വിവിധ സർവകലാശാലകളിലെയും സ്ഥാപനങ്ങളിലെയും യു.ജി., പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തിവരുന്ന, കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റു (സി.യു.ഇ.ടി.) കൾക്ക് യു.ജി.സി. മാറ്റങ്ങൾ കൊണ്ടുവരുകയാണ്. വിദഗ്ധസമതിയുടെ നിർദേശങ്ങൾ പരിഗണിച്ചശേഷം, 2025 മുതൽ പരീക്ഷകൾക്കു വരുത്തേണ്ട മാറ്റങ്ങൾ നടപ്പാക്കും. ഈ നിർദേശങ്ങളിൽ 26 വരെ അഭിപ്രായങ്ങൾ അറിയിക്കാനുള്ള സമയമാണ് (www.ugc.gov.in നോട്ടീസസ് ലിങ്ക്-ഗൂഗിൾഫോം ലിങ്ക് വഴി) യു.ജി.സി. നൽകിയിരിക്കുന്നത്.
സി.യു.ഇ.ടി. യു.ജി. -നിർദേശങ്ങൾ സഹായകരമോ?
പ്ലസ്ടുതലത്തിൽ പഠിച്ച വിഷയങ്ങൾ പരിഗണിക്കാതെ സി.യു.ഇ.ടി. യു.ജി. പരീക്ഷാവിഷയങ്ങൾ തിരഞ്ഞെടുക്കാമെന്ന നിർദേശം പ്രഥമദൃഷ്ട്യാ സൗകര്യപ്രദമായി തോന്നും. എന്നാൽ, ഓരോ കോഴ്സിലെയും പ്രവേശനത്തിന് പ്ലസ്ടുതലത്തിൽ പഠിച്ചിരിക്കേണ്ട വിഷയങ്ങൾ, അഭിമുഖീകരിച്ചിരിക്കേണ്ട ടെസ്റ്റ് പേപ്പറുകൾ എന്നിവസംബന്ധിച്ച വ്യവസ്ഥകൾ ഉണ്ടെങ്കിൽ ഈ ഇളവുകൊണ്ട് പരീക്ഷാർഥിക്ക് പ്രയോജനം ലഭിക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ട്.പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ എണ്ണവും ലഭ്യമായ പ്രോഗ്രാമുകളുടെ എണ്ണവും പരിഗണിക്കുമ്പോൾ തിരഞ്ഞെടുക്കാവുന്ന ടെസ്റ്റുകളുടെ എണ്ണം അഞ്ചായി കുറയ്ക്കുന്നത് പരീക്ഷാർഥികൾക്ക് ടെസ്റ്റ് വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് ബുദ്ധിമുട്ടുണ്ടാക്കിയേക്കും. കഴിഞ്ഞവർഷം നൽകിയതുപോലെ ആറ് ടെസ്റ്റുകളെങ്കിലും തിരഞ്ഞെടുക്കാനുള്ള അവസരം നിലനിർത്തുന്നത് സഹായകരമായിരിക്കും.2023-ൽ 10 ടെസ്റ്റുകൾ എഴുതാൻ അവസരം നൽകിയിരുന്നു.വിവിധ സ്ഥാപനങ്ങളുടെ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് വ്യത്യസ്ത വിഷയങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നതിനാൽ കൂടുതൽ ടെസ്റ്റുകൾ എഴുതാനുള്ള അവസരം അനിവാര്യമാണ്.
പ്രധാന നിർദേശങ്ങൾ
സി.യു.ഇ.ടി.-യു.ജി
• പരീക്ഷ കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി.) രീതിയിൽ വർഷത്തിൽ ഒരുതവണ നടത്തും
• നിലവിലെ ജനറൽ ടെസ്റ്റ്, ജനറൽ എബിലിറ്റി ടെസ്റ്റാക്കി മാറ്റും.
• ഡൊമൈൻ സ്പെസിഫിക് വിഷയങ്ങളിൽനിന്നും ആറ് എണ്ണം-ഓൺട്രപ്രനേർഷിപ്പ്, ടീച്ചിങ് ആപ്റ്റിറ്റ്യൂഡ്, ലീഗൽ സ്റ്റഡീസ്, എൻജിനീയറിങ് ഗ്രാഫിക്സ്, ഫാഷൻ സ്റ്റഡീസ്, ടൂറിസം എന്നിവ ഒഴിവാക്കും. ഇവയിലെ പ്രവേശനം ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (പുതിയ ജനറൽ എബിലിറ്റി ടെസ്റ്റ്) മികവ് അടിസ്ഥാനമാക്കി നടത്തും
• സി.യു.ഇ.ടി. യു.ജി. 2024 പ്രകാരം അവശേഷിക്കുന്ന 23 ഡൊമൈൻ സ്പെസിഫിക് വിഷയങ്ങൾ- അക്കൗണ്ടൻസി/ബുക്ക് കീപ്പിങ്, ബിസിനസ് സ്റ്റഡീസ്, അഗ്രിക്കൾച്ചർ, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ്, ബയോളജി/ ബയോളജിക്കൽ സയൻസ്/ബയോടെക്നോളജി/ബയോകെമിസ്ട്രി, പെർഫോമിങ് ആർട്സ് (ഡാൻസ്, ഡ്രാമ, മ്യൂസിക്), ഫൈൻ ആർട്സ്/വിഷ്വൽ ആർട്സ്/കൊമേഴ്ഷ്യൽ ആർട്സ്), ജ്യോഗ്രഫി/ജിയോളജി, ഹിസ്റ്ററി, ഹോംസയൻസ്, മാസ് മീഡിയ/മാസ് കമ്യൂണിക്കേഷൻ, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സോഷ്യോളജി, സാൻസ്ക്രിറ്റ്, എൻവയൺമെൻറൽ സയൻസ്, നോളജ് ട്രഡീഷൻ - പ്രാക്ടീസസ് ഇൻ ഇന്ത്യ, ഫിസിക്കൽ എജുക്കേഷൻ (യോഗ, സ്പോർട്സ്) ആന്ത്രോപ്പോളജി, ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ പ്രാക്ടീസസ് എന്നിവ നിലനിർത്തും
• പരീക്ഷയുടെ ചോദ്യങ്ങൾ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, കന്നട, തമിഴ് ഉൾപ്പെടെ 13 ഭാഷകളിൽ
• സി.യു.ഇ.ടി. യു.ജി. 2024-ലെ പോലെ ഭാഷാമികവ് വിലയിരുത്താൻ ഈ 13 ഭാഷകളിലും ലാംഗ്വേജ് സ്പെസിഫിക് പരീക്ഷ ഉണ്ടാകും
• 2024-ൽ ഉണ്ടായിരുന്ന 20 ഭാഷകളിലെ (വിദേശ ഭാഷകൾ ഉൾപ്പടെ) പരീക്ഷ ഒഴിവാക്കും. അറബിക്, ബോഡോ, ചൈനീസ്, ഡോഗ്രി, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, ജാപ്പനീസ്, കശ്മീരി, കൊങ്കണി, മൈഥിലി, മണിപ്പുരി, നേപ്പാളി, പേർഷ്യൻ, റഷ്യൻ, സന്താലി, സിന്ധി, സ്പാനിഷ്, ടിബറ്റൻ, സാൻസ്ക്രിറ്റ് - ഇവയിലെ പ്രവേശനം ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (പുതിയ ജനറൽ എബിലിറ്റി ടെസ്റ്റ്) പേപ്പറിലെ മികവ് പരിഗണിച്ചായിരിക്കും
• ഒരു പരീക്ഷാർഥിക്ക് പരമാവധി അഞ്ച് വിഷയങ്ങളിലെ പരീക്ഷകൾ അഭിമുഖീകരിക്കാം
• ക്ലാസ് 12-ൽ പഠിച്ച വിഷയങ്ങൾ പരിഗണിക്കാതെ സി.യു.ഇ.ടി. യു.ജി.ക്ക് ഇഷ്ടപ്പെട്ട വിഷയങ്ങൾ (പരമാവധി അഞ്ച്) തിരഞ്ഞെടുക്കാം
• എല്ലാ പേപ്പറുകളുടെയും ദൈർഘ്യം ഒരുമണിക്കൂർ
• എല്ലാ പേപ്പറുകളിലും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകണം
• ഉത്തരം തെറ്റിയാൽ മാർക്ക് കുറയ്ക്കും (നെഗറ്റീവ് മാർക്കിങ് രീതി)
• എൻ.സി.ഇ.ആർ.ടി. സിലബസ് അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ
• പ്രവേശനം യു.ജി.സി. മാനദണ്ഡങ്ങൾ പ്രകാരം സി.യു.ഇ.ടി. യു.ജി. സ്കോർ പരിഗണിച്ചായിരിക്കും
സി.യു.ഇ.ടി.-പി.ജി.
• പരീക്ഷ കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി.) രീതിയിൽ വർഷത്തിൽ ഒരുതവണ നടത്തും
• എല്ലാ വിഷയങ്ങളുടെയും എല്ലാ പേപ്പറുകളുടെയും ദൈർഘ്യം 90 മിനിറ്റ് ആയിരിക്കും
• എല്ലാ പേപ്പറുകളിലും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകണം
• ഉത്തരം തെറ്റിയാൽ മാർക്ക് കുറയ്ക്കും (നെഗറ്റീവ് മാർക്കിങ് രീതി)
• ദ്വിഭാഷാരീതിയിൽ ചോദ്യങ്ങൾ ലഭ്യമാക്കും
• ചോദ്യനിലവാരം 2024-ലെ സി.യു.ഇ.ടി.യിൽ എന്നപോലെ തുടരും
• ജനറൽ പേപ്പർഘടന ഭേദഗതിചെയ്ത് ബിരുദതല അറിവ് അടിസ്ഥാനമാക്കി നൈപുണി അധിഷ്ഠിതവും ചില തൊഴിലുകൾ അധിഷ്ഠിതവുമാക്കും. ആ മേഖലകളിലെ പ്രോഗ്രാം തിരഞ്ഞെടുപ്പിന് സർവകലാശാലകൾക്ക് ഈ ടെസ്റ്റ് മികവ് ഉപയോഗപ്പെടുത്താം
• പ്രവേശനം യു.ജി.സി. മാനദണ്ഡങ്ങൾ പ്രകാരം സി.യു.ഇ.ടി. പി.ജി. സ്കോർ പരിഗണിച്ചായിരിക്കും
• വിശേഷാൽ കോഴ്സുകളിലെ പ്രവേശനങ്ങൾക്ക് സി.യു.ഇ.ടി. പി.ജി. സ്കോറിനു നൽകേണ്ട വെയിറ്റേജ് സർവകലാശാലകൾക്ക് തീരുമാനിക്കാം
Content Highlights: C.U.E.T. 2025 structure
Published: 24 Dec 2024, 09:27 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented