യാത്രാ, ചരക്കു വിമാനങ്ങൾ പറപ്പിക്കാനാവശ്യമായ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (സിപിഎൽ) കോഴ്സിൽ ചേരാൻ സയൻസ് സ്ട്രീമിൽ പ്ലസ്ടു ജയിച്ചവർക്ക് അവസരം. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനു കീഴിലെ സ്വയംഭരണസ്ഥാപനമായ ഉത്തർപ്രദേശ് അമേഠി, ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി (ഐജിആർയുഎ) ആണ് സിപിഎൽ പ്രോഗ്രാം പ്രവേശനത്തിന് [അബ് ഇനിഷ്യോ ടു സിപിഎൽ കോഴ്സ് ഫോർ ഇഷ്യൂ ഓഫ് സിപിഎൽ വിത്ത് മൾട്ടി എൻജിൻ എൻഡോഴ്സ്‌മെന്റ് ആൻഡ് ഇൻസ്ട്രുമെൻറ് റേറ്റിങ് (ഐആർ) ഓൺ മൾട്ടി എൻജിൻ എയർക്രാഫ്റ്റ്] അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.കോഴ്സ് ഫീസ് എല്ലാ വിഭാഗക്കാർക്കും 45 ലക്ഷംരൂപയാണ്. സാമ്പത്തികസഹായം സംബന്ധിച്ച വിവരങ്ങൾ സൈറ്റിലുണ്ട്.

To advertise here,

യോഗ്യത: ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പഠിച്ച് ജയിച്ച് ഓരോ വിഷയത്തിനും 50 ശതമാനം മാർക്ക് വാങ്ങി പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം (പട്ടിക/മറ്റു പിന്നാക്ക/സാമ്പത്തിക പിന്നാക്കവിഭാഗക്കാർക്ക് 45 ശതമാനം വീതം).

പ്രവേശനം നേടുമ്പോൾ കുറഞ്ഞത് 17 വയസ്സ് വേണം. ഉയർന്ന പ്രായപരിധി 2025 ജൂലായ് ഒന്നിന് 28 വയസ്സ്. ഒബിസിക്കാർക്ക് 31-ഉം പട്ടികവിഭാഗക്കാർക്ക് 33-ഉം വയസ്സ്. അവിവാഹിതരായിരിക്കണം. കുറഞ്ഞത് 158 സെന്റിമീറ്റർ ഉയരം വേണം.

തിരഞ്ഞെടുപ്പ്: ഓൺലൈൻ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, വൈവ/ഇന്റർവ്യൂ, പൈലറ്റ് അഭിരുചിപരീക്ഷ/സൈക്കോമെട്രിക് ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. മേയ് 24-ന് നടത്തുന്ന പരീക്ഷയ്ക്ക് തിരുവനന്തപുരവും ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയവയും പരീക്ഷാകേന്ദ്രങ്ങളാണ്. ജനറൽ ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, റീസണിങ് ആൻഡ് കറന്റ് അഫയേഴ്സ് എന്നീ വിഷയങ്ങളിൽനിന്നുമുള്ള പ്ലസ്ടു നിലവാരമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. തെറ്റുന്ന ഉത്തരത്തിന് നെഗറ്റീവ് മാർക്ക് ഇല്ല. വിശദമായ വിജ്ഞാപനം igrua.gov.in -ൽ ലഭിക്കും (ഐജിആർയുഎ എൻട്രൻസ് ലിങ്ക്). അപേക്ഷ മേയ് രണ്ടിന് രാത്രി 11.55 വരെ നൽകാം.