നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍ഐഡി -അഹമ്മദാബാദ്) വിവിധ കാമ്പസുകളില്‍ 2026-27-ല്‍ നടത്തുന്ന നാല് വര്‍ഷ ബാച്ച്ലര്‍ ഓഫ് ഡിസൈന്‍ (ബിഡിസ്); രണ്ടര വര്‍ഷ മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എംഡിസ്) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

To advertise here,

ബിഡിസ് സ്‌പെഷ്യലൈസേഷനുകള്‍

  • അഹമ്മദാബാദ് കാമ്പസ് -ആനിമേഷന്‍ ഫിലിം ഡിസൈന്‍, എക്‌സിബിഷന്‍ ഡിസൈന്‍, ഗ്രാഫിക് ഡിസൈന്‍, ഫിലിം ആന്‍ഡ് വീഡിയോ കമ്യൂണിക്കേഷന്‍, സിറാമിക് ആന്‍ഡ് ഗ്ലാസ് ഡിസൈന്‍, ഫര്‍ണിച്ചര്‍ ആന്‍ഡ് ഇന്റീരിയര്‍ ഡിസൈന്‍, പ്രൊഡക്ട് ഡിസൈന്‍, ടെക്സ്‌റ്റൈല്‍ ഡിസൈന്‍.
  • ആന്ധ്രപ്രദേശ്, ഹരിയാണ, മധ്യപ്രദേശ്, അസം കാമ്പസുകള്‍ -ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, കമ്യൂണിക്കേഷന്‍ ഡിസൈന്‍, ടെക്സ്‌റ്റൈല്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍.

ആദ്യവര്‍ഷം ഫൗണ്ടേഷന്‍ കോഴ്സാണ്. തുടര്‍ന്ന് സ്‌പെഷ്യലൈസേഷന്‍ അനുവദിക്കും.

എംഡിസ് സ്‌പെഷ്യലൈസേഷനുകള്‍

  • അഹമ്മദാബാദ് കാമ്പസ് -ഫിലിം ആന്‍ഡ് വീഡിയോ കമ്യൂണിക്കേഷന്‍, ആനിമേഷന്‍ ഫിലിം, ഗ്രാഫിക്, സിറാമിക് ആന്‍ഡ് ഗ്ലാസ്, ഫര്‍ണിച്ചര്‍ ആന്‍ഡ് ഇന്റീരിയര്‍, പ്രൊഡക്ട്, ടെക്സ്‌റ്റൈല്‍
  • ഗാന്ധിനഗര്‍- ഫോട്ടോഗ്രഫി, ടോയ് ആന്‍ഡ് ഗെയിം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ഓട്ടോമൊബൈല്‍, ന്യൂ മീഡിയ, സ്ട്രാറ്റജിക് ഡിസൈന്‍ മാനേജ്മെന്റ്, അപ്പാരല്‍, ലൈഫ് സ്‌റ്റൈല്‍ അക്‌സസറി
  • ബെംഗളൂരു-യൂണിവേഴ്സല്‍, ഡിജിറ്റല്‍ ഗെയിം, ഇന്‍ഫര്‍മേഷന്‍, ഇന്ററാക്ഷന്‍, ഡിസൈന്‍ ഫോര്‍ റീട്ടെയില്‍ എക്സ്പീരിയന്‍സ്.

യോഗ്യത

• ബിഡിസ്-ഹയര്‍ സെക്കന്‍ഡറി/പ്ലസ് ടു/തത്തുല്യ കോഴ്സ് ജയിച്ചിരിക്കണം. ഏതു സ്ട്രീമില്‍ (ആര്‍ട്സ്/സയന്‍സ്/കൊമേഴ്സ്/ഹ്യുമാനിറ്റീസ്) പഠിച്ചവര്‍ക്കും അപേക്ഷിക്കാം.

• എംഡിസ് -ഏതെങ്കിലും വിഷയത്തിലെ അംഗീകൃത ബാച്ച്ലര്‍ ബിരുദം വേണം.

2025-'26-ല്‍ യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്ക് രണ്ട് പ്രോഗ്രാമുകളിലേക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം. ജനനം: ബിരുദ പ്രവേശനത്തിന് 2005 ജൂലായ് ഒന്നിനോ ശേഷമോ ജനിച്ചവര്‍ക്കും, പിജിക്ക് 1994 ജൂലായ് ഒന്നിനോ ശേഷമോ ജനിച്ചവര്‍ക്കും അപേക്ഷിക്കാം. ഒബിസി/പട്ടിക വിഭാഗക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് അഞ്ചും വര്‍ഷത്തെ ഇളവ് ഉയര്‍ന്ന പ്രായപരിധിയില്‍ കിട്ടും.

ഡിസൈന്‍ ആപ്റ്റിറ്റ്യൂഡ്‌ ടെസ്റ്റ്

രണ്ടു കോഴ്‌സുകളിലെയും പ്രവേശനം രണ്ടുഘട്ടങ്ങളിലായി നടത്തുന്ന ഡിസൈന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഡാറ്റ്) -പ്രിലിംസ്, ഫൈനല്‍ എന്നിവ വഴിയാണ്. പ്രിലിംസ് ഡിസംബര്‍ 21-ന് നടത്തും. പേപ്പര്‍ ആന്‍ഡ് പെന്‍സില്‍/പെന്‍ ടെസ്റ്റ് ആയിരിക്കും. ടെക്സ്റ്റ്/വിഷ്വല്‍സ് എന്നിവ അടങ്ങുന്നതാകും പരീക്ഷ. ചോദ്യങ്ങള്‍ ഇംഗ്ലീഷ്/ഹിന്ദിയില്‍ ആയിരിക്കും. കൊച്ചി പരീക്ഷാകേന്ദ്രമാണ്. ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് മെയിന്‍സില്‍ പങ്കെടുക്കാം. പരീക്ഷയുടെ വിശദാംശങ്ങള്‍, മാതൃകാ ചോദ്യപേപ്പര്‍ എന്നിവ വെബ്‌സൈറ്റില്‍ ലഭിക്കും.

അപേക്ഷ

admissions.nid.edu വഴി ഡിസംബര്‍ ഒന്നിന് രാത്രി 11.59 വരെ നല്‍കാം. മാസ്റ്റേഴ്‌സിന് ഏതെങ്കിലും ഫാക്കല്‍ട്ടിയിലെ രണ്ട് ഡിസിപ്ലിനുകള്‍ക്കുവരെ ഒരാള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസ്: ബിരുദ പ്രോഗ്രാമിനും മാസ്റ്റേറ്റേഴ്‌സ് ഒരു ഡിസിപ്ലിനും -3000 രൂപ (വനിതകള്‍ -2000 രൂപ, പട്ടിക വിഭാഗം -1500 രൂപ, ഭിന്നശേഷി/തേര്‍ഡ് ?െജന്‍ഡര്‍ വിഭാഗങ്ങള്‍ -500 രൂപ); മാസ്റ്റേഴ്‌സ് -രണ്ട് ഡിസിപ്ലിനുകള്‍: യഥാക്രമം -6000 രൂപ, 4000 രൂപ, 3000 രൂപ, 1000 രൂപ. തുക ഓണ്‍ലൈനായി അടയ്ക്കാം.