മേരി ക്യൂറി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് നേടി ആംസ്റ്റർഡാം സർവകലാശാലയിലെ വാന്റ്റ് ഹോഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊളിക്കുലാർ സയൻസസിൽ കാറ്റലിസിസ് എൻജിനിയറിങ് ഗ്രൂപ്പിൽ ഗവേഷകയായ ഡോ. ആർ.എസ്. അഞ്ജു, ഫെലോഷിപ്പ് നേടി വിദേശത്ത് ഗവേഷണം നടത്തിയാലുള്ള അവസരങ്ങളെക്കുറിച്ചും എങ്ങനെ ഫെലോഷിപ്പ് നേടിയെടുക്കണമെന്നും വിവരിക്കുന്നു...

To advertise here,

കേരളത്തിൽനിന്ന്‌ നല്ലൊരു ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നുണ്ട്. ഇതിനായി ഉയർന്ന തുകയും ചെലവഴിക്കുന്നു. സ്കോളർഷിപ്പോ ഫെലോഷിപ്പോ നേടിയശേഷം ഇത്തരം രാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനായി പോകുന്നതാണ് ഏറ്റവും മികച്ചതും സാമ്പത്തികബാധ്യതകൾ ഒട്ടുമില്ലാത്തതുമായ മാർഗം. ഫെലോഷിപ്പ് നേടിയെടുക്കുക അൽപ്പം ശ്രമകരമെങ്കിലും ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള ചെലവുകളെല്ലാം ഇതിൽ ഉൾപ്പെടുന്നതുകൊണ്ട് സാമ്പത്തികപ്രയാസങ്ങളില്ലാതെ പഠനത്തിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്നത് വലിയ നേട്ടമാണ്.

ഫെലോഷിപ്പുവഴി ലഭിക്കുന്ന അംഗീകാരം, നെറ്റ്‌വർക്കിങ് അവസരങ്ങൾ, കരിയർ പുരോഗതി, അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ലഭിക്കുന്നതിലൂടെ കരിയർ/അക്കാദമിക് രംഗത്ത് പരിവർത്തനാത്മകമായ അനുഭവങ്ങൾ ലഭിക്കും. ഇതിനുപുറമേ ഭാഷാപരിശീലനം, പുതിയ രാജ്യത്തെ സംസ്കാരവുമായി പെട്ടെന്ന് ഇഴുകിച്ചേരാനുള്ള പിന്തുണ എന്നിവയും ലഭിക്കുന്നു.

ഇന്ത്യയിൽനിന്ന്‌ തികച്ചും വ്യത്യസ്തമായ വിദ്യാഭ്യാസരീതിയാണ് യൂറോപ്പിലേത്. വിദ്യാഭ്യാസഘടന, പഠനകാലാവധി, അധ്യാപനരീതി, മൂല്യനിർണയം എല്ലാം വ്യത്യസ്തമാണ്. സ്കൂൾതലംമുതൽ വിമർശനാത്മകചിന്ത, പ്രശ്നപരിഹാര കഴിവുകൾ, സ്വതന്ത്രപഠനം എന്നിവ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസരീതിയാണ് ഇവിടെ പിന്തുടരുന്നത്. അതിനാൽ, പ്രാഥമിക അറിവിനോടൊപ്പം പ്രായോഗിക, സാങ്കേതിക മികവുകൾ ഇവിടത്തെ വിദ്യാർഥികൾക്ക് പൊതുവേ കൂടുതലാണ്. ഫെലോഷിപ്പിന്റെ ഭാഗമായി ലഭിക്കുന്ന ശില്പശാലകൾ, പരിശീലനപരിപാടികൾ, സാംസ്കാരിക ഓറിയന്റേഷൻ പ്രോഗ്രാമുകൾ, അക്കാദമിക് മാർഗനിർദേശം എന്നിവ വിദേശവിദ്യാർഥികൾക്ക് ഇവിടത്തെ വിദ്യാഭ്യാസരീതിയുമായി എളുപ്പത്തിൽ ഇണങ്ങിച്ചേരാൻ സഹായിക്കുന്നു.

എങ്ങനെ നേടാം

ഫണ്ടിങ്ങിന്റെ അടിസ്ഥാനത്തിൽ ഫെലോഷിപ്പുകളെ പ്രധാനമായും മൂന്നായി തിരിക്കാം.

1. സർക്കാർ നൽകുന്നത്

2. സ്വകാര്യ ഫൗണ്ടേഷനുകൾ നൽകുന്നത്

3. സർവകലാശാലകൾ നൽകുന്നത്

ഫെലോഷിപ്പുകളെകുറിച്ചുള്ള വിവരങ്ങൾ അതത് ഏജൻസികളുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ബിരുദതലംമുതൽ പോസ്റ്റ് ഡോക്ടറൽതലം വരെ പഠനം/ഗവേഷണം തുടരാൻ ഇതുവഴി അവസരം ലഭിക്കുന്നു. ഫെലോഷിപ്പ് നൽകുന്ന പ്രധാന സ്ഥാപനങ്ങൾ/ഏജൻസികൾ:

• European Commission

• Marie Curie Fellowship

• Erasmus Mundus

• France Excellence Charpak Master Scholarship

• France Excellence Scholarship Programme

• The Mile Boutmy Scholarship É

• DAAD Scholarships

• Global Excellence Scholarships

• Government of Ireland International Education Scholarships

• NL Scholarship

• ISTA Fellowships

• Humboldt Research Fellowship

• Swiss Government Excellence scholarship

• Australian Government Research Training Programme

ഫെലോഷിപ്പ്

അവസരങ്ങളെക്കുറിച്ച്‌ കൃത്യമായ ധാരണ ഉണ്ടാക്കിയെടുക്കാൻ മേൽപ്പറഞ്ഞ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക. പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ ഒഴിവുകൾ പലപ്പോഴും ലിങ്ക്ഡ്ഇൻ, എക്സ് പോലുള്ള സാമൂഹിക മാധ്യമങ്ങളിൽ പ്രൊഫസർമാർ നേരിട്ട് അറിയിക്കാറുണ്ട്. അപേക്ഷിക്കേണ്ട അവസാനതീയതിക്ക് മാസങ്ങൾക്കുമുൻപേ പ്രൊപ്പോസലുകൾ തയ്യാറാക്കാൻ തുടങ്ങണം.

ഗവേഷണം/പഠനത്തിനായി തിരഞ്ഞെടുക്കുന്ന ഹോസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് വളരെ പ്രാധാന്യമുണ്ട്. വിഷയത്തിൽ മികച്ച ഗവേഷണട്രാക്ക് റെക്കോഡും ആധുനിക സൗകര്യങ്ങളുമുള്ള സ്ഥാപനങ്ങൾ വേണം ഹോസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളായി തിരഞ്ഞെടുക്കാൻ. മുൻവർഷത്തെ ഫെലോഷിപ്പ് ജേതാക്കളുമായുള്ള ആശയവിനിമയം, അവരുടെ മാർഗനിർദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രൊപ്പോസൽ തയ്യാറാക്കലും വിജയസാധ്യത വർധിപ്പിക്കും. ഓരോ ഫെലോഷിപ്പ് പ്രോഗ്രാമിന്റെയും ലക്ഷ്യം വ്യത്യസ്തമായതിനാൽ അപേക്ഷയ്ക്കനുസരിച്ച് മാറ്റംവരുത്തേണ്ടതുണ്ട്. പ്രൊപ്പോസൽ വിജയകരമായി പൂർത്തിയാക്കാൻ അപേക്ഷകരുടെ നൈപുണിയും അനുഭവ പരിജ്ഞാനവും പ്രത്യേകം ചേർക്കണം. റിസർച്ച് ഗോൾ, മെത്തഡോളജി, എക്സ്‌പെക്ടഡ് ഔട്ട്കംസ് (ലോങ് ടേം ആൻഡ് ഷോർട്ട് ടേം), ഇംപാക്ട്‌സ് എന്നിവ കൃത്യമായും വ്യക്തമായും എഴുതണം.

ഏറെ ഉപയോഗപ്രദവും എന്നാൽ പലരും വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താത്തതുമായ ഒരു സാധ്യതയാണ് ഹോസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്റർനാഷണൽ ഓഫീസിന്റെ നിർദേശങ്ങൾ ഉപയോഗപ്പെടുത്തുക എന്നത്. പ്രൊപ്പോസൽ തയ്യാറാക്കുക, അത് ശരിയാക്കുക എന്നിവയും അപേക്ഷയുടെ എല്ലാ ഘട്ടങ്ങളിലും ഇവരുടെ സേവനം ഉപയോഗപ്പെടുത്താം.

എന്റെ അനുഭവം

മദ്രാസ് ഐഐടിയിൽനിന്ന്‌ പിഎച്ച്ഡി നേടിയ ശേഷം ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ കെമിസ്ട്രി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യവേയാണ് മേരി ക്യൂറി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷിക്കുന്നത്. അത്യാധുനിക ഗവേഷണം പ്രോത്സാഹിപ്പിക്കുകയും തുടർന്നുള്ള കരിയർ വികസനവുമാണ് യൂറോപ്യൻ കമ്മിഷൻ ഫണ്ട്ചെയ്യുന്ന ഈ ഫെലോഷിന്റെ ലക്ഷ്യം. പ്രൊപ്പോസൽ തയ്യാറാക്കുമ്പോൾ വിഷയം തിരഞ്ഞെടുക്കൽ വളരെ പ്രധാനമാണ്. യൂറോപ്യൻ കമ്മിഷന്റെ മുൻഗണനകളുമായി പൊരുത്തപ്പെടുന്നതും തിരഞ്ഞെടുക്കുന്ന ആതിഥേയസ്ഥാപനത്തിന്റെ ഗവേഷണ മേഖലയുമായി യോജിച്ചുപോകുന്നതും പ്രസക്തവും സമയബന്ധിതവുമായ വിഷയമാണ് തിരഞ്ഞെടുത്തത്.

പ്രോജക്ട് സൂപ്പർവൈസറുമായും മുൻവർഷങ്ങളിൽ ഫെലോഷിപ്പ് ലഭിച്ചവരുമായുള്ള ആശയവിനിമയം, ആംസ്റ്റർഡാം സർവകലാശാലയിലെ ഇന്റർനാഷണൽ ഓഫീസിന്റെ സേവനം എന്നിവ പ്രൊപ്പോസൽ ഭംഗിയായി പൂർത്തിയാക്കാൻ സഹായിച്ചു. പ്രൊപ്പോസൽ സമർപ്പിച്ച് മാസങ്ങളോളം നീണ്ടുനിൽക്കുന്ന മൂല്യനിർണയ പ്രക്രിയകൾക്കുശേഷമാണ് ഫലംവരുക. ഏറ്റവും കൂടുതൽ ഫണ്ടിങ് ലഭിക്കുന്ന ഫെലോഷിപ്പുകളിലൊന്നാണിത്. ശമ്പളത്തിനുപുറമേ മൊബിലിറ്റി അലവൻസ്, ഫാമിലി അലവൻസ് എന്നിവയും ലഭിക്കും.

ഗവേഷണവുമായി ബന്ധപ്പെട്ട കോൺഫറൻസ്, വർക്ക്‌ഷോപ്പ്, പരിശീലനപരിപാടികൾ എന്നിവയ്ക്കും പണം ലഭ്യമാണ്. യൂറോപ്പിനകത്തെ രാജ്യങ്ങളിലേക്കുള്ള യാത്ര വളരെ എളുപ്പമായതിനാൽ വിവിധ സർവകലാശാലകളിലെ ഗവേഷണസൗകര്യങ്ങൾ ഉപയോഗപ്പെടുത്താനും പുതിയ ഗവേഷണസാധ്യതകൾ ഉണ്ടാക്കിയെടുക്കാനും സാധിച്ചു.

ഇതുവഴി നൊബേൽസമ്മാന ജേതാക്കൾ ഉൾപ്പെടെ വിവിധ വിഷയങ്ങളിലെ വിദഗ്ധരുമായി സംവദിക്കാനും പുതിയ ആശയങ്ങൾ ചർച്ച ചെയ്യാനുമുള്ള അവസരങ്ങൾ ലഭിച്ചു. ഗവേഷണ സ്വാതന്ത്ര്യമാണ് ഏറ്റവും വലിയ ആകർഷണീയത. താത്പര്യമുള്ള വിഷയങ്ങളിൽ എന്റെ ആശയങ്ങൾ വികസിപ്പിക്കാനും പ്രോജക്ട് സ്വയം മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള സ്വാതന്ത്ര്യമുണ്ട്. എത്ര സങ്കീർണമായ ഉപകരണങ്ങളായാലും പരിശീലനം നേടിയശേഷം സ്വന്തമായി ഉപയോഗിക്കുക എന്നതാണ് ഇവിടത്തെ രീതി. പുതിയ ഉപകരണങ്ങൾ ഉപയോഗിക്കാനും സാങ്കേതികവൈദഗ്ധ്യം മെച്ചപ്പെടുത്താനുമുള്ള ഒട്ടേറെ അവസരങ്ങളുമുണ്ട്. സൗകര്യപ്രദമായ തൊഴിൽ സംസ്കാരമാണ് യൂറോപ്പിന്റെ മറ്റൊരു സവിശേഷത. വർക്ക് ലൈഫ് ബാലൻസിന് വളരെ പ്രാധാന്യമുണ്ട്. ഇത് ജോലിയോടും പഠനത്തോടുമൊപ്പം നല്ലൊരു ജീവിതശൈലികൂടി ഉറപ്പുനൽകുന്നു.