
അഭിഭാഷകവൃത്തി എന്നതിനപ്പുറം അനേകം തൊഴിലവസരങ്ങളുള്ളൊരു മേഖലയാണ് നിയമവിദ്യാഭ്യാസം. ആളുകളോട് ഇടപെടാനും നന്നായി സംസാരിക്കാനും കാര്യങ്ങളെ മനസ്സിലാക്കാനുമുള്ള കഴിവുണ്ടെങ്കില്‍, നിയമമേഖലയില്‍ തിളങ്ങാം. പ്ലസ്ടുവിനുശേഷമോ അതല്ലെങ്കില്‍ ബിരുദത്തിനുശേഷമോ നിയമപഠനം തിരഞ്ഞെടുക്കാം. പ്രധാനമായും രണ്ടുതലത്തിലാണ് നിയമബിരുദപഠനം. പ്ലസ്ടു കഴിഞ്ഞവര്‍ക്കുള്ള അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബി.എ. എല്‍.എല്‍.ബി. കോഴ്സാണ് ഒന്ന്. ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള മൂന്നുവര്‍ഷ എല്‍.എല്‍.ബി. കോഴ്സാണ് മറ്റൊന്ന്. നിയമബിരുദം പൂര്‍ത്തിയാക്കിയാല്‍, രണ്ടുവര്‍ഷത്തെ ബിരുദാനന്തരബിരുദമായ എല്‍.എല്‍.എമ്മിന് ചേരാം. കൂടാതെ പി.ജി. ഡിപ്ലോമ, പിഎച്ച്.ഡി. കോഴ്സുകളുമുണ്ട്.
എവിടെ പഠിക്കാം?
നിയമപഠനത്തിനായി രാജ്യത്തുള്ള മികച്ച സ്ഥാപനങ്ങളാണ് നാഷണല്‍ ലോ സ്‌കൂളുകള്‍. നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (ബെംഗളൂരു), നല്‍സാര്‍ യൂണിവേഴ്സിറ്റി ഓഫ് ലോ (ഹൈദരാബാദ്), നാഷണല്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റി (ഭോപാല്‍), ദി വെസ്റ്റ് ബംഗാള്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സസ് (കൊല്‍ക്കത്ത), നാഷണല്‍ ലോ യൂണിവേഴ്സിറ്റി (ജോധ്പുര്‍), ഹിദായത്തുള്ള നാഷണല്‍ ലോ യൂണിവേഴ്സിറ്റി (റായ്പുര്‍), ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്സിറ്റി (ഗാന്ധിനഗര്‍), ഡോ. റാം മനോഹര്‍ ലോഹ്യ നാഷണല്‍ ലോ യൂണിവേഴ്സിറ്റി (ലഖ്നൗ), രാജീവ് ഗാന്ധി നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ലോ (പഞ്ചാബ്), ചാണക്യ നാഷണല്‍ ലോ യൂണിവേഴ്സിറ്റി (പട്ന), നാഷണല്‍ ലോ യൂണിവേഴ്സിറ്റി (ഒഡിഷ), നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സ്റ്റഡി ആന്‍ഡ് റിസര്‍ച്ച് ഇന്‍ ലോ (റാഞ്ചി), നാഷണല്‍ ലോ യൂണിവേഴ്സിറ്റി ആന്‍ഡ് ജുഡീഷ്യല്‍ അക്കാദമി (അസം), ദാമോദരം സഞ്ജീവയ്യ നാഷണല്‍ ലോ യൂണിവേഴ്സിറ്റി (വിശാഖപട്ടണം), തമിഴ്നാട് നാഷണല്‍ ലോ യൂണിവേഴ്സിറ്റി (തിരുച്ചിറപ്പള്ളി), മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്സിറ്റി (മുംബൈ), മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്സിറ്റി (നാഗ്പുര്‍), മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്സിറ്റി (ഔറംഗാബാദ്), ഹിമാചല്‍പ്രദേശ് നാഷണല്‍ ലോ യൂണിവേഴ്സിറ്റി (ഷിംല), ധര്‍മശാസ്ത്ര നാഷണല്‍ ലോ യൂണിവേഴ്സിറ്റി (ജബല്‍പുര്‍), ഡോ. ബി.ആര്‍. അംബേദ്കര്‍ നാഷണല്‍ ലോ യൂണിവേഴ്സിറ്റി (സോനീപത്, ഹരിയാണ), നാഷണല്‍ ലോ യൂണിവേഴ്സിറ്റി ത്രിപുര (അഗര്‍ത്തല) എന്നിവയാണവ. നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (കൊച്ചി) ആണ് കേരളത്തിലുള്ള ലോ സ്‌കൂള്‍. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്വയംഭരണസ്ഥാപനങ്ങളാണിതൊക്കെ. കോമണ്‍ ലോ എന്‍ട്രന്‍സ് ടെസ്റ്റ് അഥവാ ക്ലാറ്റിലൂടെയാണ് ഇവിടെ പ്രവേശനം ലഭിക്കുന്നത്. ഇവയ്‌ക്കൊപ്പംതന്നെ പ്രധാനപ്പെട്ട ചില ലോ സ്‌കൂളുകളുണ്ട്. അതിലൊന്നാണ് ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്സിറ്റി. ഓള്‍ ഇന്ത്യാ ലോ എന്‍ട്രന്‍സ് ടെസ്റ്റിലൂടെ ഇവിടെ പ്രവേശനം നേടാം. ഇതിന് പുറമേ സിംബയോസിസ് ലോ സ്‌കൂള്‍ (പുണെ), അമിറ്റി ലോ സ്‌കൂള്‍ (ഡല്‍ഹി), ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് ലോ, ജാമിയ മിലിയ യൂണിവേഴ്സിറ്റി എന്നിവയും മികച്ച കേന്ദ്രങ്ങളാണ്.
കേരളത്തില്‍ നാല് സര്‍ക്കാര്‍ ലോ കോളേജുകളുണ്ട്. തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണവയുള്ളത്. ഇതുകൂടാതെ, കണ്ണൂര്‍ സര്‍വകലാശാലയും എം.ജി. സര്‍വകലാശാലയും കൊച്ചിന്‍ സര്‍വകലാശാലയും നടത്തുന്ന സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലും പ്രവേശനം നേടാം.
പ്രവേശനം എങ്ങനെ?
കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (CLAT) എന്ന പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് നാഷണല്‍ ലോ സ്‌കൂളുകളില്‍ പ്രവേശനം നടക്കുന്നത്. പ്ലസ്ടു പാസായവര്‍ക്കും പ്ലസ്ടു പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്നവര്‍ക്കും എല്‍.എല്‍.ബിക്കുള്ള ക്ലാറ്റിന് അപേക്ഷിക്കാം. പ്ലസ്ടുവിലെ 45 ശതമാനം മാര്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. എസ്.സി., എസ്.ടി. വിഭാഗത്തിലുള്ളവര്‍ക്ക് 40 ശതമാനം മാര്‍ക്ക് മതി.
എല്‍.എല്‍.ബി. പൂര്‍ത്തിയാക്കിയവര്‍ക്കും എല്‍.എല്‍.ബി. അവസാനവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും എല്‍.എല്‍.എമ്മിനുള്ള ക്ലാറ്റിന് അപേക്ഷ നല്‍കാം. എല്‍.എല്‍.ബി. അല്ലെങ്കില്‍ തത്തുല്യമായ മറ്റ് പരീക്ഷ 50 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് ബിരുദാനന്തരബിരുദത്തിന് അപേക്ഷിക്കാം. എസ്.സി., എസ്.ടി. വിഭാഗത്തിലുള്ളവര്‍ക്ക് 45 ശതമാനം മാര്‍ക്കും.
ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, അപേക്ഷിക്കുന്നവരുടെ ഒപ്പ്, എസ്.സി., എസ്.ടി., ഒ.ബി.സി. എന്നീ പരിധിയില്‍ വരുന്നവരാണെങ്കില്‍, അത് തെളിയിക്കുന്ന രേഖ തുടങ്ങിയവയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ജനറല്‍, ഒ.ബി.സി. വിഭാഗത്തിലുള്ളവര്‍ക്ക് 4,000 രൂപയും എസ്.സി., എസ്.ടി., ബി.പി.എല്‍. വിഭാഗത്തിലുള്ളവര്‍ക്ക് 3,500 രൂപയുമാണ് അപേക്ഷാഫീസ്. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും https://consortiumofnlus.ac.in/clat എന്ന വെബ്സൈറ്റില്‍ ലഭിക്കും.
കേരള ലോ എന്‍ട്രന്‍സ് പരീക്ഷയെഴുതിയാല്‍, കേരളത്തിലെ ലോ കോളേജുകളില്‍ പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cee-kerala.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
അവസരങ്ങള്‍ നിരവധി
പഠിച്ചിറങ്ങിക്കഴിഞ്ഞാല്‍ ജോലിക്കുള്ള അവസരങ്ങളും നിരവധിയാണ്. കോര്‍പ്പറേറ്റ് കമ്പനികളില്‍ നിയമോപദേശകരായും നിയമവിദഗ്ധരായും ജോലിചെയ്യാന്‍ കഴിയും. കമ്പനികളുടെ നിയമപരമായ പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യുകയും നിയമോപദേശം നല്‍കുകയുമാണ് ഇവരുടെ ചുമതല. ബാങ്കുകളിലും ലീഗല്‍ അഡൈ്വസറുടെ ഒഴിവുണ്ട്. അതിനൊപ്പം ലീഗല്‍ അനലിസ്റ്റ്, ലീഗല്‍ കണ്‍സല്‍ട്ടന്റ്, ലീഗല്‍ റിസര്‍ച്ചര്‍, കമ്പനി സെക്രട്ടറി, ഹ്യൂമന്‍ റൈറ്റ്‌സ് ലോയര്‍ എന്നീ മേഖലകളിലും ജോലിചെയ്യാം.
അധ്യാപനമേഖലയിലും അവസരങ്ങളുണ്ട്. ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയവര്‍, നെറ്റ് പരീക്ഷകൂടി പാസായാല്‍ അധ്യാപകരാവാം. നിയമപഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഇന്ത്യന്‍ സേനയിലെ നിയമവിഭാഗത്തിലും ജോലിചെയ്യാം. ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍സ് എന്നാണ് ഈ വിഭാഗത്തിന്റെ പേര്. 55 ശതമാനം മാര്‍ക്കോടെ നിയമബിരുദം നേടിയവര്‍ക്ക് ഇതിനായി അപേക്ഷിക്കാം.
നിയമബിരുദമോ ബിരുദാനന്തരബിരുദമോ നേടിയാല്‍മാത്രം വക്കീലാകാന്‍ കഴിയില്ല. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തുന്ന ഓള്‍ ഇന്ത്യാ ബാര്‍ എക്‌സാമിനേഷന്‍ പാസാകുകയും വേണം. അത് പാസായാല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് ലഭിക്കും. എങ്കില്‍മാത്രമേ, അഭിഭാഷകരായി ജോലിചെയ്യാന്‍ കഴിയൂ. ഈ പരീക്ഷയുടെ കൂടുതല്‍ വിവരങ്ങളറിയാന്‍ www.barcouncilofindia.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഓാണ്‍ലൈനിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതും.
Content Highlights: Career Options in Law, Job Opportunities for law students, LLB, LLM, law colleges
Published: 29 May 2023, 04:18 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented