പന്തീരാങ്കാവ്: പരിമിതികളെല്ലാം പടിക്കു പുറത്ത് നിർത്തി, പിതാവിന്റെ നെഞ്ചിലുറങ്ങിയ ആഗ്രഹത്തിന് വിജയത്തിന്റെ പകിട്ടേകിയിരിക്കുകയാണ് ഷെയ്ഹ ഷർമദ് ഖാൻ. ജന്മനാലുള്ള ശാരീരികാവസ്ഥകളെയും തടസ്സങ്ങളെയും തോൽപ്പിച്ച് യു.ജി.സി. നെറ്റിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.) ഷെയ്ഹ നേടി. ജന്മനാ ലോക്കോ മോട്ടോർ ഡിസബിലിറ്റിയുള്ള വ്യക്തിയാണ് ഷെയ്ഹ. കൈകാലുകളുടെ ചലനശേഷിയെയോ ചലനാത്മകതയെയോ ബാധിക്കുന്ന ശാരീരികാവസ്ഥയാണിത്.
ഐ.എൻ.എൽ. ജില്ലാ ഭാരവാഹി കൂടിയായ പിതാവ് ഷർമദ് ഖാനെ കാണാൻ ഐ.എൻ.എൽ. നേതാവ് പ്രൊഫ. എ.പി. അബ്ദുൾ വഹാബ് വീട്ടിൽ വന്നുപോയപ്പോഴാണ് ഷെയ്ഹയുടെ ജീവിതത്തിലെ വഴിത്തിരിവ്. ഷെയ്ഹ അന്ന് എട്ടാം ക്ലാസിലായിരുന്നു. വഹാബ് മടങ്ങിയ ഉടൻ ബാപ്പ മകളോട് സ്നേഹത്തോടെ ചോദിച്ചു; ‘‘നിനക്കും ഇതുപോലെ ഒരു പ്രൊഫസറായിക്കൂടേ’’? ആ ചോദ്യം കുഞ്ഞു ഷെയ്ഹയുടെ ഉള്ളിൽ ഒരു വലിയ തീയായി പടർന്നു. അധ്യാപികയാവുക, പ്രൊഫസറാകുക എന്നതല്ലാതെ മറ്റൊന്നും പിന്നീട് ആ മനസ്സ് ആഗ്രഹിച്ചില്ല.
മൂന്നുതവണ പരാജയങ്ങളെ നേരിടേണ്ടിവന്നെങ്കിലും ഒട്ടും പിന്മാറാൻ ഷെയ്ഹ തയ്യാറായില്ല. വൈകല്യങ്ങളെ ഓർത്ത് വിഷമിക്കേണ്ടവരല്ല, അവയെ അതിജീവിച്ചു മുന്നേറേണ്ടവരാണ് എന്ന ദൃഢനിശ്ചയത്തോടെയാണ് അവൾ നാലാം തവണ ജെ.ആർ.എഫിനായി വീൽച്ചെയറിലിരുന്ന് പരീക്ഷയെഴുതിയത്.
കമ്പിളിപ്പറമ്പ് എ.എം.യു.പി. സ്കൂൾ, കിണാശ്ശേരി ജി.വി.എച്ച്.എസ്.എസ്., ചാലപ്പുറം ഗവ. ജി.ജി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലെ സ്കൂൾ പഠനത്തിനുശേഷം സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽനിന്നാണ് ഷെയ്ഹ ബി.എ.യും എം. എ.യും പൂർത്തിയാക്കിയത്. ഭർത്താവ് ആഷിഖും ഷെയ്ഹയുടെ സ്വപ്നത്തിന് കരുത്ത് പകർന്നു. പഠനത്തോടൊപ്പം ഭിന്നശേഷിക്കാരുടെ ക്യാമ്പുകളിൽ മോട്ടിവേഷൻ സ്പീക്കറായും ഷെയ്ഹ തിളങ്ങുന്നുണ്ട്.
നാഷണൽ ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റും ഒടുമ്പ്ര കള്ളിക്കുന്ന് മാണക്കഞ്ചേരി ഷർമദ് ഖാൻ-തസ്‌ലീമ ദമ്പതിമാരുടെ മകളാണ് ഷെയ്ഹ. ഷമ്മ, അലി സൽമാൻ എന്നിവരാണ് സഹോദരങ്ങൾ.
Content Highlights: Overcoming severe locomotor disability and initial setbacks, Sheyha Sharmad Khan fulfilled her father's dream by clearing the UGC NET JRF on her fourth attempt
Published: 12 Sept 2026, 09:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented