മികച്ച തൊഴില്‍ സാധ്യകളുള്ള ഡിസൈന്‍ മേഖലയില്‍ ശോഭിക്കാനാണോ ആഗ്രഹം? എങ്കില്‍ അതിനായി മികച്ച കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ പറ്റിയ സമയമാണിത്. ഡിസൈന്‍ മേഖലയില്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ പ്രദാനം ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ അഡ്മിഷന്‍ ആരംഭിച്ചു. ഇതിന്റെ പ്രവേശന വിജ്ഞാപനം എന്‍.ഐ.ഡി. പ്രസിദ്ധീകരിച്ചു. ഡിസൈന്‍ രംഗത്തെ കോഴ്‌സുകള്‍ പഠിക്കുന്നത് വഴി നിരവധി തൊഴില്‍ സാധ്യതകളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

To advertise here,

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണ് എന്‍ഐഡി. ദേശീയ തലത്തില്‍ നടത്തുന്ന  ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഡാറ്റ്) വഴിയാണ് പ്രവേശനം. ബിരുദ പ്രോഗ്രാമായ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്) മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡിസ്) പ്രോഗ്രാമുകള്‍ക്കായി ഇപ്പോള്‍ അപേക്ഷിക്കാം. രണ്ട് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ. ജനുവരി 2025-നാണ് പ്രിലിംസ് പരീക്ഷ. ബി.ഡിസ് മെയിന്‍ പരീക്ഷ ഏപ്രില്‍ 26-നും മെയ് 4-നും ഇടയില്‍ നടക്കും. മാര്‍ച്ച് 3-നും ഏപ്രില്‍ 6-നും ഇടയിലാണ് എം.ഡിസ് മെയിന്‍ പരീക്ഷ. 

അഹമ്മദബാദിലാണ് പ്രധാന ക്യാംപസ്. ഇതിന് പുറമേ ഹരിയാന, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ആസാം, ഗാന്ധിനഗര്‍, ബെംഗളൂരു എന്നിവിടങ്ങളിലും ക്യാംപസുകളുണ്ട്. എക്‌സിബിഷന്‍ ഡിസൈന്‍. ആനിമേഷന്‍ ഫിലിം ഡിസൈന്‍. ഗ്രാഫിക് ഡിസൈന്‍, ഫിലിം ആന്‍ഡ് വീഡിയോ കമ്മ്യുണിക്കേഷന്‍, സെറാമിക ആന്‍ഡ് ഗ്ലാസ് ഡിസൈന്‍, ഫര്‍ണിച്ചര്‍ ആന്‍ഡ് ഇന്റീരിയര്‍ ഡിസൈന്‍, പ്രോഡക്റ്റ് ഡിസൈന്‍, ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ സ്‌പെഷലൈസേഷനുകളുണ്ട്.

ബാച്ചിലര്‍ ഓഫ് ഡിസൈന്‍

നാല് വര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം. പ്ലസ്ടു വിജയമാണ് യോഗ്യത. മൂന്ന് വര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.

മാസ്റ്റര്‍ ഓഫ് ഡിസൈന്‍

രണ്ടരവര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം. അഹമ്മദാബാദ് ബെംഗളൂരും ഗാന്ധിനഗര്‍ ക്യാംപസുകളിലാണ് മാസ്‌റ്റേര്‍സ് പ്രോഗ്രാമുള്ളത്. ബിരുദം, അല്ലെങ്കില്‍ നാല് വര്‍ഷത്തെ ഡിസൈന്‍, ഫൈന്‍ ആര്‍ട്‌സ്, അപ്ലൈഡ് ആര്‍ട്‌സ്, അപ്ലൈഡ് ആര്‍ട്‌സ്, ആര്‍ക്കിടെക്ചര്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഫലം കാത്തിരിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

ഡിസംബര്‍ 3 വരെ അപേക്ഷിക്കാം. 3000 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 1500 രൂപയാണ് ഫീസ്. കേരളത്തിലടക്കം 22 പരീക്ഷകേന്ദ്രങ്ങളുണ്ട്. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.nid.edu/home