മാറ്റിവെച്ച പ്രവേശനപരീക്ഷകളുടെ പുതുക്കിയ തീയതികള്‍ വന്നുകൊണ്ടിരിക്കുന്നു. ചിലത് ഓണ്‍ലൈന്‍ പരീക്ഷയാണെങ്കില്‍ മറ്റുചിലത് ഓഫ് ലൈനാണ്. എന്‍.ടി.എ. ടെസ്റ്റ് പ്രാക്ടീസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുമില്ല.

സാഹചര്യം എന്തായാലും പരിശീലനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. പരമാവധി ചോദ്യങ്ങള്‍ക്ക് ഉത്തരംനല്‍കി പരിശീലിക്കുക. പരീക്ഷാ പരിശീലനത്തിന് എന്തുചെയ്യും? അതിനിതാ, ഒരു ഉത്തരം - നാഷണല്‍ ടെസ്റ്റ് അഭ്യാസ്.

വീട്ടില്‍ ഇരുന്ന് പഠനം

മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നേടാന്‍ നിര്‍മിതബുദ്ധി അധിഷ്ഠിതമായ മൊബൈല്‍ ആപ്ലിക്കേഷന്‍ (ആപ്പ്) ആണ് നാഷണല്‍ ടെസ്റ്റ് അഭ്യാസ്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന വിവിധ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അവരുടെ വീടുകളില്‍ ഇരുന്നുകൊണ്ടുതന്നെ, മൊബൈല്‍ വഴി മോക് ടെസ്റ്റുകളില്‍ പങ്കെടുക്കാം. തുടക്കത്തില്‍ ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ. ഇ.ഇ.) മെയിന്‍, നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി., എന്നിവയുടെ മോക് ടെസ്റ്റുകളാണുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് National Test Abhyas ഡൗണ്‍ലോഡു ചെയ്യാം. പേര്, മൊബൈല്‍ നമ്പര്‍/ഇ-മെയില്‍ വിലാസം എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യണം. പാസ് വേഡ് നല്‍കി അത് കണ്‍ഫേം ചെയ്താല്‍ ഉപയോഗിക്കാന്‍ ആപ്പ് റെഡി.

പ്രവര്‍ത്തനരീതി

ലോഗിന്‍ ചെയ്യുമ്പോള്‍ ജെ.ഇ.ഇ. മെയിന്‍, നീറ്റ് എന്നിവയുടെ 11 ഫുള്‍ ടെസ്റ്റുകള്‍ വീതം ഇപ്പോള്‍ കാണാന്‍കഴിയും (പുതിയ ടെസ്റ്റുകള്‍ ഇതിലേക്ക് കൂട്ടിച്ചേര്‍ക്കും. സന്ദേശം വരുമ്പോള്‍ ആപ്പ് അപ്ഡേറ്റ് ചെയ്യണം. ദിവസവും ഒരു പുതിയ മോക് ടെസ്റ്റ് റിലീസ് ചെയ്യുക എന്നതാണ് ലക്ഷ്യം) ഇഷ്ടമുള്ള ടെസ്റ്റ് ഡൗണ്‍ലോഡു ചെയ്യാം. ഇങ്ങനെ ചെയ്താല്‍ ഇന്റര്‍നെറ്റ് ഇല്ലാതെയും ഉപയോഗിക്കാം. ഡൗണ്‍ലോഡിങ് കഴിഞ്ഞ് സ്റ്റാര്‍ട്ട് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ടെസ്റ്റ് എടുക്കാം. അപ്പോള്‍ മൊബൈല്‍ എയറോപ്ലെയിന്‍ മോഡിലേക്കു മാറ്റണം. തുടര്‍ന്ന് നിര്‍ദേശങ്ങളുടെ പേജുകളാണ്. 'ഐ ആം റെഡി ടു ബിഗിന്‍' ക്ലിക് ചെയ്യുമ്പോള്‍ ടെസ്റ്റിലേക്കു കടക്കാം.

ടെസ്റ്റിനനുസരിച്ച് പരീക്ഷയുടെ വിഷയങ്ങള്‍ മുകളില്‍ കാണാം. ഇഷ്ടമുള്ള വിഷയ ചോദ്യങ്ങളിലേക്കു കടക്കാം. ഓപ്ഷന് ഇടതുവശത്തുള്ള ബട്ടണ്‍ ക്ലിക് ചെയ്ത് ഉത്തരം രേഖപ്പെടുത്താം. പരീക്ഷയ്ക്ക് അവശേഷിക്കുന്ന സമയവും മുകളില്‍ കാണാം. ജെ.ഇ.ഇ. മെയിന്‍ കംപ്യൂട്ടര്‍ അധിഷ്ഠിതവും നീറ്റ് ഒ.എം.ആര്‍. പരീക്ഷയുമാണെന്ന് ഓര്‍ക്കുക.

Content Highlights: National Testing Agency Launched Test Abhyas App for Exam Preparation