
നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) യു.ജി. 2020 പരീക്ഷയില്‍ ആദ്യ 50 റാങ്കിനുള്ളില്‍ ഇടംനേടിയ മലയാളി വിദ്യാര്‍ഥികള്‍ അവരുടെ വിജയകഥ പറയുന്നു.
ചിട്ടയായ പഠനം- എസ്. അയിഷ (12-ാം റാങ്ക്)
മോക് ടെസ്റ്റുകളും പഴയ ചോദ്യപ്പേപ്പറുകളും ഉപയോഗിച്ച് 12 മുതല്‍ 15 മണിക്കൂര്‍വരെ പഠിച്ചു. ഒരുവര്‍ഷം കഠിനാധ്വാനത്തിന്റേതായിരുന്നു. സാമൂഹിക മാധ്യമങ്ങളും മറ്റു വിനോദങ്ങളും ഒഴിവാക്കി. ചിട്ടയായ പഠനരീതിയും പ്രയാസമുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയവും ചെലവഴിച്ചു. കെമിസ്ട്രിയും ഫിസിക്‌സും ലളിതവും ഒപ്പം ഇഷ്ടവിഷയവുമായിരുന്നു. കോച്ചിങ് സെന്ററിലെ ക്ലാസ് രാവിലെ എട്ടുമുതല്‍ നാലുവരെയായിരുന്നു. വൈകീട്ട് അഞ്ചിന് പഠനം ആരംഭിക്കും.
കൃത്യം പത്തുമണിക്ക് ഉറങ്ങും. എന്‍.ടി.എ. മൊബൈല്‍ ആപ്ലിക്കേഷനിലെ മോക് ടെസ്റ്റുകള്‍ ചെയ്തുനോക്കും. പഴയ ചോദ്യപ്പേപ്പറുകളും ചെയ്തു പരിശീലിച്ചു. ലോക്ഡൗണ്‍ തുടങ്ങിയതിനുശേഷം കോച്ചിങ് സെന്ററായ റെയിസ് ഓണ്‍ലൈന്‍ ടെസ്റ്റുകള്‍ നടത്തിയിരുന്നു. മോക് ടെസ്റ്റുകള്‍ക്കുവേണ്ടി കൂടുതല്‍ സമയം ചെലവഴിച്ചതാണ് ഉന്നതവിജയം നേടാനുള്ള പ്രധാനകാരണം.
മനസ്സിലാക്കി പഠിക്കാം- എ. ലുലു (22-ാം റാങ്ക്)
മനഃപാഠമാക്കുന്നതിന് പകരം കൃത്യമായി മനസ്സിലാക്കി പഠിക്കണം. പ്ലസ്ടുവിനൊപ്പം പരീക്ഷ എഴുതിയിരുന്നെങ്കിലും റാങ്ക് പിറകിലേക്കായിരുന്നു. അതുകൊണ്ടുതന്നെ ഒരുവര്‍ഷത്തെ പരിശീലനകാലത്ത് പഠനത്തില്‍ അല്പം പോലും പിറകോട്ട് പോയില്ല. ഒരുദിവസം 12 മുതല്‍ 15 മണിക്കൂര്‍വരെ പഠനം. എന്‍.സി.ഇ. ആര്‍.ടി. ടെക്സ്റ്റ് ബുക്ക് സമഗ്രമായി പഠിച്ചു.
എന്‍.ടി.എ. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മോക് ടെസ്റ്റും പഴയ ചോദ്യപ്പേപ്പറുകളും പരിശീലിച്ചു. തെറ്റുവരാനുള്ള സാധ്യതയുള്ളതിനാല്‍ മറ്റു ടെക്സ്റ്റ് ബുക്കുകളും ഗൈഡുകളും ഉപയോഗിച്ചില്ല. ലോക്ഡൗണില്‍ കൂടുതല്‍ സമയവും പ്രയാസമുള്ള വിഷയങ്ങള്‍ക്കുവേണ്ടി മാറ്റിവെച്ചു.
എന്‍.സി.ഇ.ആര്‍.ടി ടെക്സ്റ്റ് ബുക്കിലുണ്ടായിരുന്ന ചോദ്യങ്ങള്‍ ഒരുപാട് തവണ ചെയ്തു പരിശീലിച്ചു. ആറുമണിക്കൂര്‍ ഉറങ്ങും. സാമൂഹിക മാധ്യമങ്ങള്‍ ഒഴിവാക്കിയിരുന്നെങ്കിലും അല്പസമയം മറ്റുവിനോദങ്ങള്‍ക്കും സമയം കണ്ടെത്തി.
പരമാവധി സമയം, മികച്ച പഠനം- സാനിഷ് അഹമ്മദ് (25-ാം റാങ്ക്)
തയ്യാറെടുപ്പില്ലാതെ പഠിക്കാനിരിക്കുന്നത് സമയം പാഴാക്കാനേ ഉപകരിക്കൂ. ഓരോദിവസം എന്ത് പഠിക്കണം എന്നുള്ളത് കൃത്യമായി പ്ലാന്‍ ചെയ്തു. പുസ്തകം വെറുതേ വായിക്കുന്നത് ഗുണം ചെയ്യില്ല. വായിക്കുന്നത് എന്താണോ അത് മനസ്സിലാക്കി പഠിച്ചു. പ്രയാസമേറിയ വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം ചെലവഴിച്ചു. ഷോര്‍ട്ട് നോട്ടുകള്‍ തയ്യാറാക്കി. സമയം പരമാവധി പ്രയോജനപ്പെടുത്തി പഠിക്കുക എന്ന രീതിയാണ് പിന്തുടര്‍ന്നത്. എന്‍.സി.ആര്‍.ടി. പുസ്തകങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം. എന്‍.ടി.എ. നാഷണല്‍ ടെസ്റ്റ് അഭ്യാസ് എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു.
അതിലെ ഓണ്‍ലൈന്‍ ടെസ്റ്റുകളില്‍ പങ്കെടുത്തു. പാല ബ്രില്ല്യന്റ് കോച്ചിങ് സെന്ററില്‍ മത്സരബുദ്ധിയോടെ പഠിക്കുകയും പരീക്ഷകള്‍ എഴുതുകയും ചെയ്തിരുന്നു. കോവിഡ് കാലമായതോടെ പൂര്‍ണമായും വീട്ടിനുള്ളിലായി പഠനം. സോഷ്യല്‍ മീഡിയ ഉപയോഗം നിര്‍ത്തി പഠനത്തിലായിരുന്നു മുഴുവന്‍ ശ്രദ്ധ.
ഷോര്‍ട്ട് നോട്ടുകള്‍ ഉണ്ടാക്കി- ഫിലെമോന്‍ കുര്യാക്കോസ് (50-ാം റാങ്ക്)
സമയം പരമാവധി ഉപയോഗിച്ച് മനസ്സിലാക്കി പഠിച്ചു. ഷോര്‍ട്ട് നോട്ടുകള്‍ ഉണ്ടാക്കി. റിവിഷന്‍ നടത്തുമ്പോള്‍ ഈ നോട്ടുകള്‍ വളരെയേറെ പ്രയോജനപ്പെടും. കോച്ചിങ് ക്ലാസില്‍നിന്ന് പഠിപ്പിക്കുന്ന ഓരോ ഭാഗവും അന്നുതന്നെ പഠിച്ച് തീര്‍ത്തു. പ്രയാസമുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം ചെലവഴിച്ചു.
എന്‍.ടി.എ.യുടെ ആപ്ലിക്കേഷന്‍ ഉപയോഗിച്ചു ഓണ്‍ലൈന്‍ പരീക്ഷകള്‍ എഴുതി. ലോക്ഡൗണ്‍ സമയം പരമാവധി ഉപയോഗിച്ചു. ആവര്‍ത്തിച്ച് വായിച്ച് മനസ്സിലാക്കി പഠിച്ചു. പാല ബ്രില്ല്യന്റ് കോച്ചിങ് സെന്ററിന്റെ ഓണ്‍ലൈന്‍ ക്ലാസുകളിലും പരീക്ഷകളിലും സ്ഥിരമായി പങ്കെടുത്തു. ഫിസിക്‌സാണ് ഏറ്റവും ഇഷ്ടമുള്ള വിഷയം.
ബയോളജിയാണ് അല്പം ബുദ്ധിമുട്ട് തോന്നിയത്. വിഷയങ്ങളോട് താത്പര്യമുണ്ടായാല്‍ പഠനം എളുപ്പമാവും. കൂടുതല്‍ പഠിക്കാന്‍ ആഗ്രഹം ഉണ്ടാവും.
Content Highlights: NEET Rank holders shares their experience and learning techniques, NEET Kerala toppers
Published: 21 Oct 2020, 10:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented