയമായി പഠിച്ചിരിക്കണം
• ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച്, പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചശേഷം, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, ബയോടെക്നോളജി എന്നിവയിലൊന്ന് മുഖ്യവിഷയമായും, ഇവയിൽ ഏതെങ്കിലും ഒന്നോ രണ്ടോ വിഷയങ്ങൾ ഉപവിഷയമായും പഠിച്ച്, മുഖ്യവിഷയത്തിനും ഉപവിഷയങ്ങൾക്കുംകൂടി മൊത്തം 50 ശതമാനം മാർക്ക് വാങ്ങി, ത്രിവത്സര ബി.എസ്‌സി. ബിരുദമെടുത്തവർക്ക്, എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എസ്.എം.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., കോഴ്സുകളിലെ പ്രവേശനത്തിന് അർഹതയുണ്ട്. അപേക്ഷിക്കുന്നസമയത്ത് ഇവർക്ക് യോഗ്യതയുണ്ടായിരിക്കണം. ബി.എസ്.എം.എസിന് നേരത്തേ സൂചിപ്പിച്ച തമിഴ്ഭാഷാ വ്യവസ്ഥ ഇവർക്കും ബാധകമാണ്
• എൻജിനിയറിങ്: മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവരണ്ടും നിർബന്ധമായും പഠിച്ച്, കെമിസ്ട്രി ഒരു ഓപ്ഷണൽ വിഷയമായും പഠിച്ച്, മൂന്നിനുംകൂടി മൊത്തം 45 ശതമാനം മാർക്കുവാങ്ങി ഹയർസെക്കൻഡറി/തത്തുല്യ കോഴ്‌സ് ജയിച്ചിരിക്കണം
പ്ലസ്ടു തലത്തിൽ കെമിസ്ട്രി പഠിച്ചിട്ടില്ലെങ്കിൽ കംപ്യൂട്ടർ സയൻസും ഇവരണ്ടും പഠിച്ചിട്ടില്ലെങ്കിൽ, ബയോടെക്നോളജിയും ഇവമൂന്നും പഠിച്ചിട്ടില്ലെങ്കിൽ, ബയോളജിയും മൂന്നാംവിഷയമായി പരിഗണിക്കും
• ആർക്കിടെക്ചർ: ബി.ആർക്ക്. പ്രവേശനത്തിന് 10+2/തത്തുല്യപരീക്ഷ, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീവിഷയങ്ങൾ നിർബന്ധമായും കെമിസ്ട്രി, ബയോളജി, ടെക്നിക്കൽ വൊക്കേഷണൽ വിഷയം, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, എൻജിനിയറിങ് ഗ്രാഫിക്സ്, ബിസിനസ് സ്റ്റഡീസ് എന്നിവയിലൊന്നും പഠിച്ച്, മൊത്തത്തിൽ 45 ശതമാനം മാർക്കുവാങ്ങി ജയിച്ചിരിക്കണം. മാത്തമാറ്റിക്സ് നിർബന്ധവിഷയമായി പഠിച്ച്, 10+3 ഡിപ്ലോമ പരീക്ഷ, മൊത്തത്തിൽ 45 ശതമാനം മാർക്ക് വാങ്ങി ജയിച്ചവർക്കും അപേക്ഷിക്കാം
• ബി.ഫാം.: ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി പഠിച്ച്, ഓരോന്നും ജയിച്ച്, ഹയർസെക്കൻഡറി/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം
മാർക്കിളവുകൾ
• എം.ബി.ബി.എസ്./ബി.ഡി.എസ്. പ്രവേശനത്തിന്, പട്ടിക/എസ്.ഇ.ബി.സി. വിഭാഗക്കാർക്കും പ്രവേശനപ്പരീക്ഷാ കമ്മിഷണർ തയ്യാറാക്കുന്ന ഭിന്നശേഷി വിഭാഗ ലിസ്റ്റിൽ (പി.ഡി. കാറ്റഗറി) ഉള്ളവർക്കും പ്ലസ്ടുവിന്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീ മൂന്നുവിഷയങ്ങൾക്ക് മൊത്തം 40 ശതമാനം മാർക്ക് മതി.
ഈ വിഭാഗക്കാർക്ക്, ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്. പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്നുവിഷയങ്ങൾക്ക് മൊത്തം 40 ശതമാനം മാർക്ക് മതി
• ബി.വി.എസ്‌സി. ആൻഡ് എ.എച്ച്. പ്രവേശനത്തിന് പട്ടിക/എസ്.ഇ.ബി.സി./പി.ഡി. പട്ടികയിലുള്ളവർ എന്നിവർക്ക്, ബാധകമായ നാലുവിഷയങ്ങൾക്ക് മൊത്തം 47.5 ശതമാനം മാർക്കുമതി
• മറ്റ് ആറ് മെഡിക്കൽ അലൈഡ് കോഴ്സുകൾക്ക് എസ്.ഇ.ബി.സി./ഭിന്നശേഷി (പി.ഡി.) വിഭാഗക്കാർക്ക് യോഗ്യതാമാർക്കിൽ അഞ്ചുശതമാനം ഇളവുണ്ട്. പട്ടികവിഭാഗക്കാർക്ക് യോഗ്യതാപരീക്ഷയിൽ മിനിമം പാസ് മാർക്ക് മതി
• എൻജിനിയറിങ്: പട്ടിക/എസ്.ഇ.ബി.സി./ഭിന്നശേഷി (പി.ഡി.) വിഭാഗക്കാർക്ക് ബാധകമായ മൂന്നുവിഷയങ്ങൾക്ക് 40 ശതമാനം മാർക്ക് മതി
• പ്ലസ്ടുതല യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അതിന്റെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനവേളയിൽ യോഗ്യതതെളിയിക്കണം
പ്രായം
2025 ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയായിരിക്കണം. എൻജിനിയറിങ്, ആർക്കിടെക്ചർ, ബി.ഫാം., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്. കോഴ്സുകൾക്ക് ഉയർന്ന പ്രായപരിധിയില്ല. എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സ് പ്രവേശനത്തിന് പ്രായപരിധി നീറ്റ് യു.ജി. 2025 ഇൻഫർമേഷൻ ബുള്ളറ്റിനിലെ വ്യവസ്ഥകൾപ്രകാരമായിരിക്കും. മറ്റ് മെഡിക്കൽ അലൈഡ് കോഴ്സുകളുടെ കാര്യത്തിൽ അതത് കേന്ദ്രകൗൺസിലുകൾ നിശ്ചയിച്ചിട്ടുള്ള ഉയർന്നപ്രായപരിധി ബാധകമായിരിക്കും.
കോഴ്‌സുകൾ, സി.ഇ.ഇ. പ്രവേശനപ്പരീക്ഷകൾ നടത്തുന്ന/നടത്താത്ത കോഴ്സുകൾ, പ്രവേശനപ്പരീക്ഷ, തീയതികൾ, ചോദ്യഘടന, കീം യോഗ്യതനേടാൻ, റാങ്കിങ്, പ്രവേശന അർഹത, കേരളീയൻ ആര്? ഇവയെക്കുറിച്ച് കൂടുതൽ അറിയാൻ ക്യു.ആർ. കോഡ് സ്കാൻ ചെയ്യുക
Content Highlights: Separate entrance exams for engineering and pharmacy
Published: 22 Feb 2025, 07:09 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented