കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ സ്വയംഭരണ സ്ഥാപനവും കല്പിത സർവകലാശാലയുമായ ജവാഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് (ജെ.എൻ.സി.എ.എസ്.ആർ. - െബംഗളൂരു), ഇന്റർ ഡിസിപ്ലിനറി സയൻസസിൽ തുടങ്ങുന്ന ഇന്റഗ്രേറ്റഡ് ബി.എസ്. (റിസർച്ച്) - പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ആദ്യ രണ്ടുവർഷം ട്യൂഷൻഫീ പ്രതിവർഷം 7500 രൂപ വീതമാണ്. മൂന്നാംവർഷംമുതൽ പിഎച്ച്.ഡി.ക്ക് ബാധകമായ ട്യൂഷൻ ഫീ ആയിരിക്കും.
എക്സിറ്റ് ഓപ്ഷൻ
കോഴ്‌സ് വർക്ക്, അഡ്വാൻസ്ഡ് റിസർച്ച് എക്സ്പോഷർ, നൈപുണി വികസനം എന്നിവയിലൂടെ മികച്ച പരിശീലനം ലഭ്യമാക്കുന്ന പ്രോഗ്രാം 2020-ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ തത്ത്വങ്ങൾക്കനുസൃതമായാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ബി.എസ്. (റിസർച്ച്) ഘട്ടം ഒരു അക്കാദമിക് വർഷം (രണ്ട് സെമസ്റ്ററുകൾ) നീണ്ടുനിൽക്കും. കോഴ്‌സ് വർക്ക്, റിസർച്ച് പ്രോജക്ട് എന്നിവയുണ്ടാകും.
നിശ്ചിത വിഷയത്തിൽ ഒന്നാം വർഷം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആ വിഷയത്തിൽ ബാച്ച്‌ലർ ഓഫ് സയൻസ് (റിസർച്ച്) ബിരുദവുമായും രണ്ടാം വർഷം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആ വിഷയത്തിൽ മാസ്റ്റർ ഓഫ് സയൻസ് ബിരുദവുമായും എക്സിറ്റ് ഓപ്ഷൻ സ്വീകരിക്കാം. കുറഞ്ഞത് നാലുവർഷം എടുത്ത് പിഎച്ച്.ഡി. പൂർത്തിയാക്കാം. പിഎച്ച്.ഡി. ഘട്ടത്തിൽ തുടരാൻ നിശ്ചിത സി.ജി.പി.എ. നേടണം.
പ്രവേശന യോഗ്യത
കുറഞ്ഞത് 55 ശതമാനം മാർക്കോടെ മൂന്നുവർഷ ബി.എസ്‌സി. ബിരുദമുള്ളവർക്കും ഏതെങ്കിലും ബാച്ച്‌ലർ പ്രോഗ്രാമിൽ 120 ക്രെഡിറ്റുകൾ പൂർത്തിയാക്കിയവർക്കും വിഷയത്തിനനുസരിച്ചുള്ള യോഗ്യതയ്ക്കു വിധേയമായി അപേക്ഷിക്കാം. വിഷയങ്ങൾ, യോഗ്യത എന്നിവ ക്രമത്തിൽ:
(i) കെമിസ്ട്രി - കെമിസ്ട്രി ഒരു മേജർ വിഷയമായി പഠിച്ചു നേടിയ സയൻസിലെ ഏതെങ്കിലും ബ്രാഞ്ചിലെ ബാച്ച്‌ലർ ബിരുദം
(ii) ഫിസിക്സ് - ഫിസിക്സ് ഒരു മേജർ വിഷയമായി പഠിച്ച് നേടിയ സയൻസിലെ ഏതെങ്കിലും ബ്രാഞ്ചിലെ ബാച്ച്‌ലർ ബിരുദം
(iii) മെറ്റീരിയൽസ് - സയൻസിലെ ഏതെങ്കിലും ബ്രാഞ്ചിലെ ബാച്ച്‌ലർ ബിരുദം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിലെ അടിസ്ഥാന അറിവ് വേണം
(iv) ബയോളജി - മൂന്നു സവിശേഷ മേഖലകളിൽ ഓഫർ ചെയ്യുന്നു.
• ഇവലൂഷണറി ആൻഡ് ഓർഗനിസ്മൽ ബയോളജി - സയൻസിലെ ഏതെങ്കിലും ബ്രാഞ്ചിലെ ബാച്ച്‌ലർ ബിരുദം/തത്തുല്യ ബിരുദം
• മോളിക്യുളാർ ബയോളജി ആൻഡ് ജനിറ്റിക്സ് - ബയോളജി ഒരു മേജർ വിഷയമായി പഠിച്ച സയൻസിലെ ഏതെങ്കിലും ബ്രാഞ്ചിലെ ബാച്ച്‌ലർ ബിരുദം
• ന്യൂറോ സയൻസ് - ബയോളജി ഒരു മേജർ വിഷയമായി പഠിച്ച് സയൻസിലെ ഏതെങ്കിലും ബ്രാഞ്ചിലെ ബാച്ച്‌ലർ ബിരുദം
(v) മെക്കാനിക്സ് ആൻഡ് കംപ്യൂട്ടിങ് - ഫിസിക്സ്, മാത്തമാറ്റിക്സ്, എർത്ത് സയൻസ് എന്നിവയിലൊന്നിൽ ബാച്ച്‌ലർ ബിരുദം അല്ലെങ്കിൽ മൂന്നു വർഷങ്ങളിലായി 120 ക്രെഡിറ്റുകൾ പൂർത്തിയാക്കിയ, കെമിക്കൽ എൻജിനിയറിങ്/അനുബന്ധ മേഖലയിലെ ബി.എസ്. ബിരുദം.
ടെസ്റ്റ് സ്കോർ
അപേക്ഷകർക്ക് സാധുവായ ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്‌സ് (ജാം)/ കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് - പോസ്റ്റ് ഗ്രാജ്വേറ്റ് (സി.യു.ഇ.ടി.- പി.ജി.)/ജെ.എൻ.സി.എ.എസ്.ആർ. എൻട്രൻസ് സ്‌കോർ വേണം.
തിരഞ്ഞെടുപ്പു രീതി
അക്കാദമിക് മികവ്, ജാം 2026/സി.യു.ഇ.ടി. പി.ജി. 2026/ജെ.എൻ.സി.എ.എസ്.ആർ. 2026 എൻട്രൻസ് (യൂണിറ്റ് വ്യവസ്ഥ അനുസരിച്ച്) സ്കോർ പരിഗണിച്ച് ഇന്റർവ്യൂവിന് ഷോർട്ട് ലിസ്റ്റ് ചെയ്യും. ഇന്റർവ്യൂ മികവ് പരിഗണിച്ചായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.
കോഴ്‌സ് ഘട്ടങ്ങൾ
ബി.എസ്. (റിസർച്ച്) പൂർത്തീകരണഘട്ടത്തിൽ ലഭിക്കുന്ന സി.ജി.പി.എ. പരിഗണിച്ചാകും തുടർ ഘട്ടത്തിനുള്ള അർഹത നിർണയിക്കുന്നത്.
(i) കുറഞ്ഞത് 7.5 സി.ജി.പി.എ. ലഭിച്ചാൽ - പിഎച്ച്.ഡി.ക്കും എം.എസ്‌സി.(റിസർച്ച്)നും അർഹത ലഭിക്കും. പിഎച്ച്.ഡി. രജിസ്‌ട്രേഷന് അപേക്ഷിക്കാം. ഇന്റർവ്യൂ, നാഷണൽ എലിജിബിലിറ്റി (ബാധകമെങ്കിൽ), അനുയോജ്യമായ ഫെലോഷിപ്പ്/ഒഴിവ് എന്നിവയുടെ ലഭ്യതയ്ക്ക് വിധേയമായിരിക്കും പ്രവേശനം.
ഫുൾ ഫെലോഷിപ്പോടെയുള്ള പിഎച്ച്.ഡി. രജിസ്‌ട്രേഷന് ജെ.ആർ.എഫ്. (സി.എസ്.ഐ.ആർ.- യു.ജി.സി./ഡി.ബി.ടി./ഐ.സി.എം.ആർ.)/ഇൻസ്പയർ അർഹത നിർബന്ധമാണ്.
മികവ് തെളിയിച്ചവർക്ക് പിഎച്ച്.ഡി. ഘട്ടത്തിൽ, സെന്റർ മാനദണ്ഡങ്ങൾക്കു വിധേയമായി അനുയോജ്യമായ സ്കോളർഷിപ്പ് അനുവദിക്കാം.
(ii) സി.ജി.പി.എ. 6-നും 7.5 നും ഇടയ്ക്ക് എങ്കിൽ: പിഎച്ച്.ഡി. പ്രവേശനത്തിന് നേരിട്ട് അർഹത ലഭിക്കില്ല. എം.എസ്. (റിസർച്ച്) പൂർത്തിയാക്കാൻ അർഹത ലഭിക്കും. എം.എസ്. (റിസർച്ച്) പൂർത്തിയാക്കിക്കഴിയുമ്പോൾ ഗവേഷണത്തിന് രജിസ്റ്റർ ചെയ്യാൻ അർഹത ലഭിക്കാം.
(iii) സി.ജി.പി.എ. 6-ൽ താഴെ എങ്കിൽ: മുന്നോട്ടുപോകാൻ അർഹത ഇല്ല. സ്ഥാപന മാനദണ്ഡങ്ങൾക്കു വിധേയമായി ബാധകമായ ബിരുദത്തോടെ എക്‌സിറ്റ് ഓപ്ഷൻ സ്വീകരിക്കണം.
അപേക്ഷ
പ്രോഗ്രാം വിശദാംശങ്ങൾ www.jncasr.ac.in ൽ ലഭിക്കും (അഡ്മിഷൻസ് ലിങ്ക്). അപേക്ഷ ഈ ലിങ്ക് വഴി ഏപ്രിൽ 10-ന് രാത്രി 11.59 വരെ ഓൺലൈൻ ആയി നൽകാം. അപേക്ഷാ ഫീസ് 1000 രൂപ ഓൺലൈൻ ആയി അടയ്ക്കണം.
Content Highlights: Integrated BS (Research) - PhD program in interdisciplinary sciences., Flexible exit options after BS (Research) or MS (Research) stages.
Published: 27 Mar 2026, 09:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented