തൃശ്ശൂർ: എസ്.എഫ്.ഐ.യുടെ ആദ്യരൂപമായ കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു പി. ചിത്രൻ നമ്പൂതിരിപ്പാട്. 1942-ൽ ക്വിറ്റ് ഇന്ത്യാ സമരക്കാലത്ത് തൃശ്ശൂർ ടൗൺഹാളിലായിരുന്നു സംഘടനാ രൂപവത്കരണം. കവി പി. ഭാസ്കരൻ അടക്കമുള്ളവർ യോഗത്തിനെത്തി. ഒരു വിഭാഗം ബഹിഷ്‌കരിച്ച് എൻ.എസ്.ഒ. എന്ന പേരിൽ മറ്റൊരു സംഘടനയുണ്ടാക്കി. അതിലൂടെയാണ് കെ.എസ്.യു. രൂപപ്പെട്ടത്. രണ്ടു വിദ്യാർഥിസംഘടനകളുടെയും തുടക്കംകുറിക്കലിന് ചിത്രൻ നമ്പൂതിരിപ്പാട് സാക്ഷിയായി.

To advertise here,

സി. അച്യുതമേനോൻ, ഇ.എം.എസ്., എ.കെ. ഗോപാലൻ, ജോസഫ് മുണ്ടശ്ശേരി തുടങ്ങിയ വിശിഷ്ടവ്യക്തികളോടൊപ്പം ഇടപഴകിയത് അദ്ദേഹത്തിന് എന്നും തിളക്കമുള്ള ഓർമകളായിരുന്നു. 1969-ലെ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ മത്സരിക്കാൻ ഇമ്പിച്ചിബാവയും ഇ.എം.എസും ഏറെ നിർബന്ധിച്ചെങ്കിലും ചിത്രൻ നമ്പൂതിരിപ്പാട് ഒഴിഞ്ഞു നിന്നു.

1975-79 കാലത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടറായിരിക്കുമ്പോൾ സ്വകാര്യസ്കൂൾ മാനേജുമെന്റുകൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സി.ബി.എസ്.ഇ. സ്കൂളുകളിൽനിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികൾ മാറുന്നതിനെ ചിത്രൻ നമ്പൂതിരിപ്പാട് സ്വാഗതം ചെയ്തിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ നവകേരളയാത്രയ്ക്കിടെ സാമൂഹികനേതാക്കളടക്കമുള്ളവരുമായി രാമനിലയത്തിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ചിത്രൻ നമ്പൂതിരിപ്പാടും യോഗത്തിൽ പങ്കെടുത്തു.

കേരളത്തിലെ സർവകലാശാലകളെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ അദ്ദേഹം ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചു. ഓൺലൈൻ കമ്യൂണിക്കേഷൻ സംവിധാനം നന്നായിരിക്കുമെന്ന് സൂചിപ്പിച്ചു. പിണറായിയുടെ മറുപടി പ്രസംഗത്തിൽ ഇക്കാര്യത്തിനായിരുന്നു പ്രാധാന്യം നൽകിയത്.